തൃത്താല
പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നിന്ന് ഉദ്ദേശം ആറുകിലോമീറ്റർ അകലെ ഭാരതപ്പുഴയോരത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് തൃത്താല. ഇവിടം കേരളത്തിലെ ഒരു പ്രാചീന സംസ്കാരകേന്ദ്രമായിരുന്നു. അഗ്നിഹോത്രിയും പാക്കനാരും ഉൾപ്പെടുന്ന പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യപ്പെരുമ ദേശത്തിന്റെ അന്തരീക്ഷത്തെ ചൂഴ്ന്നു വർത്തിക്കുന്നുണ്ട്. പുതിയങ്ങാടി വഴിയരികിൽ ഒരു സ്മാരകം കാണാം. അതു് പാക്കനാരുടെ അന്ത്യവിശ്രമസ്ഥാനമാണെന്നു പറയപ്പെടുന്നു. തൃത്താലയ്ക്കടുത്തുള്ളതും വേമഞ്ചേരി നമ്പൂതിരി സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നതുമായ പഴയ ക്ഷേത്രത്തിൽ വച്ചാണത്രെ തൊണ്ണൂറ്റൊമ്പത് അശ്വമേധയാഗങ്ങൾ നടന്നതു്. അഗ്നിഹോത്രിയുടെ വിഹാരരംഗമായ മേഴത്തോൾ ഗ്രാമം തൃത്താലയ്ക്കടുത്താണ്. കൗതുകമുണർത്തുന്ന വെള്ളിയാൻകല്ലും അകലെയല്ല.
കേരളാചാര ദീപികയിൽ തൃത്താലയെക്കുറിച്ചുള്ള പരാമർശം കാണാം. ഫ്രാൻസിസ് ബുക്കാനനും ബി.എസ്. വാർഡും തൃത്താലയെക്കുറിച്ചു പറയുന്നുണ്ടു്. അമ്പതോളം വീടുകളുള്ള ഒരു ചെറിയ ജനപദമായിരുന്നു തൃത്താല. തമിഴ്‌നാട്ടിൽനിന്ന് ടിപ്പു കൊണ്ടുവന്ന ഹിന്ദുക്കൾ വഴിയാത്രക്കാരുടെ ആവശ്യത്തിനായി കടകമ്പോളങ്ങൾ സ്ഥാപിച്ചു് വ്യാപാരം നടത്തിപ്പോന്നു. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും പൊന്നാനിക്കും തൃത്താല നിന്നു നിരത്തുകളുണ്ടായിരുന്നു. ജനത്തിരക്കുള്ള കവലയായിരുന്നു തൃത്താല. പക്ഷേ റോഡുകളുടെ സ്ഥിതി തുലോം മോശമായിരുന്നു. ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയായിരുന്നു. കൃഷിരീതിയെക്കുറിച്ചു പഠനം നടത്താനാണ് ബുക്കാനൻ തൃത്താല സന്ദർശിച്ചതെന്നു ഡയറിക്കുറിപ്പിൽ കാണുന്നു. പക്ഷേ കർഷകരുടെ നിസ്സഹകരണംമൂലം വിശദ പഠനം നടത്താനദ്ദേഹത്തിനു കഴിഞ്ഞില്ലത്രെ. നികുതി വർധിപ്പിക്കാൻ വന്ന സർക്കാരുദ്യോഗസ്ഥനാണെന്ന് തൃത്താല നിവാസികൾ തെറ്റിദ്ധരിച്ചുപോലും. 19-ാം ശതകത്തിലെ തൃത്താലയെപ്പറ്റി ബി.എസ്.വാർഡിന്റെ ഡയറിക്കുറിപ്പിൽ വിവരണമുണ്ട്. എ.ഡി.1820 ഫെബ്രുവരി 20നാണ് വാർഡ് തൃത്താല സന്ദർശിച്ചത്. കൂറ്റൻ ചുറ്റുമതിലോടു കൂടിയ ഒരു വലിയ ക്ഷേത്രം അദ്ദേഹം തൃത്താലയിൽ കണ്ടത്രെ. വഴിയാത്രക്കാർക്കുവേണ്ടി നിരവധി കടകളും തൃത്താലയിലുണ്ടായിരുന്നു. തൃത്താലയിലെ പഴയ സത്രം അഗ്നിബാധമൂലം വെന്തെരിഞ്ഞു കിടക്കുകയായിരുന്നു അന്നു്. പൊന്നാനിക്കുള്ള നിരത്ത് തൃത്താല വഴി കടന്നുപോയിരുന്നു. തൃത്താല ഒരു സുപ്രധാന കേന്ദ്രമായിരുന്നെന്നും ബി.എസ്. വാർഡിന്റെ ഡയറിക്കുറിപ്പിൽ കാണുന്നു.
തൃത്താലപ്പന്റെ ക്ഷേത്രം ചിരപുരാതനമാണു്. ആദിയിൽ ഇതൊരു ജൈനക്ഷേത്രമായിരുന്നിരിക്കാമെന്നു ചിലർ ഊഹിക്കുന്നു. സ്ഥലനാമം തൃത്താലപ്പനുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും പറയുന്നവരുണ്ട്. അഗ്നിഹോത്രിയുടെ അന്തർജനം പുഴയിൽ കുളിക്കാൻ പോയെന്നും കൂടെക്കൊണ്ടുവന്ന കിണ്ണം തേച്ചുകഴുകി ഒഴുകിപ്പോകാതിരിക്കാൻ മണൽ നിറച്ചുവച്ചെന്നും എടുക്കാൻ നോക്കിയപ്പോൾ താലം ഉറച്ചുപോയെന്നും അങ്ങനെ തൃത്താലപ്പന്റെ പ്രതിഷ്ഠയുണ്ടായെന്നുമാണ് ഐതിഹ്യം. തൃത്താലപ്പന്റെ വിഗ്രഹം മണൽ കൂടിയതുപോലാണത്രെ. താലത്തിലപ്പന്റെ സാന്നിധ്യംകൊണ്ട് തൃത്താല സ്ഥലനാമം നിഷ്പന്നമായത്രെ. പുഴ ക്ഷേത്രത്തിനു സമീപം എത്തുമ്പോൾ ലേശം വളഞ്ഞാണൊഴുകുന്നത്.
ഒന്നാംതരം നിരത്തുകളും കടകമ്പോളങ്ങളും ഒക്കെച്ചേർന്ന ജനത്തിരക്കേറിയ ചെറുനഗരമാണു് ഇന്നത്തെ തൃത്താല.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തൃത്താല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |