തിരുവാർപ്പ് സത്യഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവാർപ്പ് ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പ് വഴിയിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന പ്രക്ഷോഭമാണ് തിരുവാർപ്പ് സത്യഗ്രഹം.

അവർക്ക് അയിത്തമുള്ളിടത്ത് നമുക്ക് ഇരിക്കാനാകില്ല, നാം അവരിലേക്ക് പോകും, അല്ലെങ്കിൽ അവരെ ക്ഷണിക്കണം

– തിരുവാർപ്പ് ക്ഷേത്രത്തിന് മുന്നിലൂടെയുള്ള സഞ്ചാരസ്വാതന്ത്യ്ര പ്രക്ഷോഭത്തിന് ഉണർവുപകർന്ന ശ്രീനാരായണഗുരുവിന്റെ സന്ദർശനമായിരുന്നു ഈ സന്ദർഭം.

നവോത്ഥാനത്തിന്റെ കാറ്റും വെളിച്ചവും തിരുവാർപ്പിൽ അലയടിച്ചുയരാൻ 1920ൽ ഗുരുവിന്റെ സന്ദർശനം വഴിതെളിച്ചതാണ് പിന്നീടുള്ള ചരിത്രം. 1927 ആയപ്പോഴേക്കും സഞ്ചാര സ്വാതന്ത്യ്ര പ്രക്ഷോഭം ശക്തിയാർജിച്ചു. ജാതിക്കതീതമായി ഉയർന്ന സമരൈക്യം ഗാന്ധിജിയുടെ ഇടപെടലിലൂടെ ദേശീയശ്രദ്ധ നേടി. ഈഴവ കുടുംബമായ ഇടനാട്ടുതറ വീട്ടിലാണ് ഗുരുവിന് വിശ്രമം ഒരുക്കിയത്. പൂമുഖത്തിരിക്കുമ്പോൾ വേലിക്കുപുറത്ത് കുറെ കറുത്ത മനുഷ്യർ. അവർ എന്താണ് ഇങ്ങോട്ട് വരാത്തതെന്ന് ഗുരു ചോദിച്ചു. 'അവർ പുലയരാണ്, നമുക്ക് അവരുമായി തീണ്ടലുണ്ടെ'ന്ന് ഈഴവപ്രമാണിമാർ ഉണർത്തിച്ചു. അവരെ ക്ഷണിച്ചില്ലെങ്കിൽ നാം അവരിലേക്ക് പോകുമെന്ന് ഗുരു ശാഠ്യം പിടിച്ചതോടെ പ്രമാണിമാർ വഴങ്ങി. ഈഴവരും പുലയരുമായി ഉണ്ടായിരുന്ന തൊട്ടുകൂടായ്മക്ക് ഇതോടെ അവസാനമായി.

ഒറ്റമുലച്ചി, മാടൻ, മറുത തുടങ്ങിയ വിഗ്രഹാരാധനയും അവസാനിപ്പിച്ചായിരുന്നു ഗുരുവിന്റെ മടക്കം. ആമ്പലാറ്റിൽ തറവാട്ടിൽ ആൽത്തറയിലെ പൂജയ്ക്കുവേണ്ടിയായിരുന്നു ഇത്തരം വിഗ്രഹങ്ങൾ. മദ്യവും മൃഗബലിയുമായിരുന്നു നിവേദ്യം. നമ്മൾ ഉപയോഗിക്കരുതാത്ത മദ്യം എങ്ങനെ ദൈവം ഉപയോഗിക്കും– ഗുരുവിന്റെ ചോദ്യം കുറിക്കുകൊണ്ടു. അതോടെ വിഗ്രഹങ്ങൾ പുഴയിലൊഴുക്കി. അഡ്വ. കെ അനിൽകുമാർ രചിച്ച 'തിരുവാർപ്പ് സഞ്ചാരസ്വാതന്ത്യ്ര പ്രക്ഷോഭം, നവോത്ഥാനത്തിന് ഒരേട്' എന്ന പുസ്തകം ഇക്കാര്യം അടിവരയിടുന്നു. പുരോഗമന ആശയങ്ങളുടെ പ്രചാരകർ ചേർന്ന് രൂപംകൊടുത്ത 'ശ്രീവിജ്ഞാനോദയം' എന്ന സംഘടന സഞ്ചാരസ്വാതന്ത്യ്ര പ്രശ്നം ആദ്യമുയർത്തി. ഗുരുവിന്റെ ശിഷ്യനായ സ്വാമി സത്യവ്രതന്റെ അധ്യക്ഷതയിലായിരുന്നു യോഗം. തിരുവാർപ്പ് ക്ഷേത്രപരിസരത്ത് അക്കാലത്ത് ബ്രാഹ്മണരും നായന്മാരും ഉൾപ്പെടെ സവർണരായിരുന്നു താമസം. ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പുവഴികളിലൂടെ പിന്നോക്കവിഭാഗങ്ങൾക്ക് സഞ്ചാരസ്വാതന്ത്യ്രം നിഷേധിച്ചു. ക്ഷേത്രത്തിനും സ്വാമിയാർമഠത്തിനും കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന മീനച്ചിലാറ്റിലൂടെ വള്ളത്തിൽപോകാനും പുലയർക്ക് വിലക്കായിരുന്നു. കോട്ടയത്തേക്കുള്ള പൊതുറോഡിൽ എത്താൻ അയിത്തജാതിക്കാർ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവന്നു. ക്രിസ്ത്യാനികൾക്കും മുസ്ളീങ്ങൾക്കും ഹിന്ദുമതം മാറിയ അവർണർക്കും ക്ഷേത്രവഴിയിൽ പ്രവേശനം കൊടുത്തു. ക്ഷേത്രത്തിന് പടിഞ്ഞാറെ നടയ്ക്ക് സമീപം അവർണരെ തടയാൻ അവിടെ പൊലീസ് സ്റ്റേഷൻ നിർമിച്ചു. സഞ്ചാരസ്വാതന്ത്യ്ര പ്രക്ഷോഭത്തിന്റെ സ്മാരകമായ ഈ കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞെങ്കിലും ഇന്നുമുണ്ട്. ടി കെ മാധവനായിരുന്നു തിരുവാർപ്പ് സമരത്തിന്റെ നേതൃത്വം.

പുരോഗമനചിന്താഗതിക്കാരായ സവർണരും സമരത്തെ പിന്തുണച്ചു. പ്രക്ഷോഭം നേരിടാൻ ക്ഷേത്രവഴിക്കു ചുറ്റും പുതിയ മതിൽ ഉയർന്നു. 'അവർണർക്കും അഹിന്ദുക്കൾക്കും പ്രവേശനമില്ല' എന്ന ബോർഡും സ്ഥാപിച്ചു. ഇതിനെതിരെ മുസ്ളീം, ക്രിസ്ത്യാനികളും രംഗത്തുവന്നു.

സമരം ക്ഷേത്രനടയിലേക്കും വ്യാപിച്ചു. 1927 ഒക്ടോബർ ആറിന് സത്യഗ്രഹം തുടങ്ങി. ഇതിനിടെ മാധവനും സംഘവും ആക്രമിക്കപ്പെട്ടു. സംഭവങ്ങളാകെ ഗാന്ധിജിയും അറിഞ്ഞു. അദ്ദേഹം തിരുവാർപ്പ് സന്ദർശിക്കുമെന്ന വാർത്തപരന്നു. ഒക്ടോബർ 12ന് ആലപ്പുഴയിലെത്തിയ ഗാന്ധിജി പ്രസംഗത്തിൽ സഞ്ചാരസ്വാതന്ത്യ്ര പ്രക്ഷോഭം പരാമർശിച്ചു. 1936ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായി. 1937 ജനുവരി 19ന് ഗാന്ധിജി തിരുവാർപ്പ് സന്ദർശിച്ചതും ചരിത്രം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവാർപ്പ്_സത്യഗ്രഹം&oldid=3084591" എന്ന താളിൽനിന്ന് ശേഖരിച്ചത്