ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ആദ്യ പാരമ്പര്യ മുസ്ലിം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാഗമായി പ്രവർത്തിക്കുന്ന നാല് വിഭാഗങ്ങളിൽ ഒന്നാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. ദക്ഷിണ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനത്തിന് കീഴിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, കേരള മുസ്ലിം യുവജന ഫെഡറേഷൻ, ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ എന്നീ പോഷക സംഘടനകളും ഫത്വ കൗണ്സിൽ, മതവിദ്യാഭ്യാസ ബോർഡ്, ഉലമാ പബ്ലിക്കേഷൻസ്, ദക്ഷിണ കേരള മുഅല്ലിം ക്ഷേമനിധി, ദക്ഷിണ കേരള ഇസ്ലാം മത പരീക്ഷാ ബോർഡ്‌ എന്നീ സംവിധാനങ്ങളും പ്രവർത്തിക്കുന്നു. അന്നസീം ദൈവാരിക, അൽ ബുസ്താൻ മാസിക എന്നീ പ്രസിദ്ധീകരണങ്ങളും ജാമിഅ മന്നാനിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദക്ഷിണ കേരളത്തിൽ വിവിധയിടങ്ങളിലായി 1600ഓളം മദ്റസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

കോഴിക്കോട് രാജ്യം, തിരുവിതാംകൂർ രാജ്യം, കൊച്ചി രാജ്യം എന്നിങ്ങനെ പ്രധാന രാജ്യങ്ങൾ ഉൾക്കൊണ്ടിരുന്നതായിരുന്നു മധ്യകാല മലയാള നാട്. 1921 ഇൽ ബ്രിട്ടീഷ് മലബാർ ജില്ലയിൽ നടന്ന കലാപാനന്തരം മുസ്ലിം സമുദായത്തിൽ ജന്മം പൂണ്ട പരിഷ്ക്കരണ വാദികളെ നേരിടാൻ യാഥാസ്ഥിതിക പണ്ഡിതന്മാർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭ രൂപീകരിച്ചു.[1] മലബാറിൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയ്ക്ക് കൊച്ചി തിരുവിതാം കൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. സമസ്തയുടെ സ്ഥാപക നേതാക്കളിൽ പലരും മുൻപ് ഖിലാഫത്ത് സഭയുടെ പ്രവർത്തങ്ങളിൽ പങ്കാളികളായത് കാരണം ഈയിടങ്ങളിൽ പ്രവേശിക്കുമ്പോൾ അറസ്റ്റും കരുതൽ തടങ്കും യാത്രാവിലക്കും അനുഭവിക്കേണ്ടിയും വന്നിരുന്നു.

സമസ്തയുടെ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ നിവേദനം നൽകിയ തിരു കൊച്ചി ഭാഗത്തുള്ള യാഥാസ്ഥിതിക പണ്ഡിതരോട് തെക്കൻ പ്രദേശങ്ങളിൽ പ്രവർത്തിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ ചൂണ്ടി കാട്ടി സ്വതന്ത്രമായി പ്രവർത്തിക്കാൻ സമസ്തയുടെ പണ്ഡിത സഭ നിർദ്ദേശിച്ചു. 1955 ജൂൺ 26 ന് ഖുതുബി മുഹമ്മദ് മുസ്ലിയാർ, പറവണ്ണ മുഹ്യുദ്ദീൻ കുട്ടി മുസ്ലിയാർ എന്നീ സമസ്ത ജംഇയ്യത്തുൽ ഉലമ നേതാക്കളുടെ കാർമികതത്വത്തിൽ കൊച്ചി തിരുവിതാംകൂർ ഭാഗത്തുള്ള പാരമ്പര്യ മുസ്ലിം പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി തിരുകൊച്ചി ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ സംഘടന രൂപീകരിക്കപ്പെട്ടു.[2] കൊച്ചി തിരുവിതാംകൂർ മലബാർ എന്നീ മലയാള രാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും 1956 നവംബർ ഒന്നിന് മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒരുമിച്ചു കൂട്ടി കേരള സംസ്ഥാനം രൂപീകരിക്കിക്കുകയും ചെയ്തതിനെ തുടർന്ന് തിരു കൊച്ചി ജംഇയ്യത്തുൽ ഉലമയുടെ പേർ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്നാക്കി മാറ്റി. എം ശിഹാബുദ്ദീൻ മൗലവി, കായംകുളം യൂനുസ് മുസ്ലിയാർ, ഉമർ കുട്ടി മൗലവി എന്നിവരാണ് സ്ഥാപകകാല നേതാക്കൾ ചേലകുളം മുഹമ്മദ് അൽ ബുഷ്റ മൗലവി, അൽ ഉസ്താദ് വി. എം. മൂസാ മൗലവി, കടയ്ക്കല് അബ്ദുൽ അസീസ് മൗലവി എന്നിവരാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.

അവലംബങ്ങൾ[തിരുത്തുക]

  1. സമസ്തയും മാപ്പിളസ്വത്വവും/ കാസിം ഇരിക്കൂര് / മാധ്യമം ദിന പത്രം / 07/02/2016 /
  2. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കടന്നുവന്ന വഴികളും കർമ്മമേഖലകളും സദ്റുദ്ദീൻ വാഴക്കാട് 2013 ഫെബ്രുവരി പ്രബോധനം വാരിക