Jump to content

ദശരൂപകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കലയെ ദൃശ്യമെന്നും ശ്രാവ്യമെന്നും രണ്ടായി വ്യവഹരിക്കാറുണ്ട്. ഇതിൽ ദൃശ്യകാവ്യങ്ങളെ രൂപകങ്ങൾ എന്നാണ് പൊതുവിൽ വിളിച്ചുപോരുന്നത്. അതായത് രംഗപ്രയോഗാർഹമായ ഏത് കലാരൂപത്തെയും രൂപകം എന്നു പറയാം. രൂപകങ്ങൾ നാട്യരൂപത്തിലും നൃത്തരൂപത്തിലും ഉണ്ട്. രൂപകങ്ങൾ - നാടകം, സപ്രകരണം,ഭാണം, പ്രഹസനം, ഡിമ:, വ്യായോഗം, സമവകാരം,വീഥി, അങ്കം, ഇഹാമൃഗം.

വർഗ്ഗീകരണം

[തിരുത്തുക]

സാഹിത്യരൂപം പരിഗണിച്ച് രൂപകത്തെ പത്തായിത്തിരിച്ചിരിക്കുന്നു. പ്രധാന രൂപകങ്ങൾക്കുപുറമേ ഉപരൂപകങ്ങൾ എന്ന പേരിൽ സട്ടകം തുടങ്ങിയ അനേകം ദൃശ്യകാവ്യഭേദങ്ങളുമുണ്ട്. ഭരതമുനിയാണ് രൂപകങ്ങളെ പത്തായി വർഗ്ഗീകരിച്ചത്.

നാടകം, പ്രകരണം, ഭാണം, പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, വീഥി, അങ്കം, ഈഹാമൃഗം എന്നിവയാണ് പത്ത് രൂപകങ്ങൾ

ഇതിവൃത്തം, നായകൻ, നായിക, അംഗിയായ രസം, അങ്കങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളാണ് ഈ ഭേദവിവക്ഷയ്ക്കു മാനദണ്ഡം. ഇവയിൽ നാടകത്തിനും പ്രകരണത്തിനുമാണ്, കൂടുതൽ അങ്കങ്ങൾ ഉള്ളവയെന്ന നിലയിലും പ്രശസ്ത സാഹിത്യകൃതികളുടെ ഭേദമെന്ന നിലയിലും പ്രാധാന്യം ലഭിച്ചിട്ടുള്ളത്. പ്രഹസനം, ഭാണം തുടങ്ങിയ ഭേദങ്ങൾക്കും, പ്രമേയപരമായ പ്രത്യേകതമൂലം പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

നായകനായി ധീരോദാത്തനും പ്രഥിതവംശജനും പ്രതാപശാലിയുമായ രാജാവ്, പ്രഖ്യാതമായ ഇതിവൃത്തം എന്നിവ നാടകം എന്ന വിഭാഗത്തിനുണ്ടായിരിക്കും. സങ്കല്പിക്കാവുന്ന നല്ല ഗുണങ്ങളെല്ലാം നായകനിൽ സമ്മേളിച്ചിരിക്ക​ണം. ആദിമധ്യാന്തങ്ങളും അവയ്ക്കിടയിലുള്ള വിവിധ ഘട്ടങ്ങളെയും തമ്മിലിണക്കുന്ന മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവഹണം എന്നീ സന്ധികൾ (പഞ്ചസന്ധികൾ) സ്പഷ്ടമായിരിക്കും. ശൃംഗാരമോ വീരമോ ആണ് മുഖ്യ രസം. (അപവാദങ്ങൾ ഉണ്ട്. ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിഎന്ന നാടകത്തിൽ അത്ഭുതമാണ് അംഗിരസം നാടകത്തിനും പ്രകരണത്തിനും അഞ്ചുമുതൽ പത്തുവരെ അങ്കങ്ങളാകാം. മറ്റു രൂപകങ്ങൾക്കും ഉപരൂപകങ്ങൾക്കും സാധാരണയായി അഞ്ചിൽ താഴെ അങ്കങ്ങളാണുള്ളത്.

നാടകത്തിന്റെ ഘടനയെ ഗോപുച്ഛത്തോടു സാദൃശ്യപ്പെടുത്താറുണ്ട്.[1] പശുവിന്റെ വാലിലെ ചില രോമങ്ങൾ നീളം കൂടിയും ചിലവ നീളം കുറഞ്ഞുമിരിക്കുന്നതുപോലെ നാടകത്തിലെ ചിലസംഭവങ്ങൾ നാടകാന്ത്യം വരെ നീളുകയും ചിലവ നാടകത്തിന്റെ വിവധ ഘട്ടങ്ങളിൽ വച്ച് അവസാനിക്കുകയും ചെയ്യും.അവയെല്ലാം മുഖ്യ ഇതിവൃത്തത്തോട് ചേർന്നുനില്ക്കുന്നവയും അതിനെ പോഷിപ്പിക്കുന്നവയുമായിരിക്കും. ഉപകഥകൾ നേരത്തേ അവസാനിപ്പിച്ച് പ്രധാന കഥ നാടകാന്ത്യം വരെ എത്തിക്കുന്ന സ്വരൂപ ഘടനയാണ് ഈയൊരു സാദൃശ്യത്തിനു കാരണം.

നാടകവിഭാഗത്തിലെ പ്രശസ്ത കൃതിക്ക് ഉദാഹരണമാണ് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം.

പ്രകരണത്തിൽ ഇതിവൃത്തം കല്പിതവും നായകൻ ധീരശാന്തനുമാണ്. അമാത്യനോ വൈശ്യനോ ബ്രാഹ്മണനോ ആണ് നായകൻ. നായിക കുലീനയോ വേശ്യയോ ആകാം. അംഗിയായ രസം ശൃംഗാരമാണ്. നാടകത്തിനും പ്രകരണത്തിനും അഞ്ചുമുതൽ പത്തുവരെ അങ്കങ്ങളാകാം. മറ്റു രൂപകങ്ങൾക്കും ഉപരൂപകങ്ങൾക്കും സാധാരണയായി അഞ്ചിൽ താഴെ അങ്കങ്ങളാണുള്ളത്.

പ്രകരണത്തിൽ പ്രസിദ്ധമാണ് ശൂദ്രകന്റെ മൃച്ഛകടികം

പ്രഖ്യാതേതിവൃത്തം.ചിലപ്പോൾ അപ്രഖ്യാതവുമാകാം. മുഖ,നിർവഹണ സന്ധികൾ മാത്രമേ വേണ്ടൂ. കഥാപാത്രങ്ങൾ മനുഷ്യരാവണം.കരുണരസത്തിന് പ്രാധാന്യം. യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞവരും ആഞ്ഞു പ്രഹരിക്കുന്നവരും ഉണ്ടാവണം. സ്ത്രീകളുടെ കരച്ചിലും പറച്ചിലും ധാരാളമാവാം.

വ്യയോഗത്തിന്റെ ഇതിവൃത്തം പ്രഖ്യാതമായിരിക്കണം. കേന്ദ്രകഥാപാത്രമായ നായകൻ -- പ്രസിദ്ധൻ/രാജർഷി/രാജാവ് എന്നിവയിൽ ഏതെങ്കിലും ആയിരിക്കണം. സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യം ഇല്ല. സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണം പരിമിതം ആയിരിക്കും. രൗദ്രം , വീരം, അത്ഭുതം ഇവയിൽ ഏതെങ്കിലും അംഗിയായിരിക്കണം. സംഘട്ടനം ഉണ്ടായിരിക്കണം.അത് സ്ത്രീ നിമിത്തമാകരുത്. ഒരു അങ്കം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കഥ ഒരു ദിവസത്തിനുള്ളിൽ നടക്കുന്നതായിരിക്കണം. ലക്ഷണങ്ങൾ തികഞ്ഞവ്യായോഗമാണ് ഭാസന്റെ മധ്യമവ്യായോഗം

ചതുർബാണി - 4 ഏകാങ്കങ്ങൾ രാജാവിൻറെ ദൂതനായ ധൂർത്തവിടൻ അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം വേശ്യയുടെ അടുത്തേക്ക് പോകുമ്പോൾ ഉണ്ടാകുന്ന കാഴ്ചകളാണ് ഇതിൻറെ ഇതിവൃത്തം. അവർ തമ്മിലുള്ള സംഭാഷണം ഒരു കഥ രൂപയാണ് പറയുകയാണ് ഭാണത്തിൽ ചെയ്യുന്നത്. എഡി ഏഴാം നൂറ്റാണ്ട് ആണ് ഇതിൻറെ കാലഘട്ടം. ഒരംഗമാണ്. ഒരു കഥാപാത്രമുള്ള നാടക രൂപമാണ് ഭാണം. ലക്ഷണം: തൻറെ അനുഭവം പ്രകാശിപ്പിക്കുന്നതും അന്യനെ പറ്റിയുള്ള വർണ്ണനകളുൾക്കൊള്ളുന്നതും വിവിധ വിഷയങ്ങളെക്കുറിച്ച് അവലംഭിക്കുന്നതോ ആയതാണ് ഭാണം.

മൂന്നങ്കങ്ങളും ധാരാളം കഥാപാത്രങ്ങളുമുള്ള രൂപകമാണ് സമവകാരം എന്നു പറയപ്പെടുന്നു.[2] ഭരതമുനിയുടെ നാട്യശാസ്ത്രമനുസപ്രകാരം, ബ്രഹ്മദേവന്റെ നിർദ്ദേശപ്രകാരം, ആദ്യമായി അവതരിക്കപ്പെട്ട രൂപകം, 'സമുദ്രമഥനം' (പാലാഴി കടയൽ), ഒരു സമവകാരമായിരുന്നു.[3]

മത്തവിലാസപ്രഹസനം

== ഡിമം == അങ്കം നാല് (4). ഇതിവൃത്തം പ്രഖ്യാതം. മായ, ഇന്ദ്രജാലം, യുദ്ധം മുതലായവ ഉണ്ടായിരിക്കണം. അംഗിയായരസം - രൗദ്രം, അംഗങ്ങളായി ശൃഗാരഹാസ്യ

ഭാണം, വീഥി, അങ്കം (ഉത്സൃഷ്ടികാങ്കം) എന്നിവയ്ക്ക് ഒരു അങ്കമാണുള്ളത്. ഏകാങ്കനാടകം എന്ന് ഇവയെ വിശേഷിപ്പിക്കാം. ചുരുക്കമായി രണ്ട് അങ്കങ്ങളുള്ള ഉത്സൃഷ്ടികാങ്കവുമുണ്ട്. കരുണ രസപ്രധാനമാണ് ഉത്സൃഷ്ടികാങ്കം. ഭാസന്റെ ഊരുഭംഗം ഈ വിഭാഗത്തിൽ പ്പെടുന്നു. വീഥി,ഭാണം ഇവ ശൃംഗാര രസപ്രധാനമാണ്. വീഥിയിൽ ഒന്നോ രണ്ടോ കഥാപാത്രം മാത്രമുണ്ടാകും. ഒരു കഥാപാത്രം മാത്രമുള്ളതിനാൽ ഭാണത്തെ 'മോണോ ആക്റ്റ്' വിഭാഗമായി പരിഗണിക്കാം.

പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, ഈഹാമൃഗം എന്നിവയ്ക്ക് ഒന്നുമുതൽ നാലുവരെ അങ്കമാകാം. പ്രഹസനത്തിന് ഒരു അങ്കം മാത്രമാണ് എന്ന് ചില ആലങ്കാരികന്മാർ പ്രസ്താവിച്ചിട്ടുണ്ട്. കൂടിയാട്ടം, കൂത്ത് എന്നീ കലാരൂപങ്ങൾക്കു പ്രാമുഖ്യം ലഭിച്ച കേരളീയ ദൃശ്യവേദിയെ ഹാസ്യരസപ്രധാനമായ ഈ രൂപകം സ്വാധീനിച്ചിട്ടുണ്ട്.

ദേവൻ നായകനായുള്ളതും യുദ്ധവും മായാവിദ്യയും അവതരിപ്പിക്കുന്നതും ഡിമം, സമവകാരം എന്നിവയുടെ പ്രത്യേകതയാണ്. യക്ഷന്മാർ, രക്ഷസ്സ്കൾ, |അസുരന്മാർ എന്നിവരും പ്രധാനകഥാപാത്രങ്ങളാകാം. സമവകാരത്തിൽ യുദ്ധവും കലാപവും രംഗത്തവതരിപ്പിക്കുന്ന രീതി സാമാന്യമായ സംസ്കൃത നാടകസങ്കേതങ്ങൾക്കു വിരുദ്ധമാണ്. ഭാസന്റെ പഞ്ചരാത്രം സമവകാരത്തിന് ഉദാഹരണമാണ്.

ധീരോദാത്ത നായകനോടുകൂടിയതും നായികാപ്രധാനമല്ലാത്തതും യുദ്ധപ്രധാനവുമായ രൂപകഭേദമാണ് വ്യായോഗം. ഭാസന്റെ മധ്യമവ്യായോഗം ഈ വിഭാഗത്തിലെ പ്രസിദ്ധ കൃതിയാണ്. ഉത്തമഗുണയുക്തരല്ലാത്ത അനേകംപേർ അവർക്ക് അപ്രാപ്യയായ തരുണിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും അതിനുവേണ്ടി തമ്മിൽ യുദ്ധം ചെയ്യുകയും ചെയ്യുന്ന ഇതിവൃത്തം ഈഹാമൃഗത്തിലുണ്ടാകും.

ഉപരൂപകങ്ങളിൽ നാല് അങ്കങ്ങൾ വീതമുള്ള നാടിക, സട്ടകം എന്നിവയാണ് പ്രസിദ്ധം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദശരൂപകങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. സാഹിത്യ ദർപ്പണം - "ഗോപുച്ഛാഗ്രസമാഗ്രം തു ബന്ധനം തസ്യ കീർത്തിതം"
  2. Varadpande, Manohar Laxman (1987). History of Indian Theatre, Volume 1 (in ഇംഗ്ലീഷ്). Abhinav Publications. ISBN 9788170172215.
  3. Liu, Siyuan (2016). Routledge Handbook of Asian Theatre (in ഇംഗ്ലീഷ്). Routledge. ISBN 9781317278863.
"https://ml.wikipedia.org/w/index.php?title=ദശരൂപകങ്ങൾ&oldid=4119944" എന്ന താളിൽനിന്ന് ശേഖരിച്ചത്