തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല
സ്ഥാപിതം2012
ചാൻസലർകേരളാ ഗവർണ്ണർ
വൈസ്-ചാൻസലർAnil Vallathol
സ്ഥലംമലപ്പുറം, കേരളം, ഇന്ത്യ
കായിക വിളിപ്പേര്മലയാള സർവകലാശാല, മലയാളം സർവകലാശാല
വെബ്‌സൈറ്റ്http://malayalamuniversity.edu.in/ml/

മലയാള ഭാഷാ പ്രോത്സാഹനത്തിനായി രൂപം കൊണ്ട കേരളത്തിലെ ഒരു സർവകലാശാല ആണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല[1]. മലയാളസർവകലാശാല, മലയാളം സർവകലാശാല എന്നും അറിയപ്പെടുന്നു. 2012 നവംബർ 1നു കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണ് മലയാളസർവകലാശാല ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ആണ് മലയാളസർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായി നിയമിതനായത്.2017 നവമ്പർ 1 ന് രണ്ടാമത്തെ വൈസ് ചാൻസലറായി ഡോ. ഉഷാ ടൈറ്റസ് സ്ഥാനമേറ്റെടുത്തു.

സർവകലാശാലയിൽ ഭാഷാവിജ്ഞാനകോശം, സാഹിത്യ കോശം,കലാകോശം,പൈതൃക പഠനകോശം വിജ്ഞാന പൈതൃക കോശം എന്നിങ്ങനെ അഞ്ച് പഠനവിഭാഗങ്ങളുണ്ട്.ഇവയുടെ കീഴിൽ മലയാളഭാഷ, സാഹിത്യം, താരതമ്യസാഹിത്യം, പരിഭാഷ, രംഗപഠനം, ദൃശ്യകല, വാസ്തുവിദ്യ, സാംസ്കാരികപഠനം,മാധ്യമപഠനം,വിജ്ഞാനപൈതൃകം എന്നീ പഠനാലയങ്ങൾ തുടങ്ങുമെന്ന് പറയപ്പെടുന്നു. മലയാളം ഭാഷാശാസ്ത്രം, കവിത, നോവൽ, നാടകം, കേരളീയ രംഗകലകൾ, കേരളീയ സംഗീതം, കേരളീയ ദൃശ്യകല, സാംസ്കാരിക നരവംശശാസ്ത്രം, കേരള സംസ്കാര പഠനം, കേരളപൈതൃകപഠനം, കേരളമാദ്ധ്യമ പഠനം എന്നിങ്ങനെ 12 വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദകോഴ്സുകളുമാണ് . മറ്റു ഭാഷാചരിത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് മലയാളഭാഷാ ചരിത്രത്തെ പഠിക്കുക, അതിന്റെ പ്രാചീനത നിശ്ചയിക്കുക കംപ്യൂട്ടർ സാങ്കേതിക വിദ്യക്കനുസരിച്ചുള്ള ലിപിപരിഷ്കരണം, ആധുനിക ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കാനാവശ്യമായ പദസമുച്ചയനിർമ്മിതി എന്നിവ ഭാഷാ വിജ്ഞാനകോശത്തിന്റെ ലക്ഷ്യങ്ങളായി പറയുന്നുണ്ട്.[2]

പഠന വിഭാഗങ്ങൾ[തിരുത്തുക]

ഭാഷാവിജ്ഞാനകോശം[തിരുത്തുക]

മറ്റു ഭാഷാചരിത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് മലയാളഭാഷാ ചരിത്രത്തെ പഠിക്കുക, അതിന്റെ പ്രാചീനത നിശ്ചയിക്കുക, കംപ്യൂട്ടർ സാങ്കേതിക വിദ്യക്കനുസരിച്ചുള്ള ലിപിപരിഷ്കരണം, ആധുനിക ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കാനാവശ്യമായ പദസമുച്ചയനിർമിതി എന്നിവ ഭാഷാ വിജ്ഞാനകോശത്തിന്റെ ലക്ഷ്യങ്ങളാണ്.

സാഹിത്യപഠനകോശം[തിരുത്തുക]

മൺമറഞ്ഞ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികൾ സമാഹരിക്കുക, എഴുത്തുകാരുടെ ജീവിതവും സാഹിത്യവും ദൃശ്യരൂപത്തിൽ രേഖപ്പെടുത്തുക, സാഹിത്യത്തിന്റെ വിപുലമായ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കാണ് സാഹിത്യപഠനകോശം മുൻഗണനൽകുന്നത്. മലയാള സാഹിത്യത്തിലെ പ്രസ്ഥാനങ്ങൾക്കു സമാനമായ അന്യഭാഷകളിലെ സാഹിത്യപ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുക, മലയാളത്തിലേക്കും പുറത്തേക്കുമുള്ള വിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദേശ പ്രസാധകരുമായി ചേർന്ന് മലയാളകൃതികൾക്ക് ആഗോളനിലവാരമുള്ള വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവയും സാഹിത്യ പഠനകോശത്തിന്റെ ലക്ഷ്യങ്ങളാണ്.

കലാകോശം[തിരുത്തുക]

കേരളീയ പരമ്പരാഗത കലകളുടെയും ക്ലാസിക്കൽ കലകളുടെയും അക്കാദമിക പഠനമാണ് കലാകോശം ലക്ഷ്യമിടുന്നത്. ഇവ ഡോക്യുമെന്റ് ചെയ്യുന്നതിനും മുൻഗണന നൽകുന്നു.

പൈതൃക പഠനകോശം[തിരുത്തുക]

കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയെക്കുറിച്ചുള്ള പഠനങ്ങൾക്കാണ് പൈതൃകപഠനകോശം പ്രാധാന്യം കൽപ്പിക്കുന്നത്.

വിജ്ഞാന പൈതൃക കോശം[തിരുത്തുക]

ഗണിതം, ആയുർവേദം, ജ്യോതിഷം, ജ്യോതിശാസ്ത്രം, ഗോത്രവിജ്ഞാനം ഇവയെക്കുറിച്ചുള്ള പഠനം, ഇതിന്റെ പരിരക്ഷ, ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഇവയ്ക്കുള്ള സ്വീകാര്യതയെക്കുറിച്ചുള്ള പര്യാലോചനകൾ തുടങ്ങിയവയാണ് വിജ്ഞാനപൈതൃകകോശം ലക്ഷ്യമാക്കുന്നത്.

രാജാരവിവർമ, സ്വാതിതിരുനാൾ, ഹെർമൻ ഗുണ്ടർട്ട്, കുമാരനാശാൻ, സി.വി. രാമൻപിള്ള എന്നിവരുടെ പേരിലുള്ള പഠന ചെയറുകളും സർവകലാശാലയിലുണ്ടാകും.

അവലംബം[തിരുത്തുക]

  1. മലയാളം സർവകലാശാലാബിൽ പാസായി; അനധ്യാപകനിയമനം പി.എസ്.സി വഴി
  2. കെ എം ഭരതൻ (2013 ജൂലൈ 8). "മലയാളത്തിന് സർവകലാശാല വരുമ്പോൾ". ശേഖരിച്ചത് 2013 ജൂലൈ 8.