തിരുത്ത് (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'തിരുത്ത്' ഉൾക്കൊള്ളുന്ന ചെറുകഥാസമാഹാരത്തിന്റെ പുറംചട്ട

എൻ.എസ്‌. മാധവന്റെ ഒരു മലയാള ചെറുകഥയാണ് തിരുത്ത്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടതാണ് ഈ കഥയുടെ പശ്ചാത്തലം. മസ്ജിദ് തകർന്ന 1992 ഡിസംബർ 6-ആം തീയതി വൈകിട്ട്, ഉത്തരേന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ കാര്യാലയത്തിൽ, അടുത്ത ദിവസത്തെ പത്രത്തിന്റെ പ്രൂഫ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് കഥയിൽ.[1]

കഥ[തിരുത്തുക]

പത്രാധിപർ[തിരുത്തുക]

എഴുപതു വയസ്സുള്ള മുഖ്യപത്രാധിപർ ചുല്യാറ്റാണ് കഥയുടെ കേന്ദ്രം. എല്ലാ ചരിത്രസന്ധികളിലും പനി പിടിപെടുക പതിവുണ്ടായിരുന്ന അദ്ദേഹം ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസവും പനിയുടെ പിടിയിലായിരുന്നു. അതിനാൽ മുഖപ്രസംഗം എഴുതുന്ന ജോലി മറ്റൊരാളെ ഏല്പിച്ച് പത്രാധിപർ വീട്ടിലേക്കു പോയി. എന്നാൽ വഴിക്ക് തീരെ സുഖം തോന്നാതിരുന്നതിനാൽ, ചെറുപ്പം മുതലേ തനിക്കറിയാവുന്ന ഇക്ബാൽ എന്ന യുവഡോക്ടറെ വീട്ടിൽ ചെന്നു കാണാൻ തീരുമാനിച്ചു. ഡോക്ടറുടെ പരിശോധനയും കുത്തിവയ്പും ചുല്യാറ്റിന് ആശ്വാസം നൽകി. മുസ്ലിങ്ങളായ ഡോക്ടറും ഭാര്യയും മസ്ജിദിന്റെ തകർച്ചയിൽ സഹതാപം അറിയിക്കാൻ എത്തുന്നവരെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയായിരുന്നു. "അങ്കിൾ മാത്രമാണ് ഇന്നു നടന്ന കാര്യത്തെക്കുറിച്ച് ഒന്നും സൂചിപ്പിക്കാത്ത ഞങ്ങളുടെ ഒരേയൊരു ഹിന്ദു സുഹൃത്ത് " എന്ന് പറഞ്ഞു കൊണ്ടാണവർ ചുല്യാറ്റിന് നന്ദി അറിയിച്ചത്. "കുട്ടികളേ, എന്നു മുതൽക്കാണു ഞാൻ നിങ്ങൾക്കു ഹിന്ദുവായത് " എന്ന ഒറ്റ ചോദ്യം കൊണ്ട് ചുല്യാറ്റ് എന്ന മനുഷ്യനെ കഥാകാരൻ പൂർണ്ണമായും തിരുത്തി അടയാളപ്പെടുത്തുകയാണ്.

'തർക്കമന്ദിരം'[തിരുത്തുക]

കുത്തിവയ്പ്പിനെത്തുടർന്ന് പനിയിൽ കുറവ് അനുഭവപ്പെട്ട ചുല്യാറ്റ്, പത്രമാഫീസിലേക്കു മടങ്ങാൻ തീരുമാനിച്ചു. അവിടെ അച്ചടിക്കു തൊട്ടു മുൻപുള്ള ഘട്ടത്തിൽ എത്തിയിരുന്ന വാർത്താശേഖരത്തിൽ കണ്ണോടിച്ച അദ്ദേഹം പ്രധാനവാർത്ത വായിച്ചതോടെ, അതിനു തലക്കെട്ടെഴുതിയ ആൾ ഇനി പത്രത്തിൽ പണിചെയ്യേണ്ടതില്ലെന്നു പൊട്ടിത്തെറിച്ചു. എന്നാൽ സബ് എഡിറ്ററായിരുന്ന സുഹ്റ എന്ന മുസ്ലിം യുവതി, താനാണ് പ്രധാനവാർത്തയ്ക്ക് ആ തലക്കെട്ടു നൽകിയതെന്നു സമ്മതിച്ചതോടെ പത്രാധിപർ ശാന്തനായി. തുടർന്ന് അദ്ദേഹം, കൈയ്യിൽ കിട്ടിയ ബാൾ പോയിന്റ് പേന കൊണ്ട് "തർക്കമന്ദിരം തകർത്തു" എന്ന തലക്കെട്ടിലെ 'തർക്കമന്ദിരം' എന്ന വാക്കു തിരുത്തി ബാബറി മസ്ജിദ് എന്നെഴുതി.

പ്രതികരണങ്ങൾ, സിനിമ[തിരുത്തുക]

ബാബരി മസ്ജിദിന്റെ തകർച്ചയെ സംബന്ധിച്ച ചർച്ചകളിൽ എൻ.എസ്. മാധവന്റെ തിരുത്ത് എന്ന കഥ കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. അയോദ്ധ്യയിൽ തകർന്നതു 'തർക്കമന്ദിരം' തന്നെയെന്നു വാദിക്കുന്ന ഹിന്ദുത്വപക്ഷപാതികൾ, തിരുത്തിനെ "മതമൗലികവാദികൾ മാറോടു ചേർത്ത കഥ" എന്നു വിശേഷിപ്പിച്ചു. കാർമൻ, നാലാം ലോകം, വന്മരങ്ങൾ വീഴുമ്പോൾ തുടങ്ങിയ ഉജ്ജ്വലരചനകളുടെ സ്രഷ്ടാവായ മാധവൻ, ഈ കഥയുടെ പേരിൽ സാഹിത്യേതരമായി ആഘോഷിക്കപ്പെടുകയാണുണ്ടായതെന്നും അവർ വിമർശിക്കുന്നു.[2]

'തിരുത്തിനെ' അടിസ്ഥാനമാക്കി ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കു ശേഷമുള്ള ഇന്ത്യയുടെ കഥ പറയുന്ന ചലച്ചിത്രം നിർമ്മിക്കാൻ ബി. ഉണ്ണികൃഷ്ണൻ ഒരുങ്ങുന്നതായി വാർത്തയുണ്ടായിരുന്നു.[3][4]

തിരുത്തിനെതിരെ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. പാഠം മാസികയുടെ 2003 മെയ് _ ജൂൺ ലക്കത്തിൽ 'എൻ.എസ്.മാധവൻ തിരുത്തുന്നതാർക്കുവേണ്ടി?' എന്ന പേരിൽ നിരൂപകനായ ഷൂബ കെ എസ്സ് വിമർശനലേഖനമെഴുതുന്നു. മതേതര വ്യക്തിത്വം എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന ചുല്യാറ്റ് സുഹ്റയുടെ മതവ്യക്തിത്വത്തെ പ്രീതിപ്പെടുത്തുന്നത് മുതലാളിത്ത സ്വത്വവാദത്തിൻ്റെ നിലപാടിൽ നിന്നു കൊണ്ടാണ് എന്നും ഇതു ഹൈന്ദവ ഫാസിസത്തിൻ്റെ വളർച്ചയെ സൃഷ്ടിക്കുമെന്നും ഷൂബ വിലയിരുത്തി.തുടർന്നു 2003 മലയാള മനോരമ വാർഷികപ്പതിപ്പിൽ എൻ.എസ്.മാധവൻ ഷൂബ കെ.എസ്സിൻ്റെ പേര് പട്ടിയ്ക്ക് നൽകിക്കൊണ്ട് 'നാനാർത്ഥം' എന്ന പേരിൽ കഥ എഴുതുന്നു.പ്രസ്തുത കഥയിൽ പാഠം മാസികയുടെ പത്രാധിപനായിരുന്ന എം എൻ വിജയനെ അനുസ്മരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന് വിദ്രോഹി എന്ന വിളിപ്പേര് നൽകുന്നു.

സമാഹാരം[തിരുത്തുക]

ഇക്കഥയുൾപ്പെടെ, എൻ.എസ്. മാധവന്റെ എട്ടു ചെറുകഥകൾ ചേർത്ത് 1996-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിനും 'തിരുത്ത്' എന്നു തന്നെയാണു പേര്. ആ സമാഹാരത്തിലെ ആദ്യത്തെ കഥയാണ് തിരുത്ത്. കപ്പിത്താന്റെ മകൾ, മുയൽവേട്ട, ബിയാട്രീസ്, അനുഷ്ഠാനഹത്യകൾ, മുംബയ്, ആയിരത്തിരണ്ടാമത്തെ രാവ്, സമസ്യ എന്നിവയാണ് അതിലെ മറ്റു കഥകൾ.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച എൻ.എസ്. മാധവന്റെ തിരുത്ത്, 2011-ലെ ഏഴാം പതിപ്പ്
  2. "തർക്കമന്ദിരത്തിന്റെ തകർച്ചയ്ക്ക്‌ സുപ്രീംകോടതിയുടെ തിരുത്ത്‌"[പ്രവർത്തിക്കാത്ത കണ്ണി], 2012 ജനുവരി 24-ലെ ജന്മഭൂമി ദിനപത്രത്തിൽ മുരളി പാറപ്പുറം എഴുതിയ ലേഖനം.
  3. One India Malayalam, 2013 ഏപ്രിൽ 17-ലെ വാർത്ത
  4. തിരുത്തുമായി ഉണ്ണിക്കൃഷ്ണൻ, വെബ്ദുനിയാ മലയാളം - സിനിമാ വാർത്ത
"https://ml.wikipedia.org/w/index.php?title=തിരുത്ത്_(ചെറുകഥ)&oldid=3951143" എന്ന താളിൽനിന്ന് ശേഖരിച്ചത്