Jump to content

തീർത്ഥപാദപരമഹംസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീർത്ഥപാദപരമഹംസർ
തീർത്ഥപാദപരമഹംസർ
ജനനം
നാണുക്കുറുപ്പ്

പറവൂർ
മരണം
ചങ്ങനാശ്ശേരി
ദേശീയതഇന്ത്യൻ
തൊഴിൽസന്ന്യാസി വര്യൻ
അറിയപ്പെടുന്നത്വാഴൂർ തീർത്ഥപാദാശ്രമം

ചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനായിരുന്നു വാഴൂർ തീർത്ഥപാദപരമഹംസർ(19 ഒക്ടോബർ 1881 - 11 സെപ്റ്റംബർ 1938 ). മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശ്രമമായ വാഴൂർ ‘തീർത്ഥപാദാശ്രമം’ സ്ഥാപിച്ചു.

ജീവിതരേഖ

[തിരുത്തുക]

പറവൂർ വടക്കേക്കരയിൽ മഠത്തിൽ എന്ന കുടുംബത്തിൽ 1881 ഒക്ടോബർ 19നാണ് സ്വാമികളുടെ ജനനം. തോട്ടത്തിൽ നാണുക്കുറുപ്പ് എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രസിദ്ധ പണ്ഡിതന്മാരായിരുന്ന മേനാക്കൈയ്മൾ വേലുണ്ണിത്താൻ, മേനാക്കൈയ്മൾ കൃഷ്ണനുണ്ണിത്താൻ, ഓണാക്കയ്മൾ കൃഷ്ണനുണ്ണിത്താൻ എന്നിവരിൽ നിന്നും അദ്ദേഹം പ്രാഥമികവിദ്യാഭ്യാസവും മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യവും നേടി. പതിനാലാം വയസ്സിൽ ശങ്കരഗിരി എന്ന യോഗിയിൽ നിന്നും ഹഠയോഗം അഭ്യസിച്ചു. തമിഴ്ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം, ചിദംബരം ക്ഷേത്രത്തിനടുത്തുള്ള കൊവിലൂർ മഠത്തിലെ ചിദംബരസ്വാമികളിൽ നിന്നും ‘കൈവല്യനവനീതം’ എന്ന തമിഴ് വേദാന്തഗ്രന്ഥം പരിചയപ്പെട്ടു. യാത്രയ്ക്ക് ശേഷം തിരികെയെത്തിയ സ്വാമികൾ ചേന്നമംഗലം അയ്യാശാസ്ത്രി, വിദ്വാൻ രാമുണ്ണി ഇളയത് എന്നിവരിൽ നിന്നും തർക്കവ്യാകരണാദിശാസ്ത്രങ്ങൾ പഠിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻത്തമ്പുരാൻ, കാത്തൊള്ളി അച്യുതമേനോൻ മുതലായ പണ്ഡിതകവികളുമായും അടുപ്പമുണ്ടായിരുന്നു. ചേന്ദമംഗലത്ത് പഠിച്ചുകൊണ്ടിരുന്ന കാലത്ത് ചട്ടമ്പിസ്വാമികളുമായി പരിചയത്തിലായി. സ്വാമികൾ ബാലനായ നാണുക്കുറുപ്പിന് ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ നൽകി. സ്വാമികളിൽ നിന്നും യോഗശാസ്ത്രത്തിലെ വിദ്യകൾ അഭ്യസിക്കുവാനും ദശോപനിഷത്തുകൾ, ബ്രഹ്മസൂത്രങ്ങൾ, ശ്രീമദ് ഭഗവദ്ഗീതാ എന്നിവ ശാങ്കരഭാഷ്യസഹിതം പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ചട്ടമ്പിസ്വാമികളുമായി കോടനാട് വനപ്രദേശത്തിൽ അദ്ദേഹം താമസിച്ചു. സന്ന്യാസ ദീക്ഷ സ്വീകരിച്ച് തീർത്ഥപാദപരമഹംസർ എന്ന സന്ന്യാസിയായി.

ചട്ടമ്പിസ്വാമികളുടെ പരമ്പരയാ ഉള്ള ആദ്ധ്യാത്മികോപദേശങ്ങൾക്കാണ് തീർത്ഥപാദസമ്പ്രദായം എന്നു പറയുന്നത്. തീർത്ഥപാദസമ്പ്രദായത്തിലെ സന്ന്യാസിമാർക്കായി ഒരു ആശ്രമവ്യവസ്ഥ സ്ഥാപിച്ചത് പരമഹംസരാണ്. കൊല്ലവർഷം 1087 ൽ അദ്ദേഹം കോട്ടയം ജില്ലയിലെ വാഴൂരിൽ ‘തീർത്ഥപാദാശ്രമം’ സ്ഥാപിച്ചു. ചട്ടമ്പിസ്വാമികളുടെ ഷഷ്ടിപൂർത്തിസ്മാരകമായി എഴുമറ്റൂരിൽ ‘പരമഭട്ടാരാശ്രമവും അയിരൂരിൽ പമ്പാതീരത്ത് ഗുരുകുലാശ്രമവും സ്ഥാപിച്ചു. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമഹാമണ്ഡലം ആരംഭിച്ചത് തീർത്ഥപാദരുടെ നിർദ്ദേശപ്രകാരമാണ്. വാഴൂർ ദേശത്ത് നിലനിന്നിരുന്ന തെരണ്ടുകുളികല്യാണം, താലികെട്ടുകല്യാണം തുടങ്ങിയ അനാചാരങ്ങളെ ഇല്ലാതെയാക്കാൻ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാൽ രണ്ടു സ്‌കൂളുകൾ വാഴൂരിൽ പ്രവർത്തിക്കാനാരംഭിച്ചു. വാഴൂർ തീർത്ഥപാദാശ്രമം സ്ഥിതി ചെയ്യുന്ന കുതിരവട്ടം എന്ന പ്രദേശം തീർത്ഥപാദപുരം എന്നാണ് ഇന്ന് അറിയപ്പെടുന്നത്.

ജാതിഭേദം ഇല്ലതെയാകുവാൻ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്നും അത് സാദ്ധ്യമാക്കുന്നതിന് ഒരു ‘വിവാഹമഹാസഭ’ രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, ആശൌചപരിഷ്‌കാരം എന്നിവയിലെല്ലാം സ്വാമിജിയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. നായർസമുദായത്തെ തന്റെ പ്രഭാഷണങ്ങൾ, ലേഖനങ്ങൾ ഉപദേശങ്ങൾ എന്നിവയിലൂടെ അദ്ദേഹം ഉത്തേജിപ്പിച്ചു. നായർ സമുദായാചാര്യനായ മന്നത്തുപദ്മനാഭൻ തീർത്ഥപാദരുടെ ഗൃഹസ്ഥശിഷ്യനാണ്. സ്വാമികളുടെ പ്രേരണയാലാണ് മന്നം സാമുദായികോന്നമന രംഗത്ത് സജീവമായത്. പെരുന്നയിലെ ആദ്യ കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത് തീർത്ഥപാദരായിരുന്നു.

‘നായർപുരുഷാർത്ഥസാധിനീസഭ’ സ്ഥാപിച്ച് നായർ സമുദായത്തെ ദുരഭിമാനത്തിൽ നിന്നും മോചിപ്പിക്കുവാൻ പരിശ്രമിച്ചു. ആദ്ധ്യാത്മികപ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം കേന്ദ്രമാക്കി ‘അദ്ധ്യാത്മമിഷൻ’ എന്ന സംഘടന സ്ഥാപിച്ചു. സ്ത്രീസമുദായോദ്ധരണം ലക്ഷ്യമാക്കി ശിഷ്യയായ ചിന്നമ്മ അമ്മ സ്ഥാപിച്ച ‘ഹിന്ദുമഹിളാമന്ദിരത്തിന്’ ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകി. സനാതനധർമ്മപരിചയം പരിചയപ്പെടുത്താൻ കേരളമൊട്ടാകെ സഞ്ചരിച്ച് പ്രസംഗങ്ങൾ നടത്തി. 11 സെപ്റ്റംബർ 1938 ന് അന്തരിച്ചു.

കൃതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തീർത്ഥപാദപരമഹംസർ&oldid=3530377" എന്ന താളിൽനിന്ന് ശേഖരിച്ചത്