ദധീചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ഥാനേശ്വരം ശിവക്ഷേത്രം

വിഷ്ണവിനെപ്പോലെ സ്വയം വിശ്വരൂപം കാണിച്ച അതുല്യ പ്രഭാവനായ ഒരു ശിവഭക്തനാണ് ദധീചി മഹർഷി.ഈ ദധീചിയുടെ അസ്ഥിയിൽ നിന്നുമാണ് ഇന്ദ്രന്റെ വജ്രായുധം നിർമ്മിച്ചിട്ടുള്ളത് . അസ്ഥിയെടുത്ത ശേഷം മരണമടഞ്ഞ ദധീചിയെ ശിവന്റെ നിർദ്ദേശമനുസരിച്ചു ശുക്രാചാര്യർ പുനർജ്ജീവിപ്പിച്ചു .[1] [2] [3]

ദധീചി-ക്ഷുപ യുദ്ധം[തിരുത്തുക]

ഒരിക്കൽ ദധീചീ ഋഷിയും , അദ്ദേഹത്തിൻറെ സുഹൃത്തായ ക്ഷുപ രാജാവും തമ്മിൽ ഒരു വാഗ്വാദമുണ്ടായി. ബ്രാഹ്മണനോ ക്ഷത്രിയനോ ശ്രേഷ്ഠൻ ? .ഇതായിരുന്നു തർക്കവിഷയം. ബ്രാഹ്മണനെന്നു ദധീചിയും, ക്ഷത്രിയനെന്നു ക്ഷുപനും വാദിച്ചു .കോപം പൂണ്ട ദധീചി , ക്ഷുപനെ ശിരസ്സിൽ പ്രഹരിക്കുന്നു .ക്ഷുപൻ ദധീചിയെ വജ്റം കൊണ്ട് താഡിച്ചു.ദധീചി ബോധരഹിതനായി .

ഈ ക്ഷുപൻ, മുൻപ് ബ്രഹ്മലോകത്തിൽ വസിച്ചിരുന്നു . ജനനത്തിനു മുൻപ് തന്നെ , ബ്രഹ്മത്വം നേടിയ അദ്ദേഹം തികഞ്ഞ വിഷ്ണുഭക്തനും, ഇന്ദ്രനിൽ നിന്നും വജ്റായുധം കൈവശപ്പെടുത്തിയ മഹാനും ആയിരുന്നു .ഇത്തരത്തിൽ ശ്രേഷ്ഠ്ടനായ ക്ഷുപനെ ബ്രഹ്മാവ്‌ പോലും ഭയന്നിരുന്നു .

ഇനി ദധീചിയുടെ കാര്യം നോക്കാം .ബോധരഹിതനായ ദധീചി , ബോധം തെളിഞ്ഞപ്പോൾ ശുക്റനെ ഭജിക്കുന്നു . ശുക്റൻ പ്രത്യക്ഷനായി ദധീചിയെ പൂർവ്വസ്ഥിതിയിലാക്കി , മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു . ഇത്തരത്തിൽ ദധീചി ശിവനെ തപം ചെയ്തു ചിരഞ്ജീവിയായും സിദ്ധനായും തീര്ന്നു .ക്ഷുപൻ വീണ്ടുമെത്തി ദധീചിയെ വജ്രം കൊണ്ട് പ്രഹരിച്ചുവെങ്കിലും , ദധീചിക്കു ഒന്നും സംഭവിച്ചില്ല . നിരാശനായ ക്ഷുപൻ വിഷ്ണുഭഗവാനെ ഭജിച്ചു .വിഷ്ണു അദ്ദേഹത്തിനു പ്രത്യക്ഷനായി .അദ്ദേഹം ഭഗവാനോട് ദധീചിയുടെ ധിക്കാരത്തെക്കുറിച്ച് പറഞ്ഞു .ദധീചിയെ ഒരു പാഠം പഠിപ്പിക്കണമെന്നും അറിയിച്ചു .തുടർന്ന് ; ശിവപ്രഭാവം തനിക്കറിയാമെന്നും ശിവഭക്തന്മാരെ എതിരിടുവാൻ പ്രപഞ്ചത്തിലാർക്കും കഴിയില്ലെന്നും വിഷ്ണു ഭഗവാൻ ക്ഷുപനു താക്കീതു നൽകി .ശിവാനുഗ്രഹം കൊണ്ടാണ് ശ്രീരാമാവതാരത്തിൽ തനിക്കു രാവണവധം സാധ്യമായത് . അതുപോലെ ശിവന്റെ അനുഗ്രഹവും മൗനമായ അനുവാദവും കൊണ്ടാണ് കൃഷ്ണാവതാരത്തിൽ തനിക്കു ബാണാസുരനെ വിജയിക്കുവാനും കഴിഞ്ഞത് . അതിനാൽ ശിവഭക്തന്മാരോടുള്ള കോപം ഒഴിവാക്കണമെന്നു വിഷ്ണു സ്വന്തം ഭക്തനായ ക്ഷുപനു താക്കീതു നൽകി .എന്നാൽ ക്ഷുപൻ തന്റെ വാശിയിൽ ഉറച്ചു നിന്നു .ഒടുവിൽ വിഷ്ണു സമ്മതിച്ചു .[1] [2]

ദധീചിയും വിഷ്ണുവും[തിരുത്തുക]

ക്ഷുപനു വേണ്ടി , വിഷ്ണു ഒരു ബ്രാഹ്മണ വേഷത്തിൽ ദധീചിയെ എതിരിടാനായി പോയി . ദധീചിയുടെ അടുത്തെത്തിയ വിഷ്ണു , ഇങ്ങനെ പറഞ്ഞു . " ഹേ ബ്രഹ്മര്ഷേ, അങ്ങ് വലിയ ശിവഭക്തനെന്നു അറിയാം .ഞാൻ അങ്ങയോടു വരം ചോദിച്ചു വന്നതാണ് .അങ്ങ് അത് തരാൻ യോഗ്യനാണ് . എനിക്ക് വരം തരിക ."

ദധീചി ബ്രാഹ്മണനോട് അറിയിച്ചു : " അങ്ങ് ആരാണെന്ന് ഞാൻ അറിയുന്നു . അങ്ങയെ എനിക്ക് ഭയമില്ല . ഇപ്പോൾ ബ്രാഹ്മണരൂപത്തിൽ അങ്ങിവിടെ വന്നിരിക്കുന്നു .ഈ രൂപം ത്വെജിക്കുക. ക്ഷുപന്റെ ഇഷ്ട്ടദേവനായ അങ്ങ് , ഭക്തവാത്സല്യം കൊണ്ടാണ് ഇങ്ങനെ വന്നിരിക്കുന്നത് . പിനാകപാണിയായ മഹാദേവന്റെ സത്യപ്രഭാവം നിമിത്തം ആരിൽ നിന്നും എനിക്ക് ഭയമുണ്ടാവുകയില്ല .ശിവഭക്തനായ ഞാൻ ആരെയും ഭയക്കുന്നില്ല ."

ഇതുകേട്ട് വിഷ്ണു കുപ്തനായി. ദധീചിയെ വധിക്കാനായി സുദർശനചക്രമെടുത്തു . ദധീചി അക്ഷോഭ്യനായിരുന്നു . ശിവനിൽ നിന്നും വിഷ്ണുവിന് ലഭിച്ചതാണ് സുദർശനം . അത് ശിവഭക്തന്മാരെ ഉപദ്രവിക്കുകയില്ലെന്നു ദധീചി പറഞ്ഞു .തുടർന്ന്, ദധീചിയുടെ ശിവഭക്തി പ്രഭാവത്താൽ സുദർശനചക്രത്തിന്റെ അഗ്രഭാഗം തുളഞ്ഞുപോയി .ഇതുകണ്ട് ഭഗവാൻ പലതരം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു .എന്നാൽ അവയെല്ലാം ദധീചി നിഷ്ഫലമാക്കി .ദേവന്മാരും വിഷ്ണുവിനെ സഹായിക്കാനെത്തി . എന്നാൽ ദധീചിയുടെ ശിവമന്ത്ര പ്രഭാവത്താൽ അവരെല്ലാം പേടിച്ചു പാലായനം ചെയ്തു .ഇത് കണ്ടു , മഹാവിഷ്ണു തന്റെ വിശ്വരൂപം ധരിച്ചു . അപ്പോൾ ലോകത്തുള്ള സര്വ്വതും വിഷ്ണുവിൽ പ്രകടമായി കണ്ടു . ഇത് കണ്ട ദധീചി , തന്റെ യോഗശക്തിയാൽ, വിഷ്ണുവിനും വിശ്വരൂപം കാണിച്ചു കൊടുത്തു . സകല സൃഷ്ട്ടികളും ദധീചിയുടെ ദേഹത്ത് പ്രകടമായി . വിഷ്ണു വീണ്ടും യുദ്ധത്തിനു തയ്യാറായെങ്കിലും , ബ്രഹ്മാവ്‌ പ്രത്യക്ഷനായി വിഷ്ണുവിനോട് ശിവമഹിമ അറിയിച്ചു . ഇത് കേട്ട് വിഷ്ണു, മഹേശ്വരനെ നമസ്കരിച്ചു അന്തര്ധാനം ചെയ്തു. ഇതുകണ്ട് അഹങ്കാരം തീര്ന്ന ക്ഷുപൻ, ദധീചിയെ വന്ദിച്ചു മാപ്പ് ചോദിച്ചു .ദധീചി ക്ഷുപനെ അനുഗ്രഹിച്ചു .

ഈ സംഭവം നടന്ന സ്ഥലം , സ്ഥാനേശ്വരം എന്ന് അറിയപ്പെടുന്നു . ഹര്യാനയിലെ താനേശ്വർ ആണ് സ്ഥാനേശ്വരം[1] [2] [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 [ശിവപുരാണം , രുദ്ര സംഹിത , സതീഖണ്ഡം , അദ്ധ്യായം 45 ,46]
  2. 2.0 2.1 2.2 [ലിംഗപുരാണം , പൂർവ്വഭാഗം , അദ്ധ്യായം 35 ,36]
  3. മഹാഭാരതം, ശല്യപർവ്വം, അദ്ധ്യായം 51
  4. ദധീചി-ക്ഷുപ-വിഷ്ണു യുദ്ധം
"https://ml.wikipedia.org/w/index.php?title=ദധീചി&oldid=4075135" എന്ന താളിൽനിന്ന് ശേഖരിച്ചത്