തോമസ് പൂതത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സീറോ മലബാർ കത്തോലിക്കാ സഭയിലെ ക്നാനായ കാത്തോലിക്ക വിഭാഗത്തിൽ പെട്ട ഒരു പുരോഹിതനാണ് തോമസ് പൂതത്തിൽ. സെന്റ് തോമസ് അസൈലം, സെന്റ് ജോസഫ്സ് കന്യകാസമൂഹം തുടങ്ങിയ സംഘടനകളുടെ സ്ഥാപകനും നല്ലൊരു വാഗ്മിയുമായിരുന്നു ഇദ്ദേഹം. ദൈവദാസൻ എന്ന ബഹുമതി പിന്നീട് നൽകപ്പെട്ട ഇദ്ദേഹം തൊമ്മിയച്ചൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ നീണ്ടൂരിലെ തച്ചേട്ട് കുടുംബത്തിൽ ഇട്ടിക്കുഞ്ഞിന്റേയും നൈത്തിയുടേയും രണ്ടാമത്തെ പുത്രനായി 1871 ഒക്ടോബർ 24 നു ജനിച്ചു. ആശാൻ കളരിയിൽ വെച്ച് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി തുടർന്ന് തൃശ്ശിനാപ്പള്ളിയിൽ ഈസോ സഭാവൈദികർ അക്കാലത്ത് നടത്തി വന്നിരുന്ന സ്കൂളിൽ നിന്നും തുടർന്നുള്ള വിദ്യാഭ്യാസം നിർവ്വഹിച്ചു. 1887 സെപ്റ്റബർ 21 നു തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഇദ്ദേഹം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1897 ഡിസംബർ 28 ന് ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കയുമായിരുന്ന മാക്കിൽ മാർ മത്തായി മെത്രാനിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1898 -ഇൽ അദ്ദേഹം താൻ പഠിച്ച സെമിനാരിയിൽ തന്നെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു, തുടർന്ന് 1900 ഇൽ ആണദ്ദേഹം ഇടവക ഭരണത്തിലേക്ക് കടക്കുന്നത്. 1925 മെയ് 3 നു സെന്റ് തോമസ് അസൈലവും 1928 ജൂലൈ 3 നു സെന്റ് ജോസഫ്സ് കന്യകാസമൂഹവും സ്ഥാപിച്ചു. 1938 ഇൽ കുറുമുള്ളൂർ പള്ളിയിൽ വെച്ചായിരുന്നു ഇദ്ദേഹം ഇടവക ഭരണത്തിൽ നിന്നും വിരമിക്കുന്നത്. കൈപ്പുഴ പള്ളിമേടയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു തൊമ്മിച്ചൻ 1943 ഡിസംബർ 4 ആം തീയതി വാർദ്ധക്യ സഹജമായി രോഗത്താൽ മരിച്ചു. സെന്റ് ജോസഫ് കന്യകാസമൂഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് 2009 ജനിവരി 26 ന് കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത തൊമ്മിയച്ചനെ ദൈവദാസൻ എന്ന ബഹുമതി നൽകി ആദരിച്ചു.

സെന്റ് തോമസ് അസൈലം[തിരുത്തുക]

അംഗവൈകല്യം ഉള്ളവരെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തൊമ്മിയച്ചൻ തുടങ്ങിയ ജീവകാരുണ്യസ്ഥാപനമാണ് സെന്റ് തോമസ് അസൈലം. 1925 മെയ് 3 -ന് ആയിരുന്നു ഇതിന്റെ സ്ഥാപനം. അസൈലം എന്ന ലത്തീൻ വാക്കിന്റെ അർത്ഥം "അവശരുടെ ഭവനം" എന്നാണ്.

സെന്റ് ജോസഫ്സ് കന്യകാസമൂഹം[തിരുത്തുക]

സെന്റ് തോമസ് അസൈലത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിനും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി രൂപീകരിച്ച സന്ന്യാസിനി സമൂഹമാണ് സെന്റ് ജോസഫ്സ് കന്യകാസമൂഹം. ലോകത്തിന്റെ പല ഭാഗത്തായി ഇവർ സേവനമനുഷ്ഠിച്ചു വരുന്നു.

അവലംബം[തിരുത്തുക]

  1. ഔദ്യോഗിക വെബ്സൈറ്റ് Archived 2016-03-05 at the Wayback Machine.
  2. സെന്റ് ജോസഫ്സ് കന്യകാസമൂഹന്റെ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=തോമസ്_പൂതത്തിൽ&oldid=3832776" എന്ന താളിൽനിന്ന് ശേഖരിച്ചത്