തീസിയസിന്റെ കപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിഭൗതികത്തിലെ സ്വത്വബോധത്തെപറ്റിയുള്ള ഒരു ചിന്താപരീക്ഷണമാണ് തീസിയസിന്റെ കപ്പൽ അഥവാ തീസിയസിന്റെ പാരഡോക്സ്. ഒരു കപ്പൽ (അഥവാ ഏതെങ്കിലും ഒരു വസ്തു) ഉണ്ടെന്നു കരുതുക. പടിപടിയായി അതിന്റെ ഓരോരോ ഭാഗങ്ങൾ മാറ്റി പുതിയ ഭാഗങ്ങൾ വെച്ചുകൊണ്ടിരുന്നാൽ അത് അപ്പോഴും പഴയ കപ്പൽ തന്നെയായി നിലനിൽക്കുമോ എന്നുള്ള ചോദ്യമാണിത്.

ചിന്താപരീക്ഷണം[തിരുത്തുക]

ക്യോത്തോയിലെ ടെംപിൾ ഓഫ് ദി ഗോൾഡൻ പവലിയൻ. പതിനാലാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ ക്ഷേത്രം പല പ്രാവശ്യം അഗ്നിയ്ക്ക് ഇരയായി പുനർനിർമ്മിക്കപ്പെട്ടു. ആദ്യം പണി കഴിപ്പിയ്ക്കപ്പെട്ട ക്ഷേത്രം തന്നെയാണോ ഇത്?

പുരാതന ഗ്രീസിലെ യുദ്ധനായകനായിരുന്ന തീസിയസിന്റെ ഒരു കപ്പൽ ഏതെങ്കിലും ഒരു തുറമുഖത്തിൽ ഒരു പുരാവസ്തുവായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് വിചാരിയ്ക്കുക. കാലം കഴിയുന്തോറും മരം കൊണ്ടുണ്ടാക്കിയ ഇതിന്റെ ഭാഗങ്ങൾ ദ്രവിച്ചു വരുന്നു. ഇത്തരം ദ്രവിച്ച ഭാഗങ്ങൾ എടുത്തുകളഞ്ഞു പുതിയ ഭാഗങ്ങൾ വെയ്ക്കുന്നു എന്ന് കരുതുക. ഏതാണ്ട് ഒരു നൂറ്റാണ്ടിനുള്ളിൽ അതിന്റെ എല്ലാ ഭാഗങ്ങളും ദ്രവിച്ചു പോവുകയും അതിനെല്ലാത്തിനും പുതിയ ഭാഗങ്ങൾ ഫിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഈ അവസ്ഥയിൽ "നന്നാക്കിയെടുത്ത" കപ്പൽ തീസിയസിന്റെ കപ്പൽ തന്നെയാണോ?

ഇനി ഈ ദ്രവിച്ചുപോയ ഭാഗങ്ങളെല്ലാം കളയാതെ എവിടെയെങ്കിലും സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു എന്ന് കരുതുക. ഏറെ നാളുകൾക്ക് ശേഷം ഇത്തരം ദ്രവിച്ച മരക്കഷണങ്ങളെ നന്നാക്കിയെടുക്കാനുള്ള ഒരു സാങ്കേതികവിദ്യ കണ്ടെത്തിയെന്നും വിചാരിയ്ക്കുക. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് ആ ഭാഗങ്ങൾ നന്നാക്കിയെടുത്ത് വേറെ ഒരു കപ്പൽ ഉണ്ടാക്കിയാൽ അതും തീസിയസിന്റെ കപ്പൽ ആണോ? അങ്ങനെയാണെങ്കിൽ പുരാവസ്തുവായി തുറമുഖത്തിൽ ഇട്ടിരിയ്ക്കുന്ന ആദ്യത്തെ കപ്പലോ?

വിവിധ പരിഹാരങ്ങൾ[തിരുത്തുക]

സ്വത്വം കാലത്തെ അതിജീവിയ്ക്കുന്നില്ല[തിരുത്തുക]

ഇത് പ്രകാരം ഒരു നിമിഷത്തിൽ ഉള്ള ഒരു വസ്തുവും അടുത്ത നിമിഷത്തിലുള്ള വസ്തുവും (സാമാന്യഭാഷയിലെ അതേ വസ്തുവും!) ഒന്നായി കാണാൻ സാധ്യമല്ല. അതായത് ഒരു വസ്തു-അതിന്റെ ഒരു നിമിഷത്തെ നിലനിൽപ്പ് എന്നത് സ്ഥലകാലത്തിലെ ഒരേ ഒരു ബിന്ദുവാണ്. അടുത്ത നിമിഷം-ആ വസ്തു എന്നതിന് തികച്ചും വ്യത്യസ്തമായ ഒരു സ്വത്വം ആണുള്ളത്. (ഇവിടെ '' എന്ന പ്രയോഗം തികച്ചും ശരിയല്ല. കാരണം അതിൽ അന്തർലീനമായ ഒരു സ്വത്വസൂചനയുണ്ട്. അങ്ങനെ ഒന്ന് പാടില്ല എന്നാണ് ഈ ചിന്താഗതി ശഠിയ്ക്കുന്നത്). രണ്ടു വ്യത്യസ്ത നിമിഷങ്ങളിൽ ഉള്ള ഒരേ വസ്തുവിന് (ഭാഗങ്ങൾ ഒന്നും മാറ്റാതെ തന്നെ) വ്യത്യസ്ത സ്വത്വം ആണുള്ളതെങ്കിൽ ഭാഗങ്ങൾ മാറ്റിയതിന് സ്വാഭാവികമായും വ്യത്യസ്ത സ്വത്വങ്ങൾ ആണുണ്ടാകുക. സാമാന്യജനത്തിന്റെ സ്വത്വബോധത്തിന് കടകവിരുദ്ധമായ ഒരു നിലപാടാണിത്.

ഗ്രീക്ക് ചിന്താകാനായിരുന്ന ഹെരാക്ലീറ്റസ് ആണ് ഈ പരിഹാരം ആദ്യം നിർദ്ദേശിച്ചത്. അദ്ദേഹം തീസിയസിന്റെ കപ്പലിന് സാമാനമായ ഒരു പ്രശ്നത്തിന്റെ പരിഹാരത്തിനാണ് ഇത് നിർദ്ദേശിച്ചത്. ഒരു പുഴയിലെ വെള്ളം സ്ഥിരമായി ഒഴുകി കടലിൽ ചേർന്നു കൊണ്ടിരിയ്ക്കുന്നു, പുഴയിൽ പുതിയ വെള്ളം വന്നുകൊണ്ടിരിയ്ക്കുന്നു. അതിനാൽ എല്ലാ സമയത്തും കാണുന്നത് ഒരേ പുഴ തന്നെയാണോ എന്നുള്ള പ്രശ്നമായിരുന്നു അദ്ദേഹം പരിഗണിച്ചത്. അരിയൂസ് ഡിഡിമോസ് ഹെരാക്ലീറ്റസ് ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തുന്നു : "ഒരേ പുഴയിലേയ്ക്ക് വ്യത്യസ്ത സമയങ്ങളിൽ ഇറങ്ങുന്നവർ വ്യത്യസ്തമായ പുഴയെയാണ് കാണുന്നത്"("upon those who step into the same rivers, different and again different waters flow").[1] 

ഉപയോഗയോഗ്യതാവാദം ഉദ്ധരിച്ചുള്ള അനുസ്യൂതസ്വത്വം[തിരുത്തുക]

അരിസ്റ്റോട്ടിലിന്റെ നാലു വാദങ്ങളിൽ നാലാമത്തേതാണ് ഒരു വസ്തു എന്തിനു വേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു എന്നത് ആ വസ്തുവിന്റെ സ്വത്വത്തെ നിർണയിയ്ക്കുന്നു എന്നുള്ളത്. ഈ വാദം പ്രകാരം ഒരു കപ്പൽ ആളുകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് എത്തിയ്ക്കാനുള്ള ഒരു ഉപായമാണ്. തീസിയസിന്റെ കപ്പലിന് തീസിയസിനെ പേറാനും അഥീനക്കാർക്ക് അദ്ദേഹത്തിന്റെ നിലനിൽപ്പിനെ വ്യക്തമാക്കികൊടുക്കാനുമുള്ള ഒരു ഉപായമാണ്. അതിലെ ഭാഗങ്ങൾ മാറിയാലും ആ കപ്പലിന്റെ ആ പ്രത്യേക ഉപയോഗയോഗ്യതാ നിലനിൽക്കുന്നിടത്തോളം അത് ഒരേ കപ്പൽ തന്നെയായി നിലനിൽക്കുന്നു എന്നതാണ് ഈ വാദപ്രകാരമുള്ള പ്രശ്നപരിഹാരം.

ഒരേ കപ്പലിന് ഒരേ സമയം പല സ്ഥലങ്ങളിൽ നിലനിൽക്കാം[തിരുത്തുക]

ഈ പരിഹാരം പറയുന്നത് തുറമുഖത്തു കിടക്കുന്ന കപ്പലിനും പുതുക്കിയ മരകഷണങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത കപ്പലിനും ഒരേ സമയം തീസിയസിന്റെ ശരിയ്ക്കും ഉണ്ടായിരുന്ന കപ്പലിന്റെ സ്വത്വം അവകാശപ്പെടാം എന്നാണ്.

നോൺ-അറ്റോമിക് ലോജിക്[തിരുത്തുക]

ബെർട്രാൻഡ് റസ്സലിന്റെ ലോജിക്കൽ അറ്റോമിസം പ്രകാരം ലോകത്തിലെ വസ്തുതകൾ (facts) ഒന്നിനോടൊന്ന് ബന്ധപ്പെട്ടല്ല കിടക്കുന്നത്. ഈ അണുവാദത്തെ ഖണ്ഡിച്ചാണ് തീസിയസിന്റെ കപ്പൽ എന്ന പാരഡോക്സിന്റെ അടുത്ത പരിഹാരം നിർദ്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഇത് പ്രകാരം തുറമുഖത്ത് നന്നാക്കിയെടുത്ത കപ്പൽ ആണ് തീസിയസിന്റെ ശരിയ്ക്കുമുള്ള കപ്പലിന്റെ സ്വത്വം പേറുന്നത്. എന്നാൽ പഴയ കപ്പലിന്റെ ജീർണിച്ച മരക്കഷണങ്ങൾ പുതുക്കിയെടുത്ത് വേറൊരു കപ്പൽ ഉണ്ടാക്കുമ്പോൾ അതിന് പഴയ കപ്പലിന്റെ സ്വത്വം മാറ്റികിട്ടുന്നു. അതോടെ തുറമുഖത്തെ കപ്പലിന് സ്വത്വം നഷ്ടപ്പെടുന്നു. ഭൗതികമായി ഇത് അസാധ്യമാണെങ്കിലും (കാരണം ഇവിടെ സ്വത്വം കൈമാറാൻ " ദൂരെ നടത്തുന്ന ഒരു പ്രവൃത്തി/Action at a distance" അത്യാവശ്യമാണ്. ഇത് ഭൗതികനിയമങ്ങൾ പ്രകാരം സാധ്യമല്ല[2][3]) മനഃശാസ്‌ത്രപരമായി ഇതിൽ അപാകതയൊന്നുമില്ലെന്നാണ് കാന്റിയൻ അതിഭൗതികവാദികൾ വാദിയ്ക്കുക.

ഉദാഹരണത്തിന് രണ്ടു കപ്പലുകളും കാണാൻ ഒരു ഫീസ് ഉണ്ടെന്നിരിയ്ക്കട്ടെ. തുറമുഖത്തെ കപ്പൽ കാണാൻ ആണ് ആളുകൾ ആദ്യം പൈസ മുടക്കുക. എന്നാൽ പഴയ മരക്കഷണങ്ങൾ വെച്ച് ഉണ്ടാക്കിയെടുത്ത കപ്പൽ തയ്യാറാക്കിയെടുത്താൽ ഉടനെ തന്നെ അത് കാണാൻ ആയിരിയ്ക്കും ആളുകൾക്ക് കൂടുതൽ താല്പര്യം.

അവലംബങ്ങൾ[തിരുത്തുക]

  1. Didymus, Fr 39.2, Dox. gr. 471.4
  2. Hesse, Mary B. (December 1955). "Action at a Distance in Classical Physics". JSTOR 227576. {{cite journal}}: Cite journal requires |journal= (help)
  3. Clerk Maxwell (1873) A Treatise on Electricity and Magnetism, pages 426 to 38, link from Internet Archive
"https://ml.wikipedia.org/w/index.php?title=തീസിയസിന്റെ_കപ്പൽ&oldid=3084608" എന്ന താളിൽനിന്ന് ശേഖരിച്ചത്