തെക്കൻകാറ്റ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കൻകാറ്റ്
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപ്രണയം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1954

തെക്കൻകാറ്റ് എന്ന നോവൽ മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ ശ്രദ്ധേയനായിരുന്ന മുട്ടുത്തുവർക്കി എഴുതിയ ഒരു നോവലാണ്. പ്രേമത്തിന്റെ അനശ്വരതയാണ് ഈ മുട്ടത്തുവർക്കി നോവലിന്റെ പ്രമേയം.

കഥാസംഗ്രഹം[തിരുത്തുക]

ബാബു എന്ന ചെറുപ്പക്കാരനും ശോശാമ്മ എന്ന ഗ്രാമീണയുവതിയുമാണ് ഈ നോവലിലെ നായകനും നായികയും. ബാബു ഒരു ഡ്രോയിംഗ് അദ്ധ്യാപകന്റെ പുത്രനാണ്. ഗ്രാമീണ പെൺകുട്ടിയായ അന്നക്കുട്ടിയോട് വിദ്വേഷമുണ്ടായിരുന്ന അവളുടെ സ്നേഹിതരായ മറ്റു പെണ്കുട്ടികൾ അവളുടെ പേരിൽ ഒരു കത്തെഴുതി ബാബുവിന് അയയ്ക്കുന്നു. അന്നക്കുട്ടിക്ക് തന്നെ ഇഷ്ടമാണെന്ന് ബാബു വിചാരിക്കുന്നു. ഇത് അയാളുടെ വീട്ടിലും നാട്ടിലും വലിയ പ്രശ്നങ്ങളുണ്ടാക്കുകയും അയാളുടെ വിദ്യാഭ്യാസംതന്നെ നിലയ്ക്കുകയും ചെയ്തു. ശേഷം അയാൾ തനിക്കു പരിചയമുള്ള തൊഴിലായ ചിത്രരചനയിലേയ്ക്കു തിരിഞ്ഞു.

ആ ഗ്രാമത്തിലെ ഒരു ധനികനായ വ്യക്തിയാണ് ചാക്കോ വക്കീൽ. അയാളുടെ സുന്ദരിയായ മകൾ ശോശാമ്മ ഒരു പാട്ടുകാരിയുംകൂടിയാണ്. ഒരു നല്ല കലാകാരനായ ബാബുവിന്റെ ചിത്രരചനയിലുളള പ്രാഗല്ഭ്യത്തിൽ ശോശാമ്മയ്ക്കു നല്ല മതിപ്പാണ്. ഒരിക്കൽ വെള്ളത്തിലകപ്പെട്ടു മുങ്ങിത്താഴാൻതുടങ്ങിയ ശോശാമ്മയെ ബാബു വെള്ളത്തിൽ ചാടി രക്ഷപെടുത്തുന്നു. ക്രമേണ ശോശാമ്മയുടെ ബാബുവിനോടുള്ള ആരാധന പ്രണയത്തിലേയ്ക്കു വഴിമാറി. എന്നാൽ അയാളുടെ മനസ്സിൽ അന്നക്കുട്ടിയെന്ന മറ്റൊരു പെൺകുട്ടിയായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ അന്നക്കുട്ടിയുടെ വിവാഹം ഒരു ധനികനുമായി ഉറപ്പിക്കുകയും വിവാഹത്തിനുശേഷം അവൾ അയാളോടൊപ്പം അകലേയ്ക്കു പോകുകയും ചെയ്തു. ഏറെക്കാലം ദുഃഖിതനായി കഴിഞ്ഞ ബാബു ക്രമേണ ശോശാമ്മയിൽ അനുരക്തനായി. ചാക്കോ വക്കീൽ ഈ ബന്ധത്തെ പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നു. എന്നാൽ പിതാവിന്റെ എതിർപ്പു വകവയ്ക്കാതെ ശോശാമ്മ അയാളെ പ്രണയിക്കുകയും അവർ ഗ്രാമത്തിൽ നിന്നു ഒളിച്ചോടി ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഒന്നിച്ചു താമസിക്കുകയും അവിടുത്തെ പള്ളിയിൽ വച്ചു വിവാഹിതരാകുകയും ചെയ്തു. നാളുകൾ പിന്നിടവേ ശോശാമ്മയ്ക്കു ഒരു കുട്ടിയുണ്ടാവുകയും ചെയ്തു. കൂലിവേലയെടുത്തു കഴിഞ്ഞിരുന്ന അവർക്ക് ഒളിജീവിതം അധികകാലം തുടരാൻ സാധിച്ചില്ല. ശോശാമ്മായുടെ പിതാവ് അന്വേഷിച്ചുപിടിച്ച് അവിടെയെത്തുകയും അവളെ അവിടെനിന്നു പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. പരസ്പരം വേർപിരിയപ്പെട്ട ദമ്പതികൾ കടുത്ത ദുഃഖത്തിലായി. ഏറെക്കാലങ്ങൾക്കു ശേഷം ചാക്കോ വക്കീൽ മരണമടയുകയും ബാബുവിനെയും കുഞ്ഞിനെയും കണ്ടെത്താൻ അന്നക്കുട്ടി, ശോശാമ്മയെ സഹായിക്കുകയും ചെയ്യുന്നതോടെ നോവൽ അവസാനിക്കുന്നു. ദിവ്യപ്രേമത്തിന്റെ ഉദാത്ത ഭാവങ്ങളും വിരഹവേദനയും കൂടിച്ചേരലുമെല്ലാം ഈ ജീവിതഗന്ധിയായ നോവലിൽ മുട്ടത്തുവർക്കി മനോഹരമായി തുന്നിച്ചേർത്തിരിക്കുന്നു. ഗ്രാമജീവിതത്തിന്റെ നൈർമ്മല്ല്യവും സാധാരണക്കാരന്റെ ഭാഷയും ഈ നോവലിന് കരുത്തുപകരുന്ന ഘടകങ്ങളാണ്.

ചലച്ചിത്രം[തിരുത്തുക]

ഈ നോവൽ 1973 ൽ ശശികുമാർ സംവിധാനം ചെയ്ത് ചലച്ചിത്രമാക്കിയിട്ടുണ്ട്. തിരക്കഥ, സംഭാഷണം രചിച്ചത് തോപ്പിൽ ഭാസിയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "തെക്കൻകാറ്റ് (1973)". http://malayalasangeetham.info/m.php?428. http://malayalasangeetham.info/m.php?428. Retrieved 3.5.2017. {{cite web}}: Check date values in: |access-date= (help); External link in |publisher= and |website= (help)
"https://ml.wikipedia.org/w/index.php?title=തെക്കൻകാറ്റ്_(നോവൽ)&oldid=3732458" എന്ന താളിൽനിന്ന് ശേഖരിച്ചത്