തിരുവേഗപ്പുറ ശങ്കരനാരായണക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം-ആകാശവീക്ഷണം

പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്തുള്ള തിരുവേഗപ്പുറയിൽ, ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ തീരത്ത് കാണപ്പെടുന്ന ഒരു ക്ഷേത്രമാണ് തിരുവേഗപ്പുറ ശിവ-ശങ്കരനാരായണ-മഹാവിഷ്ണുക്ഷേത്രം. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലേതുപോലെ പരമശിവൻ, പാർവ്വതീദേവി, മഹാവിഷ്ണു, ശങ്കരനാരായണൻ എന്നിവർ പ്രധാനമൂർത്തികളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ മൂന്നുതരം ശ്രീകോവിലുകളും (ശിവന്റെയും പാർവ്വതിയുടെയും ശ്രീകോവിൽ ഒന്നാണ്), മൂന്നു കൊടിമരങ്ങളും പ്രതിഷ്ഠകൾക്കുണ്ട്. തൂതപ്പുഴയുടെ കിഴക്കേ തീരത്ത് കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളാഞ്ചേരിയിൽ നിന്ന് ഇവിടേയ്ക്ക് അഞ്ച് കിലോമീറ്ററേയുള്ളൂ. ക്ഷേത്രവളപ്പിൽ കൂത്തമ്പലവും ഊട്ടുപുരയുമുണ്ട്. ഗണപതി, ദക്ഷിണാമൂർത്തി, ത്രിപുരാന്തകൻ, വേട്ടയ്ക്കൊരുമകൻ, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കുംഭമാസത്തിൽ തിരുവാതിര നാൾ ആറാട്ടായി എട്ടുദിവസം ഉത്സവം, കുംഭമാസത്തിലെത്തന്നെ ശിവരാത്രി, വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി, മേടമാസത്തിലെ ഭഗവതിപ്പാട്ട് എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ.

ഊരാളൻ[തിരുത്തുക]

മെൽ ദേവസ്വത്തിന്റെ അധികാരിമാരായ ഊരാളന്മാർ ചേർന്നു ക്ഷേത്രത്തിൻറെ ഭരണം നിർവഹിച്ചുവരുന്നു.

ഐതിഹ്യം[തിരുത്തുക]

മഹാവിഷ്ണു[തിരുത്തുക]

ശങ്കരനാരായണന്റെയും ശിവന്റെയും പേരുകളിലാണ് ക്ഷേത്രം സാധാരണയായി പറഞ്ഞുകേൾക്കാറുള്ളതെങ്കിലും ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠ വാസ്തവത്തിൽ വടക്കുഭാഗത്തെ ശ്രീകോവിലിൽ കുടികൊള്ളുന്ന മഹാവിഷ്ണുഭഗവാനാണ്. ക്ഷേത്രത്തിലെ വിഷ്ണുപ്രതിഷ്ഠയ്ക്ക് കൃതയുഗത്തോളം പഴക്കമുണ്ടെന്നും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് കപിലമഹർഷിയാണെന്നും പറയപ്പെടുന്നു.

പരമശിവൻ[തിരുത്തുക]

തിരുവേഗപ്പുറ ക്ഷേത്രത്തിലെ പ്രധാന മൂർത്തികളിലൊരാളായ പരമശിവനെ പ്രതിഷ്ഠിച്ചത് വിഷ്ണുവാഹനമായ ഗരുഡനാണെന്ന് വിശ്വസിയ്ക്കുന്നു. തിരുവേഗപ്പുറ എന്ന സ്ഥലനാമത്തിനുപിന്നിലും പറയപ്പെടുന്നത് ഈ ശിവപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കഥയാണ്. അതിങ്ങനെ:

പാലാഴിമഥനത്തിനുശേഷം ഗരുഡന് ഘോരമായ സർപ്പകോപം പിടിപെട്ടു. തന്മൂലം രോഗബാധിതനായ ഗരുഡൻ പരിഹാരത്തിനായി ബ്രഹ്മാവിനെ ചെന്നുകണ്ടു. ശിവഭജനമാണ് രോഗത്തിനുള്ള പ്രതിവിധിയായി ബ്രഹ്മാവ് നിർദ്ദേശിച്ചത്. അതനുസരിച്ച് ഗരുഡൻ ഗംഗാനദിയിൽ നിന്ന് അതിവിശിഷ്ടമായ ഒരു ശിവലിംഗം കൊണ്ടുവരികയും അതിവേഗം പറന്ന് തൂതപ്പുഴയുടെ തീരത്തെത്തി അവിടെ പ്രതിഷ്ഠിയ്ക്കുകയും തുടർന്ന് അതിവേഗത്തിൽ അവിടെനിന്ന് പറന്നുപോകുകയും ചെയ്തു. ഗരുഡൻ വേഗത്തിൽ വന്ന് പ്രതിഷ്ഠ കഴിച്ച് പറന്നുപോയ സ്ഥലം തിരുവേഗപ്പറ എന്നും കാലാന്തരത്തിൽ തിരുവേഗപ്പുറ എന്നും അറിയപ്പെട്ടു.

ശങ്കരനാരായണൻ[തിരുത്തുക]

അദ്വൈത സിദ്ധാന്തത്തിന്റെ മുഖ്യപ്രയോക്താവായിരുന്ന ആദിശങ്കരാചാര്യർ തന്റെ ദേശാടനത്തിനിടയിൽ തിരുവേഗപ്പുറ ക്ഷേത്രത്തിൽ വരാനിടയാകുകയും ഇരുപ്രതിഷ്ഠകളുടെയും മഹിമ മനസ്സിലാക്കുകയും ചെയ്തു. അക്കാലത്ത് പോരടിച്ചിരുന്ന ശൈവ-വൈഷ്ണവ വിഭാഗക്കാരെ ഒന്നിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഇരുചൈതന്യങ്ങളെയും സംയോജിപ്പിച്ച് പുതിയൊരു ചൈതന്യം സൃഷ്ടിച്ചെടുത്തു. അതാണ് ശങ്കരനാരായണൻ.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തിരുവേഗപ്പുറ ഗ്രാമത്തിന്റെ പടിഞ്ഞാറുഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. സൈലന്റ് വാലിയിൽ നിന്നൊഴുകിവരുന്ന തൂതപ്പുഴ, ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളെ തഴുകിയൊഴുകുന്നു. ശിവന്റെ നടയ്ക്കുനേരെ മുന്നിലായി ക്ഷേത്രഗോപുരം പണിതിരിയ്ക്കുന്നു. ഇതുമൂലം അജ്ഞാതനാ(യാ)യ ഒരു ഭക്ത(ൻ), ആദ്യമായി ക്ഷേത്രത്തിൽ വരുമ്പോൾ, ശിവന്നുതന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. ഗോപുരത്തോടുചേർന്ന് ഒരു ചെറിയ മണ്ഡപവും പണിതിട്ടുണ്ട്. ഇത് മഴ നനയാതെ ദർശനം നടത്താൻ ഭക്തരെ സഹായിയ്ക്കുന്നു. ക്ഷേത്രപരിസരത്തുതന്നെയാണ് ദേവസ്വം ഓഫീസും സ്റ്റേജുമൊക്കെയുള്ളത്. നദീതീരത്തുള്ള ക്ഷേത്രമായതുകൊണ്ടാകണം, ഇവിടെ കുളം പണിതിട്ടില്ല. എല്ലാ ആവശ്യങ്ങൾക്കും തൂതപ്പുഴയിലെ ജലം തന്നെയാണ് ഉപയോഗിച്ചുവരുന്നത്. തെക്കുഭാഗത്തുകൂടെ പ്രധാനവഴി കടന്നുപോകുന്നു. ഇവിടെ പേരെഴുതിയ കവാടം കാണാം.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടക്കുന്ന ഭക്തർ ആദ്യം ചെന്നെത്തുന്നത് നടപ്പുരയിലാണ്. ദിർഘചതുരാകൃതിയിൽ പണികഴിപ്പിച്ച ഈ നടപ്പുര താരതമ്യേന ചെറുതാണെങ്കിലും ആകർഷകമാണ്. വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് ഇവിടെവച്ചാണ്. ക്ഷേത്രത്തിൽ മൂന്ന് നടകൾക്കുനേരെയായി കൊടിമരങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മൂന്നും ചെമ്പുകൊടിമരങ്ങളാണ്. ശിവന്റെ നടയ്ക്കുനേരെയുള്ള, നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരമാണ് ഇവയിൽ ഏറ്റവും നീളം കൂടിയത്. ആചാരപരമായും ആഘോഷപരമായും ശിവന്നുള്ള പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. കേരളത്തിൽ ഇതുകൂടാതെ മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രങ്ങൾ തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രവും തിരുവനന്തപുരം ജില്ലയിൽ തന്നെ തിരുവനന്തപുരം നഗരപരിസരത്തുള്ള വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രവും മലപ്പുറം ജില്ലയിൽ മഞ്ചേരിയ്ക്കടുത്തുള്ള കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രവും പാലക്കാട് ജില്ലയിൽ തന്നെ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്തുള്ള ചിനക്കത്തൂർ ഭഗവതിക്ഷേത്രവും മാത്രമാണ്. കൊടിമരങ്ങൾക്കപ്പുറം വലിയ ബലിക്കല്ലുകൾ കാണാം. ഇവിടെ ബലിക്കൽപ്പുരകൾ പണിതിട്ടില്ല. തന്മൂലം, തുറന്ന അന്തരീക്ഷത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. നടപ്പുരയിൽതന്നെയാണ് വഴിപാട് കൗണ്ടറും പണിതിരിയ്ക്കുന്നത്.

ശ്രീകോവിലുകൾ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

പ്രതിഷ്ഠകൾ[തിരുത്തുക]

ശ്രീ മഹാദേവൻ[തിരുത്തുക]

ശ്രീ പാർവ്വതീദേവി[തിരുത്തുക]

ശ്രീ ശങ്കരനാരായണൻ[തിരുത്തുക]

ശ്രീ മഹാവിഷ്ണു[തിരുത്തുക]

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

ദക്ഷിണാമൂർത്തി[തിരുത്തുക]

അയ്യപ്പൻ[തിരുത്തുക]

ത്രിപുരാന്തകൻ[തിരുത്തുക]

വേട്ടയ്ക്കൊരുമകൻ[തിരുത്തുക]

നാഗദൈവങ്ങൾ[തിരുത്തുക]

പ്രധാന വിശേഷങ്ങൾ[തിരുത്തുക]

കൂത്തമ്പലം

ക്ഷേത്രത്തിലെ പ്രധാന വിശേഷമായ ഉത്സവം കുംഭമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടികയറുന്നു. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തൂതപ്പുഴയിൽ ആറാട്ടോടെ സമാപിയ്ക്കുന്നു. മഹാശിവരാത്രി, വൃശ്ചിക മാസത്തിലെ അഷ്ടമി, തുടങ്ങിയ ദിവസങ്ങളും പ്രധാനമാണ്‌. മേടമാസത്തിലെ മുപ്പട്ടു ഞായറാഴ്ച മുതൽ നടത്തിവരുന്ന ഭഗവതിപ്പാട്ട് പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. കൊടിക്കുന്നു ഭഗവതിയ്ക്കാണ്‌ പാട്ടുൽസവം നടത്തുന്നത്. [1]

നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ മാണി മാധവചാക്യാർ വർഷങ്ങളോളം ഇവിടെ കൂത്തു നടത്തിയിരുന്നു.[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  • ^ കൊടിക്കുന്നിലമ്മ തിരുവേഗപ്പുറ ശിവന്റെ മകളാണെന്നാണ്‌ വിശ്വാസം.