തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ, കോട്ടയം ജില്ലയിലെ തിരുമണിവെങ്കിടപുരം ഗ്രാമത്തിൽ, വേമ്പനാട്ട് കായലിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമിക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമസ്വാമി, ഖരവധത്തിനുശേഷം അത്യുഗ്രഭാവത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണിത്[അവലംബം ആവശ്യമാണ്]. ഉപദേവതകളായി ഗണപതി, ഹനുമാൻ, ശിവൻ, അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും സന്നിധികളുണ്ട്. കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലൊന്നായ ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹമുള്ളത്[അവലംബം ആവശ്യമാണ്]. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, ശ്രീരാമനവമി, രാമായണ മാസം, കർക്കടകവാവ് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളുന്ന ദേവന്മാരിൽ 'തൃണയംകുടത്തപ്പൻ' എന്നറിയപ്പെടുന്ന ഇവിടത്തെ ഭഗവാനുമുണ്ട്[അവലംബം ആവശ്യമാണ്]. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള രണ്ടേരണ്ട് ശ്രീരാമസ്വാമിക്ഷേത്രങ്ങളിലൊന്നാണിത്[അവലംബം ആവശ്യമാണ്].

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യമൂർത്തി, ശ്രീരാമനായാണ് കണക്കാക്കിവരുന്നതെങ്കിലും വാസ്തവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ്. മണിവെങ്കിടൻ എന്ന തമിഴ് ബ്രാഹ്മണനാണ് ഈ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. അതാണ് 'തിരുമണിവെങ്കിടപുരം' എന്ന സ്ഥലനാമത്തിനും കാരണം. പിന്നീട് ഇത് ലോപിച്ച് 'തൃണയംകുടം' എന്നും 'ടി.വി. പുരം' എന്നുമായി മാറി[അവലംബം ആവശ്യമാണ്]. തിരുപ്പതി വെങ്കടചാലപതിയുടെ ഭക്തനായിരുന്ന മണിവെങ്കിടനും കുടുംബവും, നാട്ടിലുണ്ടായ വിദേശ ആക്രമണങ്ങളെത്തുടർന്ന് കേരളത്തിൽ അഭയം തേടുകയും വേമ്പനാട്ട് കായൽ വഴി ഈ ഗ്രാമത്തിലെത്തുകയും ചെയ്തു. തന്റെ ജീവന്നും സ്വത്തിനും അഭയം നൽകിയതിന്റെ പ്രത്യുപകാരമായി മണിവെങ്കിടൻ, താൻ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം കായലിന്റെ നടുക്കുള്ള തുരുത്തിൽ ഒരു ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. പിൽക്കാലത്ത് തിരുമണിവെങ്കിടപുരത്തും വിദേശ ആക്രമണമുണ്ടാകുകയും ക്ഷേത്രം നശിച്ചുപോകുകയും ചെയ്തു. പിന്നീടൊരു കാലത്ത്, കായലിൽ നിന്ന് വിഗ്രഹം വീണ്ടെടുക്കുകയും പ്രതിഷ്ഠ നടത്തുകയുമായിരുന്നു[അവലംബം ആവശ്യമാണ്].