തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം. വിശ്വപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ കുടികൊള്ളുന്ന ഈ ക്ഷേത്രം 'ഏറനാടിന്റെ ഗുരുവായൂർ' എന്നും 'വടക്കൻ ഗുരുവായൂർ' എന്നും അറിയപ്പെടുന്നു. പ്രധാനമൂർത്തിയായ ഗുരുവായൂരപ്പനെക്കൂടാതെ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരും കുടികൊള്ളുന്ന ഈ ക്ഷേത്രം കോഴിക്കോട് സാമൂതിരിരാജയുടെ കീഴിലാണ്.

ഐതിഹ്യം[തിരുത്തുക]

തിരുമണിക്കരയിലെ ഇടിഞ്ഞിമ്മൽ ഇല്ലത്തെ മൂത്ത നമ്പൂതിരി ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ അദ്ദേഹം ഗുരുവായൂർ വരെ പോയിവരുമായിരുന്നു. ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന പഴയകാലത്ത് മഞ്ചേരിയിൽ നിന്ന് ഏറെ ദൂരെ സ്ഥിതിചെയ്യുന്ന ഗുരുവായൂരിലേയ്ക്ക് നടന്നും തോണിയിലുമൊക്കെയാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ഗുരുവായൂർ ദർശനം നടത്താൻ കഴിയില്ലെന്നായി. അവസാനത്തെ ഗുരുവായൂർ ദർശനം കഴിഞ്ഞ് ഇല്ലത്തേയ്ക്ക് മടങ്ങിവരുന്ന സമയത്ത് എവിടെനിന്നോ പെട്ടെന്ന് കൂട്ടമണിയടിശബ്ദം അദ്ദേഹം കേൾക്കാനിടയായി. അപ്പോൾത്തന്നെ ഒരു അശരീരിയുമുണ്ടായി. അതിങ്ങനെയായിരുന്നു: 'എന്നെക്കാണാൻ ഇനി നീ ഗുരുവായൂരിലേയ്ക്ക് വരേണ്ടതില്ല. നിനക്ക് ദർശനം നടത്താൻ സൗകര്യമുള്ള സ്ഥലത്ത് ഞാൻ കുടികൊള്ളും'. ഇത് ശ്രീഗുരുവായൂരപ്പന്റെ അരുളപ്പാടാണെന്ന് മനസ്സിലാക്കിയ നമ്പൂതിരി ഉടനെ നാട്ടിലെത്തി ഇല്ലത്തിനടുത്ത് ഇഷ്ടദേവന് ക്ഷേത്രം പണിതു. ഗുരുവായൂരിലേതുപോലുള്ള പൂജാക്രമങ്ങളും വഴിപാടുകളും നിശ്ചിതമാക്കി. കൂട്ടമണിയടികൾ കേട്ട സ്ഥലത്ത് പ്രതിഷ്ഠ നടത്തിയതിനാൽ സ്ഥലം 'തിരുമണിക്കര' എന്നറിയപ്പെട്ടു.