തോമസ് ജോൺ ഡിബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാനരചയിതാവമായിരുന്നു തോമസ് ജോൺ ഡിബിൻ. 1771 മാർച്ച് 21-ന് ലണ്ടനിൽ ജനിച്ചു. ചെറുപ്പകാലത്ത് ഗൃഹോപകരണങ്ങൾ അലങ്കരിക്കുന്നതിലാണ് പരിശീലനം നേടിയതെങ്കിലും അതുപേക്ഷിച്ച് ഒരു നാടകസംഘത്തിൽ ചേർന്നു. 1795-ൽ ലണ്ടനിലെ സാഡ്‌ലേഴ്സ് വെൽസ് തിയെറ്ററിൽ സ്റ്റേജ് മാനേജരായും പിന്നീട് ഡ്രൂറിലെയ് ൻ തിയെറ്ററിൽ പ്രോമോട്ടറായും സേവനമനുഷ്ഠിച്ചു. 1816-ൽ സറേ തിയെറ്റർ ഏറ്റെടത്തുവെങ്കിലും ആ രംഗത്ത് വിജയിക്കുവാൻ കഴിഞ്ഞില്ല.

രചനകൾ[തിരുത്തുക]

ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകൾ ഡിബ്ഡിന്റേതായുണ്ട്. ഈ രചനകളാണ് ഇദ്ദേഹത്തിന് വളരെയധികം പ്രശസ്തിനേടിക്കൊടുത്തത്. മദർ ഗൂസ് എന്ന പേരിൽ രചിച്ച ആംഗ്യനാടകം വമ്പിച്ച സാമ്പത്തിക വിജയം നേടി. കോമാളിയായി രംഗത്തുവന്ന ഗ്രീമാൾഡി നാടക വിജയത്തിന് ഏറെ സഹായിച്ചു. റോയൽ അംഫി തിയെറ്ററിൽ 1812-ൽ അവതരിപ്പിച്ച ദ് ഹൈമെറ്റിൽഡ് റേസർ എന്ന ആംഗ്യനാടകവും വമ്പിച്ച വിജയം കരസ്ഥമാക്കി. ഇരുനൂറോളം നാടകങ്ങളും ഓപ്പറകളും രചിച്ച ഡിബ്ഡിൻ അനേകം ഗാനസമാഹാരങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ദി ഓക്ക് ടേബിൾ, ദ് സ്നഗ് ലിറ്റിൽ ഐലന്റ് എന്നീ ഗാനങ്ങൾ വളരെ പ്രചാരം നേടിയവയാണ്. 1841 സെപ്റ്റംബർ 16-ന് ലണ്ടനിൽ ഡിബ്ഡിനിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിബ്ഡിൻ, തോമസ് ജോൺ(1771 - 1841) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തോമസ്_ജോൺ_ഡിബിൻ&oldid=3634281" എന്ന താളിൽനിന്ന് ശേഖരിച്ചത്