ദക്ഷിണ
പുണ്യകർമങ്ങൾക്കു മുമ്പോ ശേഷമോ കാർമ്മികത്വം വഹിക്കുന്ന വ്യക്തിക്കു നല്കുന്ന ഔപചാരിക പ്രതിഫലമാണ് ദക്ഷിണ. വൈദിക-താന്ത്രിക-മാന്ത്രിക കർമങ്ങൾ, ബ്രാഹ്മണരുടെ ഷോഡശക്രിയകൾ തുടങ്ങിയവയ്ക്കാണ് സാധാരണയായി ദക്ഷിണ നല്കപ്പെടുന്നത്.
വെറ്റില, പാക്ക്, പണം എന്നിവയാണ് ദക്ഷിണയ്ക്ക് പതിവ്. ഇവ വെള്ളം, ചന്ദനം, പൂവ് എന്നിവയോടൊപ്പം വലതുകൈയിൽ എടുത്ത് 'ഓം തത്സത്' എന്ന മന്ത്രം ചൊല്ലിയാണ് നല്കേണ്ടത്. ശ്രാദ്ധം പോലെയുള്ള ചടങ്ങുകളിൽ വസ്ത്രം (വസ്ത്രം ഇരട്ടയായിരിക്കും), നാളികേരം തുടങ്ങിയവയും ദക്ഷിണയായി നല്കാറുണ്ട്.
ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാഭ്യാസം പൂർത്തിയായതിനുശേഷം ഗുരുദക്ഷിണ നല്കുന്ന പതിവ് നിലനിന്നിരുന്നു. പണം, ഭൂമി, ധാന്യം, വസ്ത്രം, ഗോക്കൾ തുടങ്ങി ഗുരു എന്ത് ഇച്ഛിക്കുന്നുവോ അത് ശിഷ്യൻ എത്തിച്ചുകൊടുക്കണമെന്ന് ഭവിഷ്യത് പുരാണത്തിൽ പറയുന്നു. ഗുരുക്കന്മാർ ആവശ്യപ്പെട്ട ദക്ഷിണ നല്കുന്നതിനായി ശിഷ്യന്മാർ അനുഭവിച്ച ക്ലേശങ്ങളെയും അനുഷ്ഠിച്ച ത്യാഗങ്ങളെയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ നിരവധിയുണ്ട്.
സ്വീകർത്താവ് ബ്രഹ്മണനാണെങ്കിൽ ആവണപ്പലകയിലിരുന്നാണ് ദക്ഷിണ സ്വീകരിക്കുക. ദക്ഷിണ മുമ്പിൽ നിലത്തുവച്ചുകൊടുക്കുകയോ കൈയിൽ ഇട്ടുകൊടുക്കുകയും ചെയ്യും. ദക്ഷിണ നല്കുന്നയാളെ അക്ഷതം തൂകി അനുഗ്രഹിക്കുകയും ചെയ്യണം. അനുഗ്രഹിക്കുന്നത് ബ്രാഹ്മണനാണെങ്കിൽ ഇടതുകൈപ്പത്തിക്കു മുകളിൽ വലതുകൈപ്പത്തി വരുന്ന മട്ടിലാണ് കൈവയ്ക്കേണ്ടത്. ഇടതുകൈപ്പത്തി അഗ്നി, വലതുകൈപ്പത്തി അമൃത് എന്നാണ് സങ്കല്പം.പാപങ്ങൾ അഹ്നിയിൽ എരിച്ച് അമൃതു നല്കുന്നു എന്ന് സങ്കല്പം.[1]
വിഷ്ണുപുരാണത്തിലും ദേവീഭാഗവതത്തിലും 'ദക്ഷിണ' എന്നു പേരുള്ള ദേവിയെക്കുറിച്ച് പരാമർശമുണ്ട്. രുചിപ്രജാപതിക്ക് ആകൂതി എന്ന ഭാര്യയിൽ ജനിച്ച പുത്രിയാണ് ദക്ഷിണ. ദക്ഷിണാദേവിയും ഭർത്താവായ യജ്ഞപുരുഷനും പുത്രനായ ഫലദനുമാണ് കർമഫലങ്ങൾ വിതരണം ചെയ്യുന്നത് എന്നാണ് വിശ്വാസം. യജ്ഞാവസാനം നടത്തുന്ന ദാനത്തിനും ദക്ഷിണ എന്നു പേരുണ്ട്. നായികമാരിൽ ഒരു വിഭാഗവും ദക്ഷിണ എന്ന് വ്യവഹരിക്കപ്പെടുന്നു. ദക്ഷിണദിക്ക് എന്നു വിശേഷിപ്പിക്കുമ്പോൾ തെക്ക് എന്ന അർഥവും ദക്ഷിണയ്ക്കുണ്ട്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദക്ഷിണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- ↑ എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 1 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 766. ISBN 9788176385985.