തൃശ്ശിലേരി മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശ്ശിലേരി മഹാദേവക്ഷേത്രം
തൃശ്ശിലേരി ശിവക്ഷേത്രം
തൃശ്ശിലേരി ശിവക്ഷേത്രം
തൃശ്ശിലേരി മഹാദേവക്ഷേത്രം is located in Kerala
തൃശ്ശിലേരി മഹാദേവക്ഷേത്രം
തൃശ്ശിലേരി മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°51′5″N 76°0′59″E / 11.85139°N 76.01639°E / 11.85139; 76.01639
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:വയനാട്
പ്രദേശം:മാനന്തവാടി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി

വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തിരുനെല്ലിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് തൃശ്ശിലേരി മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ[1] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി കുടികൊള്ളുന്നു.[2] തൃശ്ശിലേരിയിലെ മഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ മരിച്ചവരുടെ പിതൃക്കൾക്ക് ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ മഹാവിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. വർഷം മുഴുവൻ ഇവിടെ മരിച്ചവർക്ക് വേണ്ടിയുള്ള ബലിതർപ്പണം നടക്കാറുണ്ട്.

ഐതിഹ്യം[തിരുത്തുക]

സ്വയംഭൂവായ ശിവലിംഗമാണ് തൃശ്ശിലേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് ഇവിടുത്തെ ലിംഗപ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു[3]. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം. തിരുനെല്ലിയിൽ ബലിയിടാൻ പോകുന്നവർ തൃശ്ശിലേരിയിലിറങ്ങി ശിവനെ വണങ്ങി വേണം പേകാൻ എന്നാണ് സങ്കൽപ്പം.[4][5]

തൃശ്ശിലേരി ശിവക്ഷേത്രം

ക്ഷേത്ര നിർമ്മിതി[തിരുത്തുക]

സ്വയംഭൂവായ ശിവലിംഗമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പരമശിവന്റെ ശ്രീകോവിലിനു മുൻപിലുള്ള നമസ്കാര മണ്ഡപത്തിൽ ശ്രീ പാർവതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും, ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇതിനു പുറമേ ജലദുർഗ, ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നീ പ്രതിഷ്ഠകളുമുണ്ട്. ജലദുർഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പിൽ വെള്ളം നിൽക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സർവരോഗ സംഹാരിയാണെന്നും കരുതപ്പെടുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെയാണ് ഈ പ്രതിഷ്ഠ സൂചിപ്പിക്കുന്നത്.

ഉപദേവ പ്രതിഷ്ഠകൾ[തിരുത്തുക]

  • ശ്രീ പാർവ്വതി
  • മണ്ഡപത്തിൽ ഗണപതി
  • ജലദുർഗ
  • ഗോശാലകൃഷ്ണൻ
  • ധർമശാസ്താവ്
  • കന്നിമൂലഗണപതി
  • ദൈവത്താർ
  • ഭദ്രകാളി
  • ഭഗവതി
  • നാഗരാജാവ് (വാസുകി)

പൂജാദിവിശേഷങ്ങൾ[തിരുത്തുക]

നിത്യപൂജകൾ[തിരുത്തുക]

നിത്യവും ത്രികാല പൂജ പടിത്തരമായുണ്ട്.

  • നിർമ്മാല്യ ദർശനം
  • ശംഖാഭിഷേകം
  • ഉഷഃപൂജ
  • ഉച്ചപൂജ
  • ദീപാരാധന
  • അത്താഴപൂഴ

തിരുനെല്ലിയിൽ ദർശനം നടത്തുന്നതിനു മുമ്പായി തൃശ്ശിലേരിയിൽ വരാൻ കഴിയാത്ത ഭക്തർ തൃശ്ശിലേരി മഹാദേവന് വഴിപാട് കഴിക്കുന്നതിനായി തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന രീതി നിലവിലുണ്ട്.

വിശേഷങ്ങൾ[തിരുത്തുക]

ഉത്സവം[തിരുത്തുക]

ക്ഷേത്രത്തിൽ മീനമാസത്തിലെ പൂരുരുട്ടാതി മുതൽ രേവതി വരെയുള്ള മൂന്ന് ദിവസമാണ് ഉത്സവം കൊണ്ടാടുന്നത്. അവസാന ദിവസമായ രേവതി നക്ഷത്രത്തിലാണ് ഇവിടെ കലശം നടക്കുന്നത്.

ശിവരാത്രി[തിരുത്തുക]

മലയാള മാസം കുംഭത്തിലെ കറുത്തപക്ഷ ചതുർദ്ദശിനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേക എഴുന്നള്ളത്തും, വിളക്കും നടത്തുന്നു. അതിനോട് അനുബന്ധിച്ച് രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകളായി നടത്തുന്നത്.

ധനു തിരുവാതിര[തിരുത്തുക]

മലയാള മാസം ധനുവിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു.

പ്രതിഷ്ഠാദിനം[തിരുത്തുക]

ധനുമാസം 17- തീയതി നടത്തുന്നു. അന്നേദിവസം ക്ഷേത്രത്തിൽ ചുറ്റുവിളക്കും നടത്താറുണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് തിരുനെല്ലി. റോഡ് മാർഗ്ഗം മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളു. വയനാടൻ വനങ്ങളുടെ നടുവിലൂടെയാണ് യാത്ര. കല്പറ്റയിൽ നിന്നും 95 കിലോമീറ്റർ ദൂരമുള്ള കോഴിക്കോട് - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കല്പറ്റയിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് മാനന്തവാടി. ട്രെയിനിലാണെങ്കിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക, ഇവിടെ നിന്നും കല്പറ്റയിലേക്ക് 72 കിലോമീറ്റർ ദൂരമുണ്ട്.

ക്ഷേത്ര ഭരണം[തിരുത്തുക]

മലബാർ ദേവസ്വം ബോർഡ് ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം നടത്തുന്നത്. പാലക്കുന്നം മനയാണ് ക്ഷേത്ര ഊരാണ്മ.

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്
  3. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്
  4. "തിരുനെല്ലി ഗ്രാമപഞ്ചായത്ത്". മൂലതാളിൽ നിന്നും 2013-06-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-23.
  5. "വെബ് ദുനിയ". മൂലതാളിൽ നിന്നും 2010-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-06.