തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ കൊച്ചി നഗരപരിധിയോട് ചേർന്നുകിടക്കുന്ന ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചിറ്റൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണഭഗവാനാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ശിവൻ,ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിലുണ്ട്. ചിറ്റൂരപ്പൻ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. ഗുരുവായൂർ ക്ഷേത്രവുമായി പല കാര്യങ്ങളിലും സാമ്യം പുലർത്തുന്ന ഈ ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്നും അറിയപ്പെടുന്നു. പ്രസിദ്ധ നാടുവാഴികുടുംബമായ ചേരാനല്ലൂർ സ്വരൂപത്തിന്റെ കുടുംബക്ഷേത്രമാണിത്. എന്നാൽ, ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം[തിരുത്തുക]

കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള പ്രസിദ്ധ നാടുവാഴിക്കുടുംബമാണ് ചേരാനല്ലൂർ സ്വരൂപം. ഈ കുടുംബത്തിലെ മഹാമാന്ത്രികനായിരുന്ന ചേരാനല്ലൂർ കുഞ്ചുക്കർത്താവിനെക്കുറിച്ച് ഐതിഹ്യമാലയിൽ ഒരു ലേഖനമുണ്ട്. ഈ ലേഖനത്തിനിടയ്ക്ക് ഒരു ചെറിയ ഭാഗത്ത് അദ്ദേഹം ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ഉപത്തിയെക്കുറിച്ചും വിവരിയ്ക്കുന്നുണ്ട്. ആ കഥ ഇങ്ങനെ:

ചേരാനല്ലൂർ സ്വരൂപത്തിലെ കാരണവരായിരുന്ന രാമൻ കർത്താവ് അടിയുറച്ച ഗുരുവായൂരപ്പഭക്തനായിരുന്നു. എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ ദർശനത്തിന് പോയിവന്നിരുന്ന അദ്ദേഹത്തിന് പ്രായം അതിക്രമിച്ചപ്പോൾ തനിയ്ക്ക് പോകാൻ കഴിയില്ലെന്ന് മനസ്സിലായി. തന്റെ അവസാന ഗുരുവായൂർ ദർശനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഭദ്രകാളിക്ഷേത്രത്തിനടുത്തുള്ള കുളത്തിൽ കുളിയ്ക്കാനിറങ്ങി. കയ്യിലുണ്ടായിരുന്ന ഓലക്കുട അദ്ദേഹം കുളക്കരയിൽ ഒരു പ്രത്യേക സ്ഥലത്ത് ഒതുക്കിവച്ചിരുന്നു. കുളി കഴിഞ്ഞ് കർത്താവ് ഓലക്കുടയെടുത്ത് പുറപ്പെടാനൊരുങ്ങുമ്പോൾ അത് അനങ്ങുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പൻ തന്റെ ഭക്തിയിൽ മനസ്സലിഞ്ഞ് തന്റെ നാട്ടിൽ കുടികൊണ്ടെന്ന് അറിഞ്ഞ അദ്ദേഹം, തന്റെ ഇഷ്ടദേവന് ക്ഷേത്രം പണിയാൻ തീരുമാനിച്ചു.. കുളക്കരയിൽ നിന്ന് അഞ്ജനശില കണ്ടെത്തിയ അദ്ദേഹം, അതുപയോഗിച്ച് ഗുരുവായൂരപ്പന്റെ ഒരു വിഗ്രഹം നിർമ്മിച്ചു. ഇതേ സമയത്ത്, ഗുരുവായൂർ തന്ത്രിയായ പുഴക്കര ചേന്നാസ് മനയ്ക്കലെ നമ്പൂതിരിയ്ക്ക് ഒരു സ്വപ്നദർശനമുണ്ടായി. ദൂരെയുള്ള ചിറ്റൂർ ദേശത്ത് ചേരാനല്ലൂർ കർത്താവ് ഗുരുവായൂരപ്പന് ക്ഷേത്രം പണിയുന്നുണ്ടെന്നും അവിടെ വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണമെന്നും പ്രതിഷ്ഠാസമയത്ത് അവിടെയെത്തണമെന്നുമായിരുന്നു സ്വപ്നം. അതനുസരിച്ച് നമ്പൂതിരി ചിറ്റൂരെത്തുകയും, നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ ഗുരുവായൂരപ്പനെ ശ്രീലകത്ത് കുടിയിരുത്തുകയും ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ക്ഷേത്രമായതിനാൽ തെക്കൻ ഗുരുവായൂർ എന്ന പേരിൽ ചിറ്റൂർ ക്ഷേത്രം അറിയപ്പെട്ടു. ഭക്തനായ കർത്താവ് ചിറ്റൂരപ്പനായി മാറിയ ഗുരുവായൂരപ്പനെ തൊഴുത് മുക്തിയടഞ്ഞു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

നാലുപാടും പെരിയാറിന്റെ കൈവഴികളാൽ ചുറ്റപ്പെട്ട ചിറ്റൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത മധ്യത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് മുന്നിലൂടെ എറണാകുളം-ചേരാനല്ലൂർ പാത കടന്നുപോകുന്നു. ക്ഷേത്രകവാടത്തിനുമുന്നിൽ തെക്കോട്ടുമാറി ശ്രീകൃഷ്ണഭഗവാൻ കാളിയൻ എന്ന സർപ്പത്തെ ചവിട്ടിമെതിയ്ക്കുന്നതിന്റെ ഒരു ശില്പം പണിതുവച്ചിട്ടുണ്ട്. ചിറ്റൂർ പോസ്റ്റ് ഓഫീസ്, എസ്.ബി.ഒ.എ. സ്കൂൾ, ചിറ്റൂർ കൊട്ടാരം, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ ഒരു ഭാഗത്തും ഗോപുരങ്ങളില്ല. അവ പണിയാൻ പദ്ധതികളുണ്ട്. ഗുരുവായൂരിലേതുപോലെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. അഗ്നിഹോത്രതീർത്ഥം എന്നാണ് ഇതിന്റെ പേര്. ക്ഷേത്രകവാടത്തിൽ നിന്ന് ആനക്കൊട്ടിൽ വരെ വലിയ നടപ്പുര പണിതിട്ടുണ്ട്. ആനക്കൊട്ടിലിന്റെ വലുപ്പം എഴുന്നള്ളത്തുകൾക്ക് തികയാതെ വന്നപ്പോഴാണ് ഈ നടപ്പുര പണിതത്. തെക്കുകിഴക്കുഭാഗത്ത് അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ കാണാം.