ദക്ഷിൺ സമാചാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദി വാരികയാണ് ദക്ഷിൺ സമാചാർ. ഹൈദരാബാദിൽ നിന്നു പ്രസിദ്ധപ്പെടുത്തുന്നു. ഇവിടെനിന്നു പ്രസിദ്ധീകരിച്ചിരുന്ന കല്പന എന്ന സാഹിത്യമാസികയിൽ പ്രവർത്തിച്ച മുനീന്ദ്രയാണ് ദക്ഷിൺ സമാചാറിന്റെ സ്ഥാപക പത്രാധിപർ. 1991-ൽ രജിസ്റ്റർ ചെയ്യപ്പെട്ടു. വാരികയായി രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും ഇതിന്റെ പ്രസിദ്ധീകരണം ദ്വൈവാരികയായിട്ടാണ് തുടങ്ങിയത്. ഇപ്പോൾ വാരികയാണ്. ഹിന്ദി - പ്രത്യേകിച്ച്, ദേവനാഗരിലിപിയിൽ എഴുതപ്പെടുന്ന ഹിന്ദി - ഉപയോഗിക്കാൻ ഭാരതീയരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം ദക്ഷിൺ സമാചാറിനുണ്ട്. ദക്ഷിണേന്ത്യയിലുള്ള ഹിന്ദിഎഴുത്തുകാരുടെ ഗ്രന്ഥങ്ങളെയും മാസികകളിൽ വരുന്ന ലേഖനങ്ങളെയും പറ്റിയുള്ള വിവരങ്ങൾ വായനക്കാരെ വാരിക പരിചയപ്പെടുത്തിവരുന്നു.

ഒരു നല്ല വർത്തമാനപത്രത്തിന്റെ ധർമം നിർവഹിക്കുന്ന ദക്ഷിൺ സമാചാറിൽ രാഷ്ട്രീയ സംഭവവികാസങ്ങൾ, ചലച്ചിത്രം, ക്രിക്കറ്റ് തുടങ്ങിയവയെല്ലാം ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇതിൽ സാഹിത്യസൃഷ്ടികളും കാണാം. യുവഎഴുത്തുകാർക്ക്, പ്രത്യേകിച്ച് ദക്ഷിണഭാരതത്തിലുള്ളവർക്ക് ഈ വാരിക പ്രോത്സാഹനം നല്കിവരുന്നു.

ആന്ധ്രപ്രദേശിന്റെ തലസ്ഥാനവും ചരിത്രപരമായി ദക്ഖിനീ ഹിന്ദി വികസിച്ച സ്ഥലവുമാണ് ഹൈദരാബാദ്. ദക്ഖിനീ ശൈലിയിലുള്ള ഹിന്ദി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇസ്ലാം മതവിഭാഗത്തിലുള്ള ജനങ്ങൾ ഹൈദരാബാദിൽ ധാരാളമുണ്ട്. ആര്യസമാജക്കാരും മാർവാഡികളും മറ്റുമായി ഹിന്ദി മാതൃഭാഷയായിട്ടുള്ളവരും ഇവിടെ കുറവല്ല. അങ്ങനെ ഹിന്ദിഭാഷയ്ക്കു കൂടി പ്രാധാന്യമുള്ള പ്രദേശമായി കരുതാവുന്ന ഹൈദരാബാദിൽനിന്നാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദക്ഷിൺ സമാചാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദക്ഷിൺ_സമാചാർ&oldid=1120896" എന്ന താളിൽനിന്ന് ശേഖരിച്ചത്