തോമസ് ഡാവെൻപോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്നു തോമസ് ഡാവെൻപോർട്ട്. വൈദ്യുത മോട്ടോർ ആദ്യമായി നിർമിച്ചതും ലാഭകരമായി വിപണനം ചെയ്തതും ഇദ്ദേഹമാണ്. 1802 ജൂലൈ 9-ന് യു.എസ്സിൽ വെർമോണ്ടിലെ വില്യംസ്ടൗണിൽ ജനിച്ചു. ലോഹപ്പണിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് വിദ്യുത്കാന്തത്തിന്റെ പ്രവർത്തനം സംബന്ധിച്ച പരീക്ഷണങ്ങൾ ആരംഭിച്ചത് (1830). 1834-ൽ ബാറ്ററി കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന പ്രഥമ വൈദ്യുത മോട്ടോറിന് രൂപം നല്കി.

ഇതിന്റെ ചക്രത്തിലെ ഒരു ജോടി സ്പോക്കുകൾ വിദ്യുത്കാന്തങ്ങളായിരുന്നു. സ്ഥിരമായി ഉറപ്പിച്ച മറ്റു രണ്ട് വിദ്യുത്കാന്തങ്ങൾ ക്കിടയിലായാണ് ഇവ വിന്യസിക്കപ്പെട്ടിരുന്നത്. ചക്രത്തിലെ കാന്തങ്ങൾ ഒരു കമ്യൂട്ടേറ്റർ സ്വിച്ചുമായി ബന്ധിപ്പിച്ചിരുന്നതിനാൽ വൈദ്യുത ധാര പ്രവഹിക്കുമ്പോൾ ചക്രം ദ്രുത വേഗതയിൽ ഭ്രമണം ചെയ്യുമായിരുന്നു.

വൈദ്യുത മോട്ടോറുപയോഗിച്ച് വൃത്താകാര പഥത്തിലൂടെ സഞ്ചരിക്കാവുന്ന ഒരു ചെറിയ കാർ ഇദ്ദേഹം നിർമിച്ചു. ഇതിനെ ലോകത്തിലെ ആദ്യത്തെ വൈദ്യുത തീവണ്ടിയായി കരുതാം. കാന്തിക ശക്തി, വിദ്യുത്കാന്തികത എന്നിവ ഉപയോഗിച്ച് യന്ത്രഭാഗങ്ങളെ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള ബൗദ്ധികാവകാശം 1837-ൽ ഇദ്ദേഹം നേടിയെടുത്തു. വിദ്യുത്കാന്തികത, ബലതന്ത്രം എന്നീ വിജ്ഞാനശാഖകൾക്കു മുൻതൂക്കം നല്കി ഇദ്ദേഹം പ്രസാധനം ചെയ്ത ജേർണൽ സാമ്പത്തിക പരാധീനത മൂലം ഏറെക്കാലം നിലനിന്നില്ല. ഡെവെൻപോർട് 1851 ജൂലൈ 6-ന് വെർമോണ്ടിലെ സാലിസ്ബെറിയിൽ നിര്യാതനായി.

"https://ml.wikipedia.org/w/index.php?title=തോമസ്_ഡാവെൻപോർട്ട്&oldid=2189788" എന്ന താളിൽനിന്ന് ശേഖരിച്ചത്