തൃശ്ശൂർ ആകാശവാണി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു 1956 നവംബർ 4-നു റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങിയ തൃശൂർ ആകാശവാണി നിലയം. മീഡിയം വേവ് 630Khz. ഇപ്പോൾ 101.1 Mhz - ൽ ഒരു കിലോവാട്ട് പ്രസരണശേഷിയുള്ള എഫ്.എം നിലയത്തിലൂടെയും ഒരേ സമയം പ്രക്ഷേപണമുണ്ട്.

ചരിത്രം[തിരുത്തുക]

1966 ഓഗസ്റ്റ് 11 മുതൽ ഇവിടെ നിന്നും “വയലും വീടും”പരിപാടി ആരംഭിച്ചു. പാലക്കാട് ജില്ലയിലെ എരുമയൂർ ഗ്രാമത്തിൽ വെച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം നടന്നത്. കേരളത്തിലെ മാദ്ധ്യമങ്ങളിലെ ആദ്യ കാർഷികപരിപാടിയായിരുന്നു,അത്. 1960കളിൽ ഇന്ത്യയെ ബാധിച്ച കടുത്ത ഭക്ഷ്യക്ഷാമത്തെ തുടർന്ന് നെല്ലുല്പാദനം വർദ്ധിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 10 റേഡിയോ നിലയങ്ങളിൽ ആരംഭിച്ച കാർഷികപരിപാടിയുടെ ഭാഗമായിരുന്നു തൃശൂർ നിലയത്തിൽ നിന്നുള്ള വയലും വീടും.പാലക്കാട് മുതൽ തെക്ക് കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ കർഷകരുടെ അഭിമുഖങ്ങളും അവർക്കായുള്ള അറിവികളും പ്രക്ഷേപണം ചെയ്യുകയായിരുന്നു പരിപാടി.കേരളത്തിലെ മറ്റ് നിലയങ്ങൾ അത് ഇവിടെ നിന്നും ടേപ് വരുത്തി പ്രക്ഷേപണം ചെയ്തുതുടങ്ങി.പിൽക്കാലത്ത് ”കൃഷിപാഠം”ആരംഭിച്ചതും ഇവിടെ നിന്നുമാണു.

എസ്.വേണു,പി.പത്നരാജൻ,രാധാലക്ഷ്മി പദ്മരാജൻ,സുകുമാരമേനോൻ,കെ.വി.മണികണ്ഠൻ നായർ എന്നിവരായിരുന്നു ആദ്യകാല അനൌൺസർമാർ.കൃഷിവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ട,മാത്തൂർ രാമചന്ദ്രപണിക്കൻ,ഗോവിന്ദരാജ ,കെ.എൻ.കുറുപ്പ്,കെ.കെ.കുര്യൻ എന്നിവരായിരുന്നു ആദ്യകാല പരിപാടികളുടെ ചുമതലവഹിച്ച ഫാം റേഡിയോ ഓഫീസർമാർ.പിന്നീട് ടി.സത്യനാഥനും വി.ശശികുമാറും ദീർഘകാലം ഫാം റേഡിയോ ആഫീസറായി.തൃശൂർനിലയം കേരളത്തിലെ പ്രക്ഷേപണ ചരിത്രത്തിൽ സ്ഥാനം അടയാളപ്പെടുത്തിയത്ത് കാർഷികപരിപാടികളിലൂടെയായിരുന്നു. അക്കാലത്ത് വയലും വീടും പരിപാടിയ്ക്ക് സ്ക്രിപ്റ്റ് എഴുതാനായി കോവിലൻ,മാടമ്പ് കുഞ്ഞുക്കുട്ടൻ തുടങ്ങിയവർ കരാടടിസ്ഥാനത്തിൽ ജോലിചെയ്തിട്ടുണ്ടു.പിന്നീട് ഈ തസ്തികയിൽ കോഴിക്കോട്ടു നിന്നും അക്കിത്തം മാറ്റി നിയമിക്കപ്പെട്ടു.പിന്നീട് പ്രോഗ്രാം എക്സ്സിക്യൂട്ടീവായ എസ്.രമേശൻ നായരും ആദ്യം സ്ക്രിപ്റ്റ് റൈറ്റായിരുന്നു.

എ. സത്യഭാമയായിരുന്നു ആദ്യ പ്രോഗ്രാം എക്സിക്യൂട്ടീവ്. പിന്നീടു നിയമിക്കപ്പെട്ട പി.ബാലചന്ദ്രൻ ഒരു അപകടത്തെ തുടർന്ന് ,ജോലി രാജിവെച്ച് ആലപ്പുഴയിൽ ചെമ്മീൻ കയറ്റുമതി വ്യവസായി ആയി.തുടർന്ന് കോഴിക്കോട്ട് നിന്ന് പ്രേം നായർ നിയമിക്കപ്പെട്ടു.അവരെ തുടർന്ന് സുശീലാവിജയരാഘവൻ ചുമതലയേറ്റു.ആദ്യം ചെമ്പുക്കാവിലും പിന്നെ പൂങ്കുന്നം രമാദേവിമന്ദിരത്തിനടുത്ത വാടകക്കെട്ടിടത്തിലും പ്രവർത്തനം ആരംഭിച്ച ആകാശവാണിയുടെ 20 കിലോവാട്ട് ട്രാൻസ്മിറ്റർ രാമവർമ്മപുരത്ത് തന്നെയായിരുന്നു.അതിനകത്ത് തന്നെ ചെറിയൊരു സ്റ്റുഡിയോയും ഉണ്ടായിരുന്നു.രാമവർമ്മപുരത്ത് പൂർണ്ണ സ്റ്റുഡിയോ സംവിധാനത്തോടെ സ്വതന്ത്ര നിലയമായി പ്രവർത്തനം ആരംഭിച്ചത് 1973 ഡിസംബർ 24നായിരുന്നു.അന്ന് വൈകിട്ട് നടന്ന സമ്മേളനത്തിൽ വാർത്താവിതരണ പ്രക്ഷേപണസഹമന്ത്രി ധരംവീർ സിൻഹയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.ചെമ്പൈ “വാതാപി”,“ശിവ.ശിവ”,“ജയാപയോധിനി” തുടങ്ങിയ കീർത്തനങ്ങൾ ആലപിച്ചു. ടി.വി.രമണി, പരമേശ്വരൻ നമ്പൂതിരി എന്നിവർ അദ്ദേഹത്തിനു പക്കമേളമൊരുക്കി. തൃശൂർ പി രാധാകൃഷ്ണനായിരുന്നു മ്യൂസിക് പ്രൊഡ്യൂസർ എന്ന നിലയിൽ സംഗീതപരിപാടിയുടെ ചുമതല വഹിച്ചിരുന്നത്. മഹാകവി ജി.ശങ്കരക്കുറുപ്പ് ആകാശവാണിയെക്കുറിച്ച് എഴുതിയ കവിത ആലപിച്ചു. കലാമണ്ഡലം ക്ഷേമാവതിയും സംഘവും നൃത്തപരിപാടികൾ അവതരിപ്പിച്ചു.അന്നത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അന്ന് പാലക്കാട് ചിറ്റൂർ സ്വദേശിനിയായ കെ.സത്യഭാമയായിരുന്നു പ്രോഗ്രാം മേധാവി.അവർ അന്ന് അസിസ്റ്റൻ സ്റ്റേഷൻ ഡയറക്റ്ററായിരുന്നു.പിന്നീട് അവർ ട്രിച്ചി സ്റ്റേഷൻ ഡയറക്റ്ററായി നിയമിക്കപ്പെട്ടു. ഗോവിന്ദരാജലുവായിരുന്നു ആദ്യ സ്റ്റേഷൻ ഡയറക്റ്റർ. 1976ൽ അദ്ദേഹം ചുമതലയേൽക്കും മുൻപ് എഞ്ചിനിയർമാരായിരുന്നു ഡയറക്റ്ററുടെ ചുമതല കൂടി നിർവഹിച്ചിരുന്നത്.

പറവൂർ സഹോദരിമാരിൽ ഇളയവളായ രാധാലക്ഷ്മി, അരുണാചലം, കെ.രവീന്ദ്രൻ, തോമസ് കുഞ്ഞുമ്മൻ, എൻ.കെ.സെബാസ്യൻ, എം.ഒ.കുട്ടൻ, എൻ.കെ.സെബാസ്റ്റ്യൻ, മാധവവാര്യർ, പി.പ്രഭാകരൻ തുടങ്ങിയവരായിരുന്നു ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാർ. വിമലാവർമ്മ,വെണ്മണി വിഷ്ണു, കൌസല്യാമധു, എം.തങ്കമണി, എം.ഡി.രാജേന്ദ്രൻ, സി.പി രാജശേഖരൻ തുടങ്ങി പ്രഗൽഭരുടെ വൻനിര അനൌൺസർമാരായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് സി.പി രാജശേഖരൻ പ്രോഗ്രാം എക്സിക്യൂട്ടീവും കോഴിക്കോട്,മംഗലാപുരം നിലയങ്ങളിൽ ഡയറക്റ്ററുമായി വിരമിച്ചു.നെയ്യാറ്റിങ്കര വാസുദേവൻ,റ്റി.വി.രമണി,തിരുവിഴ ശിവാനന്ദൻ,മങ്ങാട് കെ.നടേശൻ, തൃശൂർ പി.രാധാകൃഷ്ണൻ, പി.കെ കേശവൻ നമ്പൂതിരി, ഏ.അനന്തപദ്മനാഭൻ, സി.രാജെന്ദ്രൻ, ജി.വേണുഗോപാൽ തുടങ്ങിയ പ്രഗൽഭസംഗീതജ്ഞരും ആർ.ശ്രീകണ്ഠൻ നായരെപോലുള്ള മാദ്ധ്യമപ്രവർത്തകരും, എൻ.കെ.സെബാസ്റ്റ്യനെപ്പോലെ റേഡിയോ നാടകരംഗത്തെ അതികായരും തൃശൂർ നിലയത്തിൽ ജോലിനോക്കിയിട്ടുണ്ടു.പ്രശസ്ത ഗാനരചയിതാവായ എം.ഡി.രാജേന്ദ്രൻ 2012 ജൂലൈയിൽ സർവീസിൽ നിന്ന് വിരമിച്ചു.

തൃശൂർ പൂരത്തിന്റെയും ചെമ്പൈ സംഗീതോത്സവത്തിന്റേയും, വള്ളംകളികളുടേയും മറ്റും തത്സമയ പ്രക്ഷേപണങ്ങളിലൂടെ തൃശൂർ നിലയം ജനലക്ഷങ്ങളുടെയിടയിൽ സ്ഥാനം പിടിച്ചു. മിൻ മിനി, പ്രദീപ് സോമസുന്ദരം, കെ.എസ് മനീഷ, കെ.ബി.സുജാത തുടങ്ങിയ ഒരുപറ്റം പ്രശസ്ത ഗായകരുടെ വളർച്ചയിലും നിലയം നിർണ്ണായകമായ പ്രോത്സാഹനം നൽകിയിട്ടുണ്ടു.

"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_ആകാശവാണി_നിലയം&oldid=3564946" എന്ന താളിൽനിന്ന് ശേഖരിച്ചത്