തിരുനല്ലൂർ കരുണാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരുണാകരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരുണാകരൻ (വിവക്ഷകൾ) എന്ന താൾ കാണുക. കരുണാകരൻ (വിവക്ഷകൾ)
തിരുനല്ലൂർ കരുണാകരൻ
ജനനം 1924 ഒക്ടോബർ 8
പെരിനാട്ട്
മരണം 2006 ജൂലൈ 5
ദേശീയത  ഇന്ത്യ
തൊഴിൽ കവി, സാഹിത്യകാരൻ

മലയാളത്തിലെ കവിയും സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ.

ജീവിതരേഖ[തിരുത്തുക]

1924 ഒക്ടോബർ 8-ന്‌ കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട്‌ പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ്‌ തിരുനല്ലൂർകരുണാകരൻ ജനിച്ചത്‌. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്‌.എൽ.സി.ക്ക്‌ പ്രാക്കുളം എൻ.എസ്‌.എസ്‌. ഇംഗ്ലീഷ്‌ ഹൈസ്ക്കൂളിലും ബി.എ.യ്ക്ക്‌ കൊല്ലം എസ്‌.എൻ.കോളേജിലും പഠിച്ചു.

ഔദ്യോഗികജീവിതം[തിരുത്തുക]

ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം‌ കൊല്ലം എസ്‌.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ്‌ അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ്‌ കോളേജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിച്ചു.


മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

പ്രമാണം:Kairali Mohan1.jpg
തിരുനല്ലൂരിന്റെ കൈപ്പട

1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപസ്ഥാനം വഹിച്ചു. 1973-ൽ സോവിയറ്റ്‌ റഷ്യയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു.

സാഹിത്യവും ദർശനവും[തിരുത്തുക]

മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല[അവലംബം ആവശ്യമാണ്]. കുമാരനാശാൻറെ 'ച്ണ്ഡാല ഭിക്ഷുകി 'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽ പെടുന്നു[അവലംബം ആവശ്യമാണ്].[1]. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര‍ചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിൻറേത്.

ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹംജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി[അവലംബം ആവശ്യമാണ്].[2]. അന്ത്യസമയത്ത് രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിൻറെ രചനയിലായിരുന്നു..[3]. ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ട്തുണ്ടെന്നും അദ്ദേഹം വാദിച്ചു.[4].

പുരസ്കാരങ്ങൾ[തിരുത്തുക]

തിരുനല്ലൂർ കരുണാകരന്റെ കവിതകൾ എന്ന സമാഹാരത്തിന്‌ 1985-ലെ ആശാൻ പുരസ്കാരവും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകൾക്ക് മൂ ലൂർ അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുർസ്കാരവും ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ[തിരുത്തുക]

  • സമാഗമം
  • മഞ്ഞുതുള്ളികൾ
  • സൌന്ദര്യത്തിന്റെ പടയാളികൾ
  • പ്രേമം മധുരമാണ്‌ ധീരവുമാണ്‌
  • രാത്രി
  • റാണി
  • അന്തിമയങ്ങുമ്പോൾ(ഗാന സമാഹാരം)
  • താഷ്‌കെന്റ്‌
  • തിരുനല്ലൂർ കരുണാകരൻറെ കവിതകൾ]
  • ഗ്രീഷ്മസന്ധ്യകൾ
  • വയലാർ
  • മലയാള ഭാഷാപരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും
  • ഒരു മഹായുദ്ധത്തിന്റെ പര്യവസാനം
  • പുതുമഴ (കുട്ടിക്കവിതകൾ)
  • അനുസ്മരണങ്ങൾ (ലേഖനങ്ങൾ)

വിവർത്തനങ്ങൾ[തിരുത്തുക]

മരണം[തിരുത്തുക]

81-ആം വയസ്സിൽ 2006 ജൂലൈ 5 ന് ജന്മനാട്ടിൽ വച്ച് അന്തരിച്ചു . കവിയുടെ അഭീഷ്ട പ്രകാരം മതാചാരപ്രകാരമുള്ളഅന്ത്യചടങ്ങുകൾ ഒഴിവാക്കി.

സ്മാരക പ്രവർത്തനങ്ങൾ[തിരുത്തുക]

കവിയുടെ സ്മരണയ്ക്കായി 'തിരുനല്ലൂർസ്മ്രുതികേന്ദ്രം' എന്ന സ്മാരകസമിതി പ്രവർത്തിക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൊല്ലത്ത് മേയ് ഒന്നു (സാർവ്വ ദേശീയ തൊഴിലാളി ദിനം) മുതൽ മൂന്ന് ദിവസം നീളുന്ന തിരുനല്ലൂർ കാവ്യോത്സവം നടത്തിവരുന്നു.

അവലംബം[തിരുത്തുക]

  1. 2006 ജുലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിവിധ വാരികക്ളിലെയും മാസികകളിലേയും ലേഖ്നങ്ങൾ
  2. 2006 ജൂലൈ 5 ലെ വിവിധ ദിനപ്പത്രങ്ങളിലെ റിപ്പോര്ട്ടുകൾ
  3. 'ഭാഷാപോഷിണി'മാസിക, മേയ് 2004,കോട്ടയം
  4. 'പച്ചമലയാളം'മാസിക, ജനുവരി 2005,കൊല്ലം
  • കൈരളിയുടെ കഥ ;എൻ. കൃഷ്ണപിള്ള ; എൻ.ബി.എസ്,,കോട്ടയം
  • മലയാള കവിതാ സാഹിത്യ ചരിത്രം; എം. ലീലാവതി;കേരള സാഹിത്യ അക്കാഡമി; ത്രിശ്ശൂർ
  • സാഹിത്യ വാരഫലം;എം.കൃഷ്ണൻ നായർ
  • മാത്രുഭൂമി ദിനപ്പത്രം (എഡിറ്റോറിയൽ , ജൂ ലായ് 7,2006)
  • കേരള കൗമുദി ദിനപ്പത്രം (എഡിറ്റോറിയൽ ,ജൂ ലായ് 6,2006)
  • തിരുനല്ലൂർ കാവ്യോത്സവ പത്രിക 2009; തിരുനല്ലൂർസ്മ്രുതികേന്ദ്രം,കൊല്ലം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുനല്ലൂർ_കരുണാകരൻ&oldid=2339365" എന്ന താളിൽനിന്നു ശേഖരിച്ചത്