ഉള്ളടക്കത്തിലേക്ക് പോവുക

തൊമസ് എലോയ് മാർത്തിനെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊമസ് എലോയ് മാർത്തിനെസ്

അർജന്റീനിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു തൊമസ് എലോയ് മാർത്തിനെസ്( ജ:ജൂലൈ 16, 1934 – ജനു: 31, 2010) പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച മാർത്തിനസ് അർജന്റീനയിലെ പട്ടാള ഭരണകാലത്ത് വെനെസ്വേലയിൽ അഭയം തേടുകയുണ്ടായി.അവിടെ വച്ചാണ് ആദ്യനോവലുകൾ മാർത്തിനസ് രചിയ്ക്കുന്നത്.[1].1969 ൽ മുൻ അർജന്റീനിയൻ പ്രസിഡന്റായ യുവാൻ ഡൊമിംഗോ പെറോണുമായുള്ള മാർത്തിനെസ് നടത്തിയ അഭിമുഖം ലാ നോവെല ദെ പെറോൺ(1985),സാന്റാ എവിറ്റ(1995)എന്നീ പ്രശസ്തമായ രണ്ട് നോവലുകൾക്ക് കാരണമായി.[2] മസ്തിഷ്ക്കാർബ്ബുദത്തെത്തുടർന്ന് ജനു: 31, 2010 ൽ മാർത്തിനസ് അന്തരിച്ചു.[3]

ജീവിതവും ജോലിയും

[തിരുത്തുക]

1934 ജൂലൈ 16 ന്[4] അർജന്റീനയിലെ സാൻ മിഗുവൽ ഡി ടുക്കുമാനിൽ ജനിച്ച മാർത്തിനെസ് പത്രപ്രവർത്തകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ ലാറ്റിൻ അമേരിക്കയിലെ സ്വാധീനമുള്ള ഒരു വ്യക്തിയായി പൊതുവെ കണക്കാക്കപ്പെടുന്നു. ടുക്കുമാൻ സർവകലാശാലയിൽ നിന്ന് സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിൽ ബിരുദവും പാരീസ് സർവകലാശാലയിൽ നിന്ന് കലയിൽ ബിരുദാനന്തര ബിരുദവും മാർട്ടിനെസ് നേടി. 1957 മുതൽ 1961 വരെയുള്ള കാലത്ത് അദ്ദേഹം ബ്യൂണസ് അയേഴ്സിൽ ലാ നാസിയോൺ പത്രത്തിൽ ചലച്ചിത്ര നിരൂപകനായി ജോലി ചെയ്യുകയും തുടർന്ന് 1962 നും 1969 നും ഇടയിൽ പ്രൈമറ പ്ലാന മാസികയുടെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കുകയും ചെയ്തു.[5]

1969 മുതൽ 1970 വരെ അദ്ദേഹം ഫ്രാൻസിലെ പാരീസിൽ ഒരു റിപ്പോർട്ടറായി ജോലി ചെയ്തു. 1969-ൽ മാഡ്രിഡിലേയ്ക്ക് നാടുകടത്തപ്പെട്ട മുൻ അർജന്റീനിയൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണുമായി അഭിമുഖം നടത്തി. ഈ അഭിമുഖങ്ങളാണ് അദ്ദേഹത്തിന്റെ ലാ നൊവേല ഡി പെറോൺ (1985), സാന്താ എവിറ്റ (1995)[6] എന്നീ ഏറ്റവും പ്രശസ്തമായ രണ്ട് നോവലുകൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളിലെയും പോലെ മറ്റേതൊരു ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനും സമാനതകളില്ലാത്ത വിധത്തിൽ ഇവയിലും അദ്ദേഹം ചരിത്രപരമായ യഥാർത്ഥ വസ്തുതകളെ സാങ്കൽപ്പിക ഉള്ളടക്കവുമായി സംയോജിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 1970-ൽ എലോയ് മാർട്ടിനെസ്

പനോരമ മാസികയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടതോടെ അദ്ദേഹത്തൊടൊപ്പം പ്രൈമറ പ്ലാനയിലെ ജോലിക്കാരായിരുന്ന മുൻ എഴുത്തുകാരിൽ പലരും പനോരമ മാസികയിൽ ജോലി ചെയ്തു. ജാക്കോബോ ടിമ്മർമാൻ സ്ഥാപിച്ച ലാ ഒപിനിയൻ എന്ന പത്രത്തിലും അദ്ദേഹം സഹകരിച്ചിരുന്നു. ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രധാന നോവലായ വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ് ഉൾപ്പെടെ ലാറ്റിൻ അമേരിക്കൻ രചനകൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ സഹായിച്ചതിന് അദ്ദേഹം ബഹുമതി നേടി.[7] 1972 ഓഗസ്റ്റ് 15 ന് ചുബുട്ട് പ്രവിശ്യയിലെ റാവ്‌സൺ ജയിലിൽ രാഷ്ട്രീയ തടവുകാരുടെ കലാപത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി. അർജന്റീനിയൻ സർക്കാരിന്റെ ഔദ്യോഗിക പതിപ്പിൽ നിന്ന് വളരെ വ്യത്യസ്തമായി റോവ്‌സണിലെ സംഭവത്തിന്റെ ശരിയായ കഥ ബ്യൂണസ് അയേഴ്‌സിലെ പനോരമ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 22-ന് സർക്കാരിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം പുറത്താക്കപ്പെട്ടതൊടെ റോസണിലേക്കും അയൽ നഗരമായ ട്രെല്യൂവിലേക്കും പോയ അദ്ദേഹം, അവിടെ നിന്ന് തന്റെ "ദി പാഷൻ അക്കോർഡിംഗ് ടു ട്രെല്യൂ" എന്ന പുസ്തകത്തിൽ ട്രെല്യൂ കൂട്ടക്കൊലയെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. അർജന്റീനിയൻ സ്വേച്ഛാധിപത്യം ഈ പുസ്തകം നിരോധിച്ചു.

മൂന്ന് വർഷത്തോളം (1972–1975) ലാ നാസിയൻ വർത്തമാനപ്പത്രത്തിന്റെ സാംസ്കാരിക സപ്ലിമെന്റിന്റെ ചുമതല എലോയ് മാർത്തിനെസിനായിരുന്നു. 1976-ൽ അധികാരം പിടിച്ചെടുത്ത സൈനിക അധികാരികൾ ലാ ഒപ്പീനിയൻ പത്രം അടച്ചുപൂട്ടി. ഇതിനുശേഷം, നാടുകടത്തപ്പെട്ട് (1975–1983) വെനിസ്വേലയിലെ കാരക്കാസിലേക്ക് പ്രവാസിയായി പോയ അദ്ദേഹം അവിടെ ഒരു പത്രപ്രവർത്തകനായി സജീവമായി തുടരുകയും എൽ ഡിയാരിയോ ഡി കാരക്കാസ് എന്ന പത്രത്തിന്റെ സഹസ്ഥാപകനായി മാറുകയും ചെയ്തു.

ഫെഡറൽ പോലീസിന്റെയും അർജന്റീനിയൻ സായുധ സേനയുടെയും കീഴിലുള്ള ഒരു അർദ്ധസൈനിക ഗ്രൂപ്പായ "ട്രിപ്പിൾ എ", എന്നറിയപ്പെട്ടിരുന്ന അർജന്റീനിയൻ ആന്റികമ്മ്യൂണിസ്റ്റ് അലയൻസ് തന്നെ ഭീഷണിപ്പെടുത്തിയതായും, എലോയ് മാർത്തിനെസ് തീവ്ര വലതുപക്ഷ അർദ്ധസൈനിക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഒരു ഓപ്പറേഷന്റെ സാക്ഷികളായതിനാൽ ഒരു അവസരത്തിൽ, തോക്കുധാരികൾ തന്റെ മൂന്ന് വയസ്സുള്ള മകന്റെ തലയിൽ ഒരു പിസ്റ്റൾ ചൂണ്ടിയതായും അദ്ദേഹം തന്റെ പുസ്തകമായ ദി മെമ്മോയിർസ് ഓഫ് ദി ജനറൽ എന്ന പുസ്തകത്തിൽ വിവരിക്കുന്നു. 1979 ഓടെ, ബുദ്ധിജീവിയായ സൂസാന റോട്ടറെ അദ്ദേഹം കണ്ടുമുട്ടി. 1986 ൽ അദ്ദേഹത്തിന് ഒരു മകളായ സോൾ അന ജനിച്ചു. 1984-ൽ അമേരിക്കയിലേക്ക് വാഷിംഗ്ടൺ ഡി.സി.യിലേക്ക് താമസം മാറിയ മാർത്തിനെസ്, മേരിലാൻഡ് സർവകലാശാലയിൽ പ്രൊഫസറായി ചേർന്നു.

1991-ൽ, വ്യവസായിയായ അൽഫോൻസോ ഡൗവിന്റെ ഉടമസ്ഥതയിലുള്ളതും മെക്സിക്കോയിലെ ഗ്വാഡലജാരയിൽ ജോർജ് സെപെഡ പാറ്റേഴ്സൺ പ്രസിദ്ധീകരിച്ചതുമായ സിഗ്ലോ 21 (നവംബർ 8, 1991) എന്ന ദിനപത്രത്തിന്റെ നിർമ്മാണത്തിലും പ്രകാശനത്തിലും അദ്ദേഹം പങ്കെടുത്തു. 1998 ഡിസംബർ വരെ ഏഴ് വർഷത്തോളം ഇത് പ്രവർത്തിച്ചിരുന്നു. കൂടാതെ, ബ്യൂണസ് അയേഴ്സിലെ പഗിന/12 എന്ന പത്രത്തിനായി പ്രൈമർ പ്ലാനോ എന്ന സാഹിത്യ സപ്ലിമെന്റും അദ്ദേഹം സൃഷ്ടിച്ചു.

1990 കളുടെ അവസാനം അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചെത്തി, ന്യൂജേഴ്‌സിയിലെ റട്‌ജേഴ്‌സ് സർവ്വകലാശാലയിൽ ലാറ്റിൻ അമേരിക്കൻ പഠന പരിപാടിയുടെ പ്രൊഫസറും ഡയറക്ടറുമായി ചുമതലയേറ്റു. ഈ കാലയളവിലുടനീളം അദ്ദേഹം ലാറ്റിൻ അമേരിക്കൻ പത്രങ്ങളുമായുള്ള സഹകരണം നിലനിർത്തിയെങ്കിലും, പ്രവാസത്തിന്റെ ദുഃഖവും വിഷാദവും പേറുന്ന "ഡെസാപരെസിഡോസ്" വിഭാഗത്തിലെ ("എൽ പ്രോസെസോ" എന്നറിയപ്പെടുന്ന സ്വേച്ഛാധിപത്യം തട്ടിക്കൊണ്ടുപോയി മരിച്ചതായി കരുതപ്പെടുന്ന ആളുകൾ) കുടുംബങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ ഭീകരമായ ആഘാതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട അവസാന പുസ്തകമായ പർഗേറ്ററിയുടെ രചന നിർവ്വഹിക്കുന്നതിൽ ശ്രദ്ധിച്ചു.

എലോയ് മാർത്തിനെസ് ഒരു അദ്ധ്യാപകനും ലക്ചററും കൂടിയായിരുന്നു. ലാ നാസിയോൺ, ന്യൂയോർക്ക് ടൈംസ് സിൻഡിക്കേറ്റ് എന്നിവയ്ക്കായി അദ്ദേഹം കോളങ്ങൾ എഴുതിയിരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങൾ ലാറ്റിൻ അമേരിക്കയിലെ നിരവധി പത്രങ്ങളിലും ജേണലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗുഗ്ഗൻഹൈം, വുഡ്രോ വിൽസൺ ഫെലോഷിപ്പുകൾ ലഭിച്ച അദ്ദേഹത്തിന്റെ, ഫ്ലൈറ്റ് ഓഫ് ദി ക്വീൻ എന്ന നോവൽ 2002 ലെ പ്രീമിയോ അൽഫാഗ്വാര ഡി നോവേല പുരസ്കാരവും നേടി. അദ്ദേഹത്തിന്റെ കൃതികൾ പ്രധാനമായും (പക്ഷേ പൂർണ്ണമായും അല്ല) ജുവാൻ ഡൊമിംഗോ പെറോണിന്റെയും ഭാര്യ ഇവാ ഡുവാർട്ടെ ഡി പെറോണിന്റെയും (എവിറ്റ) ഭരണകാലത്തും അതിനുശേഷവുമുള്ള അർജന്റീനയെക്കുറിച്ചാണ്.[8]

പ്രധാന പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • സേക്രഡ് (1969)
  • ദി പാഷൻ അക്കോഡിംഗ് ടു ട്രെല്യൂ (1973, 1997 ൽ പുനഃപ്രസിദ്ധീകരിച്ചു)
  • ദ പെറോൺ നോവൽ (1985)
  • ലാ മാനോ ഡെൽ ആമോ (1991)
  • സാന്താ എവിറ്റ (1995)
  • ദ മെമയെർസ് ഓഫ് ദ ജനറൽ (1996)
  • കോമൺ പ്ലോസ് - ഡെത്ത് (1998)
  • ദ അർജന്റൈൻ ഡ്രീം (1999)
  • ട്രൂ ഫിക്ഷൻസ് (2000)
  • ദ ഫ്ലൈറ്റ് ഓഫ് ദ ക്യൂൻ (2002)
  • റെക്വീം ഫോർ എ ലോസ്റ്റ് കണ്ട്രി (2003)
  • ദ ലൈവ്സ് ഓഫ് ദ ജനറൽ (2004)
  • ദി ടാംഗോ സിംഗർ (ആൻ മക്ലീൻ വിവർത്തനം ചെയ്തത്) (2004)[9]
  • പർഗേറ്ററി (ഫ്രാങ്ക് വൈൻ വിവർത്തനം ചെയ്തത്) (2008)

അവലംബം

[തിരുത്തുക]
  1. ഭാഷപോഷിണി ലക്കം 12-ഡിസം: 2013
  2. "Muere Tomás Eloy Martínez, el novelista de Perón y Evita" El Mundo, accessed on 1 February 2010 (in Spanish)
  3. "Murió el escritor y periodista Tomás Eloy Martínez" Archived 2010-04-11 at the Wayback Machine Clarín (in Spanish) *** Source no longer available
  4. "Tomás Eloy Martínez (1934-2010)". BnF Data. Retrieved July 16, 2019.
  5. Sebastian Rotella (July 4, 1996). "A Cultural Capital: Despite the 'Dirty War' of the '70s, Buenos Aires is still a Literary Haven". Los Angeles Times. Retrieved May 31, 2015.
  6. "Muere Tomás Eloy Martínez, el novelista de Perón y Evita" El Mundo, accessed on February 1, 2010 (in Spanish)
  7. Caistor, Nick (2010-02-08). "Tomás Eloy Martínez obituary". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2020-04-20.
  8. "Tango lessons" (Maya Jaggi interviews Tomás Eloy Martínez), The Guardian, February 3, 2007.
  9. "The Tango Singer, by Tomas Eloy Martinez, trans Anne McLean (review)", The Independent, February 10, 2006

പുറംകണ്ണികൾ

[തിരുത്തുക]