Jump to content

ഥേരീഗാഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

പാലി ഭാഷയിലുള്ള ഗാഥാസമാഹാരമാണ് ഥേരീഗാഥ. ബി.സി. അഞ്ചും ഒന്നും ശതകത്തിനിടക്കാണ് ഈ ഗാഥകൾ രചിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധഭിക്ഷുണികൾ ആത്മാംശപ്രധാനമായി എഴുതിയ ഭാവഗീതമാണ് ഓരോ ഗാഥയും. 73 ബുദ്ധഭിക്ഷുണികളുടേതായി 73 ഭാഗങ്ങളിൽ 522 ഗാഥകൾ ഇതിൽ ഉൾ ക്കൊള്ളിച്ചിരിക്കുന്നു. 73 ഭാഗങ്ങളിൽത്തന്നെ മറ്റു ബുദ്ധഭിക്ഷുണികളുടേതായി പരാമർശമുള്ള ഗാഥകൾ പ്രത്യേകം കണക്കാക്കിയാൽ നൂറോളം ഭാഗങ്ങളായി ഗ്രന്ഥത്തെ തിരിക്കാം.

ഗൗതമബുദ്ധന്റെ പിതാവായ ശുദ്ധോദന മഹാരാജാവിന്റെ നിര്യാണത്തോടെ രാജ്ഞി ബുദ്ധധർമം സ്വീകരിച്ചു. രാജ്ഞിയോടൊപ്പം അഞ്ഞൂറിൽപ്പരം സ്ത്രീകളും ബുദ്ധധർമം സ്വീകരിച്ച് ഭിക്ഷുണികളായി. അല്പകാലത്തിനകം രണ്ടാമതൊരു സംഘം സ്ത്രീകളും ബുദ്ധധർമം സ്വീകരിച്ചു. ഗൗതമബുദ്ധന്റെ ശിഷ്യരായി പരിവ്രാജികമാരായ ഇവരിൽ പലരും രചിച്ച ഗാഥകളും ഈ കൃതിയിൽ ഉൾപ്പെടുന്നതായി പ്രസ്താവമുണ്ട്.

തിപിടകത്തിന്റെ മൂന്ന് ഭാഗങ്ങളിലൊന്നായ സുത്തപിടകത്തിന് അഞ്ച് ഭാഗങ്ങളാണുള്ളത്. അതിലൊന്നാണ് ഖുദ്ദകനികായം. ഈ ഭാഗത്തിൽപ്പെടുന്ന 15 ഗ്രന്ഥങ്ങളിലൊന്നാണ് ഥേരീഗാഥ. മറ്റൊരു ഗ്രന്ഥമാണ് ഥേരഗാഥ. ഥേരൻ എന്ന വാക്കിന് പരിവ്രാജകൻ എന്നും ഥേരി എന്ന പദത്തിന് പരിവ്രാജിക എന്നുമാണ് അർഥം. ഇവരുടെ കവിതകളാണ് യഥാക്രമം ഥേരഗാഥയിലും ഥേരീഗാഥയിലും സമാഹരിച്ചിരിക്കുന്നത്. ബുദ്ധധർമം സ്വീകരിച്ച് പരിവ്രാജകരായശേഷം ഇവർക്കനുഭവപ്പെടുന്ന ശാന്തിയും സന്തോഷവും അതിനുമുമ്പ് അനുഭവിച്ച ജീവിതക്ലേശവും ഭോഗലാലസതയും ഇതിൽ ഇവർതന്നെ രേഖപ്പെടുത്തുന്നത് ഈ കൃതികളെ ആത്മാവിഷ്കാരപ്രധാനമായ ഭാവഗാനങ്ങളാക്കിത്തീർക്കുന്നു. ഥേരഗാഥയിൽ പ്രകൃതിവർണനയ്ക്ക് പ്രാധാന്യം നല്കിയിട്ടുണ്ട്. ഥേരീഗാഥയിൽ മനസ്സിന്റെ വിവിധ ഭാവങ്ങളെ-ഭിക്ഷുണികളാകുന്നതിനു മുമ്പും അതിനുശേഷവുമുള്ള മാറ്റത്തെ-ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.

ഥേരീഗാഥയ്ക്ക് 5-ാം ശതകത്തിൽ ധർമപാലൻ രചിച്ച ടീകയിൽ ഓരോ ഖണ്ഡത്തിന്റെയും രചയിതാക്കളായ ഥേരിമാരുടെ പൂർവാശ്രമത്തിലെ (ബൗദ്ധധർമം സ്വീകരിക്കുന്നതിനു മുമ്പുള്ള ജീവിതകാലം) ജീവിതത്തിന്റെ ചിത്രീകരണവും ഇവരുടെ മാനസികപരിവർത്തനവും വിശദമായി പ്രതിപാദിക്കുന്നുണ്ട്. വ്യത്യസ്ത ജീവിതക്രമത്തിൽനിന്നു വന്ന ഥേരിമാർ ഗാഥകളിൽ അവരുടെ മുൻജീവിതചര്യയുടെ വിശദീകരണവും അന്നത്തെ സാമൂഹിക, കുടുംബ ബന്ധങ്ങളുടെ വിവരണവും നല്കുന്നു. വർണവ്യവസ്ഥയുടെ സ്ഥിതിയും രാജ്ഞി, രാജകുമാരി, പണ്ഡിതയായ ബ്രാഹ്മണസ്ത്രീ, ദാസി, നർത്തകി, വേടസ്ത്രീ, വേശ്യാസ്ത്രീ തുടങ്ങി സമൂഹത്തിലെ മിക്ക തലങ്ങളിലുമുള്ള സ്ത്രീകളുടെ ചിത്രീകരണവും ഗാഥകളിലുണ്ട്. ഇവർ ബുദ്ധധർമത്തിലേക്ക് ആകൃഷ്ടരാകുന്നതിന്റെ കാരണവും സന്ദർഭവും വിശദീകരിക്കുന്നു. ബൗദ്ധധർമത്തിന്റെ തത്ത്വചിന്താപരമായ ഉത്തുംഗത ചിലരെ ഇതിലേക്ക് ആകർഷിക്കുമ്പോൾ കഷ്ടപ്പാടും സാമൂഹികമായ ഒറ്റപ്പെടലുമാണ് മറ്റു ചിലരെ ഇതിലേക്കടുപ്പിക്കുന്നത്. ധർമപാലന്റെ പരമത്ഥദീപനി എന്ന വ്യാഖ്യാനത്തിൽ ഓരോ ഥേരിയുടെയും കഥ പ്രത്യേകം വിശദീകരിക്കുന്നുണ്ട്. ഉദാഹരണമായി മുക്ത, പൂർണ തുടങ്ങിയ ഥേരികൾ ജ്ഞാനസമ്പാദനമെന്ന ലക്ഷ്യത്തോടെയാണ് പരിവ്രാജികമാരായത്. വീട്ടിലെ പ്രശ്നങ്ങളാണ് ഗുപ്ത, ശുഭ തുടങ്ങിയവരെ ബുദ്ധധർമ സ്വീകരണത്തിനു പ്രേരിപ്പിച്ചത്. ഭർതൃവിരഹം മൂലമാണ് ധമ്മഭിന്ന ഭിക്ഷുണിയായത്. ബുദ്ധഭക്തിയാണ് ധമ്മ, മൈത്രക, ദന്തിക തുടങ്ങിയവരുടെ പ്രേരകശക്തി. പ്രിയജനവിരഹംമൂലം ധർമസ്വീകരണം നേടിയവരാണ് ശ്യാമ, ഉർവരി, ചന്ദ തുടങ്ങിയവർ. അംബാലി പൂർവജീവിതത്തിൽ വേശ്യാവൃത്തി സ്വീകരിക്കേണ്ടിവന്നവളാണ്. ആ പശ്ചാത്താപമാണ് ബുദ്ധഭിക്ഷുണിയാകാൻ പ്രേരണ നല്കിയത്. ഇവരെല്ലാംതന്നെ ഈ ധർമസ്വീകരണത്തോടെ ശാന്തിയും സന്തോഷവും നേടുന്നതായി വെളിപ്പെടുത്തുന്നു. പൂർവജീവിതത്തിലനുഭവപ്പെടുന്ന ക്ലേശങ്ങളും ഭിക്ഷുണീചര്യയിൽ ലഭിക്കുന്ന ആനന്ദവും ഇവർ സ്വയം ചിത്രീകരിക്കുമ്പോൾ ജീവിതാനുഭവത്തിന്റെ പിൻബലം ഈ ഗാഥകളിലെ ഭാവഗാനാത്മകതയ്ക്കു മാറ്റുകൂട്ടുന്നു.

'നിദാനം' എന്ന ബുദ്ധധർമതത്ത്വത്തിന് ഥേരീഗാഥയിൽ സവിശേഷ പ്രാധാന്യം നല്കിക്കാണുന്നു. ആഗ്രഹങ്ങളിൽനിന്ന് വിമുക്തി നേടുക എന്ന ഏറ്റവും പ്രധാന ബുദ്ധതത്ത്വത്തിനു സമാനമായ തത്ത്വമാണിത്. ഈ തത്ത്വം ഗ്രഹിക്കുമ്പോൾ മാത്രമേ ലൗകിക ക്ലേശങ്ങളിൽനിന്ന് മുക്തി ലഭിക്കുകയുള്ളൂ. ഭാവഗീതി എന്ന സ്ഥാനമുള്ളപ്പോൾത്തന്നെ ഥേരീഗാഥ ധർമപ്രബോധന ഗ്രന്ഥം കൂടിയായി കണക്കാക്കുന്നത് ബുദ്ധധർമതത്ത്വങ്ങളുടെ സരളമായ പര്യാലോചനകൂടി ഇത് ഉൾ ക്കൊള്ളുന്നതിനാലാണ്. ഥേരവാദം എന്ന ബുദ്ധധർമ വിഭാഗത്തിന്റെ വ്യാഖ്യാനമായ അർഥകഥാ വിഭാഗത്തിലെ ഗ്രന്ഥങ്ങളായും ഥേരഗാഥയേയും ഥേരീഗാഥയേയും കണക്കാക്കാറുണ്ട്.

ഭാരതീയ സാഹിത്യത്തെ വിശകലനാത്മകമായി പഠിച്ച് ഇന്ത്യൻ ലിറ്ററേച്ചർ എന്ന ഗ്രന്ഥം രചിച്ചിട്ടുള്ള വിന്റർനിറ്റ്സ് ഋഗ്വേദസൂക്തങ്ങളിലെയും കാളിദാസന്റെയും അമരുകന്റെയും കാവ്യങ്ങളിലെയും കാവ്യചാരുതയ്ക്കു സമാനമാണ് ഥേരീഗാഥയിലെ ഭാവഗീതങ്ങൾ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബിജോയ് ചന്ദ്ര മജൂംദാർ ഥേരീഗാഥയ്ക്ക് ബംഗാളിഭാഷയിൽ പരിഭാഷ രചിച്ചിട്ടുണ്ട്. കെ.ഇ. ന്യൂമാൻ ജർമൻഭാഷയിലേക്ക് ഥേരീഗാഥ വിവർത്തനം ചെയ്തു. ശ്രീമതി റൈസ് ഡേവിഡ്സ് ഇംഗ്ലീഷിൽ സാംസ് ഒഫ് ദ് സിസ്റ്റേഴ്സ് എന്ന പേരിൽ രചിച്ച വിവർത്തനം ശ്രദ്ധേയമാണ്. ക്രിസ്തുധർമ പ്രവർത്തകരായ കന്യാസ്ത്രീകളുടെ ചിന്താധാരയുമായി ഥേരീഗാഥയുടെ രചയിതാക്കളായ ഭിക്ഷുണികളുടെ ഗാഥയെ തുലനം ചെയ്യുന്നതിന് ഈ പരിഭാഷ പ്രേരകമാകുന്നു. ബുദ്ധധർമഗ്രന്ഥങ്ങളിലൊന്നായ സംയുത്തനികായത്തിലെ ഭിക്ഖുനീസംയുത്ത എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവും ചിത്രീകരണവും ഥേരീഗാഥയിലേതിനു സമാനമാണ്. ക്രിസ്ത്വബ്ദാരംഭത്തിനുമുമ്പ് ഭാരതത്തിൽ നിലവിലിരുന്ന സാമൂഹികക്രമത്തെ മനസ്സിലാക്കുന്നതിന് ഥേരീഗാഥയിലെ ചിത്രീകരണങ്ങൾ സഹായകമാണ്. പ്രാചീന സാഹിത്യകൃതികൾ അധികവും രാജാവിനെയും ഭരണകർത്താക്കളെയും കഥാപാത്രങ്ങളാക്കിയിരുന്നതിനാൽ അതിൽനിന്നു വ്യത്യസ്തമായി സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള വ്യക്തികളുടെ-പ്രത്യേകിച്ചും സ്ത്രീകളുടെ-ദൈനംദിന ജീവിതപ്രശ്നങ്ങളും ക്ലേശങ്ങളും ചിത്രീകരിച്ചിട്ടുള്ള കൃതി എന്ന പ്രത്യേകത ഥേരീഗാഥയ്ക്കുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഥേരീഗാഥ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഥേരീഗാഥ&oldid=1929705" എന്ന താളിൽനിന്ന് ശേഖരിച്ചത്