തീച്ചിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീച്ചിന്നൻ
Small Minivet (Male) I IMG 8064.jpg
ആൺ തീച്ചിന്നൻ, രാജസ്ഥാനിലെ ഭരത്പൂർ പക്ഷിസങ്കേതത്തിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Campephagidae
ജനുസ്സ്: Pericrocotus
വർഗ്ഗം: P. cinnamomeus
ശാസ്ത്രീയ നാമം
Pericrocotus cinnamomeus
Linnaeus, 1766

കാംപിഫാഗിഡേ പക്ഷി കുടുംബത്തിൽപ്പെടുന്ന ഒരിനം പക്ഷിയാണ് തീച്ചിന്നൻ. ഇവയ്ക്ക് ആറ്റക്കുരുവിയേക്കാൾ വലിപ്പം കുറവാണ്. ഈ പക്ഷികളുടെ ശാസ്തീയനാമം പെരിക്രോകോട്ടസ് സിന്നമോമിയസ് എന്നാണ്. ശ്രീലങ്ക, മ്യാൻമർ, തായ്‌ലാൻഡ്, ഇന്ത്യ എന്നിവിടങ്ങളിലെ അർധനിത്യഹരിത വനപ്രദേശങ്ങളിലും ഇലകൊഴിയും വനപ്രദേശങ്ങളിലും 1050 മീറ്റർ വരെ ഉയരമുള്ള മറ്റു പ്രദേശങ്ങളിലും ഇവയെ കാണാൻ കഴിയും. തേയിലത്തോട്ടങ്ങൾ, റബ്ബർ തോട്ടങ്ങൾ, പഴവർഗത്തോട്ടങ്ങൾ, നാട്ടിൻപുറങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.

ശരീരഘടന[തിരുത്തുക]

ആൺപക്ഷിയുടെ തലയും പുറംകഴുത്തും മുതുകും ചാരനിറ മായിരിക്കും. താടിക്കും കഴുത്തിനും ചിറകുകൾക്കും വാലിനും കറുപ്പു നിറമാണെങ്കിലും അവിടവിടെയായി ചുവപ്പുനിറത്തിലുള്ള അടയാളങ്ങളുണ്ട്. അടിഭാഗം ഇളം മഞ്ഞനിറവും വാലിനു തൊട്ടു മീതെ മുതുകും മാറിടവും കടുംചുവപ്പുനിറവുമായിരിക്കും. പെൺപക്ഷികൾക്കും കുഞ്ഞുങ്ങൾക്കും താടിയിലും കഴുത്തിലും കറുപ്പുനിറം ഉണ്ടായിരിക്കില്ല. ഇവയുടെ മാറിടവും താടിയും കഴുത്തുമെല്ലാം മഞ്ഞ കലർന്ന ചാരനിറമായിരിക്കും. വാലിനു മീതെയുള്ള ഭാഗത്തിന് കടുംചുവപ്പുനിറമാണ്. നീണ്ടു നേരിയ വാൽ തീച്ചിന്നൻ പക്ഷികളുടെ സവിശേഷതയാണ്.

തീച്ചിന്നൻ പക്ഷികൾ ഉയരം കൂടിയ മരങ്ങളിലിരുന്ന് സദാ വാലും ചിറകുകളും ചലിപ്പിച്ച് ഇളകിക്കൊണ്ടിരിക്കും. വൃക്ഷങ്ങൾ തോറും പറന്നു കളിച്ച് ചെറുപാറ്റകളേയും പുഴുക്കളേയും ഇവ പിടിച്ചു ഭക്ഷിക്കുന്നു.

താമസം[തിരുത്തുക]

വേനൽക്കാലാവസാനത്തോടെയും മഴക്കാലാരംഭത്തോടെയുമാണ് തീച്ചിന്നൻ പക്ഷികൾ കൂടുകെട്ടുക. വൃക്ഷശാഖകളുടെ കക്ഷ്യങ്ങൾക്കകവശത്തായിട്ടാണ് ഇവ കൂടുണ്ടാക്കുന്നത്. ചകിരിയും സസ്യഭാഗങ്ങളും മറ്റും ഉപയോഗിച്ചു നിർമ്മിക്കുന്ന വളരെ ചെറിയ കൂട് അതിനേർമയായ വലപോലുള്ള നൂലുകൊണ്ടു പൊതിഞ്ഞിരിക്കും.

പ്രജനനം[തിരുത്തുക]

തീച്ചിന്നൻ പക്ഷികൾ ഒരു പ്രജനന ഘട്ടത്തിൽ മൂന്ന് മുട്ടകളിടുന്നു. പച്ച കലർന്ന വെള്ള നിറമുള്ള മുട്ടകളിൽ ചുവപ്പു നിറമുള്ള ഒരു വലയം കാണാം. മുട്ടകൾക്ക് 16.5 - 13.5 മില്ലിമീറ്റർ വലിപ്പമുണ്ടാകും. ആൺ പെൺ പക്ഷികളൊരുമിച്ച് കൂടുകെട്ടുകയും, അടയിരുന്നു മുട്ട വിരിയിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.


Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തീച്ചിന്നൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തീച്ചിന്നൻ&oldid=2283323" എന്ന താളിൽനിന്നു ശേഖരിച്ചത്