Jump to content

തെലുഗുദേശം പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തെലുങ്കുദേശം പാർട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


TELUGU DESAM PARTY
നേതാവ്ചന്ദ്രബാബു നായിഡു
സ്ഥാപകൻഎൻ.ടി. രാമറാവു
രൂപീകരിക്കപ്പെട്ടത്1982
മുഖ്യകാര്യാലയംRoad No.2, Banjara Hills, Hyderabad-500033
പ്രത്യയശാസ്‌ത്രംRegionalist, Fiscally Conservative
സഖ്യംrecently broke with NDA
വെബ്സൈറ്റ്
telugudesamparty.org

തെലുഗു സിനിമയിലെ സൂപ്പർ സ്റ്റാർ എൻ.ടി. രാമറാവു നാടിൻ്റെ സാംസ്കാരിക തനിമയിൽ പുളകിതനായി ആന്ധ്രപ്രദേശ് സംസ്ഥാനത്ത് രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടിയാണ്‌ തെലുഗുദേശം. (തെലുഗു: తెలుగు దేశం)1982 മാർച്ച് 29-നാണ്‌ തെലുഗുദേശം പാർട്ടി സ്ഥാപിതമായത്. സ്വാതന്ത്രൃനന്തരം കോൺഗ്രസ് പാർട്ടിയുടെ ഭരണം നിലനിന്നിരുന്ന ആന്ധ്രപ്രദേശിൽ രാമറാവു രാഷ്ട്രീയ പ്രവർത്തന രംഗത്തേക്കു പ്രവേശിച്ചതോടെ തെലുഗുദേശം പാർട്ടിക്കു തുടക്കം കുറിച്ചു. പ്രാദേശിക താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തിൽ പാർട്ടിയുടെ മുഖ്യ ലക്ഷ്യം. എങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഒപ്പം അഖണ്ഡതയ്ക്കും വേണ്ടി പാർട്ടി നിലകൊണ്ടു. 'ചൈതന്യരഥം' എന്നു പേരിട്ട വാഹനത്തിൽ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ഇദ്ദേഹം പാർട്ടിക്ക് പിന്തുണ നേടി.രാമറാവുവിൻ്റെ താരപദവി തന്നെയായിരുന്നു പാർട്ടിയുടെ കരുത്ത്. 1983 ജനുവരിയിലെ തെരഞ്ഞെടുപ്പിൽ തെലുഗുദേശത്തിന് ആന്ധ്രയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എൻ.ടി. രാമറാവു ഇതോടെ ആന്ധ്രയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു. പാർട്ടിയിലെ ഒരു വിഭാഗം വിമതർ പിളർപ്പുണ്ടാക്കിയതിനെത്തുടർന്ന് എൻ.ടി.രാമറാവു മുഖ്യമന്ത്രിയായുള്ള തെലുഗുദേശം ഗവണ്മെന്റ് 1984 ആഗസ്തിൽ അധികാരഭ്രഷ്ടമാക്കപ്പെട്ടു. എങ്കിലും സെപ്.-ൽ രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തിൽ മറ്റു പാർട്ടികളെക്കൂടി കൂട്ടി ഒരു ദേശീയ മുന്നണി രൂപവത്ക്കരിക്കുന്നതിനും തെലുഗുദേശം നേതൃത്വം നല്കി.

1984 ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ലോകസഭയിൽ പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായിത്തീർന്നു തെലുഗുദേശം. ആന്ധ്രയിൽ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുഗുദേശം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരായി രൂപവത്കൃതമായ ദേശീയ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിലെ ഒരു പ്രധാന പാർട്ടിയായിരുന്നു തെലുഗുദേശം. 1983 മുതൽ ആന്ധ്രയിൽ അധികാരത്തിലിരുന്ന തെലുഗുദേശം 1989-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് അധികാരഭ്രഷ്ടമായി. 1994 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ തെലുഗുദേശത്തിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു.

എൻ.ടി. രാമറാവുവിന്റെ രണ്ടാം ഭാര്യയായ ലക്ഷ്മീപാർവതി 1990-കളുടെ മധ്യത്തോടെ പാർട്ടിക്കാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. ഇത് തെലുഗുദേശത്തിൽ നേതൃത്വമത്സരത്തിന് വഴിതെളിച്ചു. ലക്ഷ്മീപാർവതിക്ക് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നല്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ കലാപമുണ്ടായി. എൻ.ടി. രാമറാവുവിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പാർട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങൾ ചേർന്ന് 1995 ആഗസ്തിൽ ചന്ദ്രബാബു നായിഡുവിനെ തെലുഗുദേശത്തിന്റെ നേതാവായി തെരഞ്ഞെടുത്തു. പാർട്ടി തന്നെ അതിൻ്റെ സ്ഥാപകനെ ഒതുക്കി.

1995 സെപ്തംബറിൽ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായി. 1996 ജനുവരി 18-ന് എൻ.ടി. രാമറാവു നിര്യാതനായി. തുടർന്ന് ഈ പാർട്ടി നായിഡുപക്ഷം എന്നും ലക്ഷ്മീപാർവതി പക്ഷം എന്നും രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചുമാറി. തെരഞ്ഞെടുപ്പിൽ ലക്ഷ്മീപാർവതി വിഭാഗം പരാജയപ്പെട്ടു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിപ്രാപിച്ചു.

ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനഭരണത്തോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുന്ന പാർട്ടിയായി തെലുഗുദേശം മാറുകയുണ്ടായി. 1998-ൽ ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവൺമെന്റിന് തെലുഗുദേശം പ്രശ്നാധിഷ്ഠിത പിന്തുണ നല്കി. 1999-ലെ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിത്തീർന്നു തെലുഗുദേശം. 2004-ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം അതിന്റെ പ്രതാപത്തിന് മങ്ങലേല്പിച്ചു. പതിനഞ്ചാം ലോക്‌സഭയിൽ തെലുഗുദേശത്തിന്‌ 6 എം.പിമാരാണുള്ളത്. [1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2009-05-20. Retrieved 2009-05-20.
"https://ml.wikipedia.org/w/index.php?title=തെലുഗുദേശം_പാർട്ടി&oldid=3821536" എന്ന താളിൽനിന്ന് ശേഖരിച്ചത്