സീലോഹായിലെ കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(താഴത്തെ കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദാവീദിൻ്റെ നഗരത്തിൻ്റെ ദക്ഷിണഭാഗത്തുള്ള ചെരിവിൽ പാറ തുരന്നുണ്ടാക്കിയ ഒരു കുളമാണ് സീലോഹായിലെ കുളം (അറബി: بركه سلوان, ഹീബ്രുבריכת השילוח‬, Breikhat HaShiloah) (ഗ്രീക്ക്: Σιλωάμ) എന്ന പേരിൽ അറിയപ്പെടുന്നത്. ചില പുരാവസ്തുഗവേഷകർ ജെറുസലേമിൻ്റെ യഥാർത്ഥ സ്ഥാനമായി കണക്കാക്കുന്ന നഗരമാണിത്. പഴയ ജെറുസലേം നഗരത്തിൻ്റെ മതിലുകൾക്കപ്പുറത്ത് തെക്കുകിഴക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗീഹോൻ അരുവിയിൽ നിന്ന് സീലോഹാ തുരങ്കം വഴിയാണ് കുളത്തിലേക്ക് ജലമെത്തുന്നത്.

ചരിത്രം[തിരുത്തുക]

രണ്ടാം ദേവാലയത്തിൻ്റെ കാലയളവിൽ സീലോഹാ കുളം ജെറുസലേമിൻ്റെ പ്രാന്തപ്രദേശത്തുള്ള, ലോവർ സിറ്റി എന്നുകൂടി അറിയപ്പെടുന്ന, അക്രയുടെ (ഹീബ്രു: חקרא‎) കേന്ദ്രഭാഗത്തായാണ് സ്ഥിതി ചെയ്തിരുന്നത്.[1] ഇന്ന് ചരിത്രനഗരമായ ജറുസലേമിലെ, ഏറ്റവും താഴ്ന്ന സ്ഥലമായി, സമുദ്രനിരപ്പിന് മുകളിൽ ഏകദേശം 625 metres (2,051 ft) നിരപ്പിലാണ് സീലോഹാ കുളമുള്ളത്.[2] ജെറുസലേം തൽ‌മൂദ്‌ (ഹഗിഗ) അനുസരിച്ച്, ജെറുസലേമിലേക്ക്‌ വാർ‌ഷിക തീർത്ഥാടനം നടത്തിയിരുന്ന തീർത്ഥാടകർ‌ക്ക് സീലോഹാ കുളമായിരുന്നു പ്രാരംഭസ്ഥാനം. അവിടെ നിന്നും കാൽനടയായിട്ടാണ് അവർ ദേവാലയപർവ്വതത്തിൻ്റെ അകത്തളത്തിലേക്ക് ബലിയർപ്പിക്കാനായി പോയിരുന്നത്.

ഹെസക്കിയാ[തിരുത്തുക]

ഹെസക്കിയായുടെ ഭരണകാലത്ത് (ക്രി.മു. 715–687 / 6) ശത്രുസൈന്യത്തിന് അരുവിയിലെ ജലം നിഷേധിക്കാനാണ് സീലോഹാ കുളം പണിതത്‌. പുതുതായി നിർമ്മിക്കപ്പെട്ട സീലോഹാ തുരങ്കം വഴിയാണ് കുളത്തിലേക്കുള്ള ജലം എത്തിയിരുന്നത്. പഴയ കാനാന്യ തുരങ്കം ദുർബ്ബലമായിരുന്നതിനാൽ ആക്രമണകാരികൾക്ക് വളരെ അനുകൂലമായിരുന്നു. അതിനാൽ, അസീറിയൻ രാജാവായ സെന്നാചെറിബിന്റെ ഭീഷണിയെത്തുടർന്ന് ഹെസക്കിയാ ഗിഹോൻ നീരുറവയുടെ പഴയ ചാൽ അടച്ച് പഴയ തുരങ്കത്തിനുപകരം പുതിയ ഭൂഗർഭ സീലോഹാ തുരങ്കം നിർമ്മിച്ചു (2 ദിനവൃത്താന്തങ്ങൾ 32:2-4).

മുമ്പ് കാനാന്യ തുരങ്കം വഴി വെള്ളം ലഭിച്ചിരുന്ന, കൂടുതൽ പുരാതനമായ, മുകളിലെ കുളത്തിന് (2 രാജാ 18:17, ഏശയ്യാ 7:3)[3] വിരുദ്ധമായി ഈ കാലയളവിൽ സീലോഹാ കുളം താഴത്തെ കുളം എന്നറിയപ്പെട്ടിരുന്നു (ഏശയ്യാ 22:9).

രണ്ടാം ദേവാലയകാലം[തിരുത്തുക]

യേശുവിന്റെ കാലത്തെ ജെറുസലേമിനെ കാണിക്കുന്ന 1730-ലെ ഭൂപടം. താഴെ വലതുഭാഗത്തായി, നഗരമതിലിന് പുറത്ത്, സീലോഹാ കുളം ("സിലോ").
രണ്ടാം ദേവാലയകാലഘട്ടത്തിലുള്ള കുളം ചിത്രകാരന്റെ ഭാവനയിൽ

അലക്സാണ്ടർ യെന്നായൂസ് (ക്രി.മു. 103-76) ഭരണം ഏറ്റെടുക്കുന്നതിന് അധികം മുമ്പല്ല ഈ കുളം പുനർനിർമിക്കപ്പെട്ടത്. ഈ കുളം ഹെസക്കിയാ നേരത്തെ നിർമ്മിച്ച കുളത്തിന്റെ അതേ സ്ഥലത്താണോ എന്ന് വ്യക്തമല്ലെങ്കിലും — അങ്ങനെയാണെങ്കിൽ, മുമ്പത്തെ നിർമ്മാണത്തിന്റെ എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടു. യേശുവിന്റെ കാലത്ത് ഈ കുളം ഉപയോഗത്തിലുണ്ടായിരുന്നു. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, രോഗശാന്തി പൂർത്തീകരിക്കുന്നതിനായി യേശു "ജന്മനാ അന്ധനായ ഒരു മനുഷ്യനെ" കുളത്തിലേക്ക് അയച്ചു.[4] യോഹന്നാന്റെ സുവിശേഷത്തിൽ ഈ കുളത്തിന് പ്രതീകാത്മക അർത്ഥമുണ്ട്. പിതാവ് അയച്ച യേശു (cf. യോഹന്നാൻ 5:38; 8:42; 9: 4; 13:20) കാഴ്ച്ച / ഉൾക്കാഴ്ച ലഭിക്കുന്നതിനായി, ജനനം മുതൽ അന്ധനായ മനുഷ്യനെ "അയച്ചു" എന്നർത്ഥം വരുന്ന കുളത്തിലേക്ക് അയയ്ക്കുന്നു (യോഹന്നാൻ 9:7-ലെ വിവരണം കാണുക).[5] ഒരു ശുദ്ധജലസംഭരണിയെന്ന നിലയിൽ, പൗരാണിക ജൂതന്മാർ നഗരത്തിലേക്ക് മതതീർത്ഥാടനം നടത്തുമ്പോൾ ഒത്തുചേരുന്ന പ്രധാനകേന്ദ്രമായിരുന്നു ഈ കുളം. കുളത്തിൽ കഴുകാൻ അന്ധനോട് യേശു കൽപ്പിച്ചതിനെ ആശ്രയിച്ച്, ചില പണ്ഡിതന്മാർ, കുളത്തെ ഒരു മിഖ്‌വായായി (ആചാരപരമായ കുളി) ഉപയോഗിച്ചിരിക്കാമെന്ന് അഭിപ്രായപ്പെടുന്നു.[6] എന്നിരുന്നാലും, മിഖ്‌വാകൾ സാധാരണയായി വലിപ്പത്തിൽ വളരെ ചെറുതാണ്, കൂടാതെ കുളം ഒരു മിഖ്‌വായാണെങ്കിൽ, ഗണ്യമായ തോതിൽ, കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതായിരിക്കും.[7] ആചാരപരമായ സ്നാനത്തിന് പകരം നീന്തലിനായിട്ടാണ് ഈ കുളം ഉപയോഗിച്ചതെന്ന് യോൽ എലിറ്റ്‌സർ അഭിപ്രായപ്പെടുന്നു.[8]

70-ലെ ഒന്നാം ജൂത-റോമൻ യുദ്ധത്തിനുശേഷം ഈ കുളം നശിപ്പിക്കപ്പെടുകയും മൂടിപ്പോവുകയും ചെയ്തു. കുളത്തിൻ്റെ വടക്കുഭാഗത്തുള്ള നടുമുറ്റത്തിന്റെ കല്ലുകളിൽ കണ്ടെത്തിയ, വലിയ കലാപത്തിന്റെ നാളുകളിൽ ഉപയോഗിച്ചിരുന്ന, നിരവധി നാണയങ്ങളിൽ കാലയളവ് സൂചിപ്പിച്ചിരുന്നു. ഏറ്റവും പുതിയ നാണയത്തിൽ "വലിയ കലാപത്തിന്റെ ദിവസത്തിലേക്ക് 4 വർഷങ്ങൾ" എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്ന് വർഷം 69 ആണെന്ന് വ്യക്തമാകുന്നു. നാശത്തിനു ശേഷമുള്ള കാലങ്ങളിൽ, ശൈത്യകാലമഴ എക്കൽ മണ്ണിനെ കുന്നുകളിൽ നിന്ന് താഴ്‌വരയിലേക്കും സീയോൻ പർവതത്തിന്റെ ചരിവുകളിലൂടെ കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്കും ഒഴുക്കി; കുളം പൂർണ്ണമായും മൂടുന്നതുവരെ ചെളിപ്പാളികൾ (ചില സ്ഥലങ്ങളിൽ 4 മീറ്റർ വരെ) നിറഞ്ഞിരുന്നു.

റോമൻ, ബൈസന്റൈൻ കാലഘട്ടങ്ങൾ[തിരുത്തുക]

സീലോഹായിലെ ബൈസന്റൈൻ കുളം
പ്രദേശത്തിന്റെ കൈകൊണ്ട് നിറം കൊടുത്ത ഫോട്ടോ (c. 1865)

135-ൽ, ഹാഡ്രിയൻ അയിലിയ കപ്പിറ്റൊലീന പണിയുന്ന കാലത്ത നിർമ്മിച്ച നിംഫോണിയമായ നാല് അപ്സരസ്സുകളുടെ ക്ഷേത്രത്തെപ്പറ്റി (ടെട്രാനിംഫോൺ), റോമൻ വൃത്തങ്ങൾ പരാമർശിക്കുന്നുണ്ട്. [9] [10] [11] കൂടാതെ, ക്രോണിക്കൻ പാഷലെ പോലുള്ള 7-ാം നൂറ്റാണ്ടിലെ ബൈസെന്റൈൻ കൃതികളിലും ഇതേപ്പറ്റി പരാമർശിച്ചിട്ടുണ്ട്; സാഗലാസോസിൽലുള്ളത് പോലെ ഹാഡ്രിയൻ‌ നിർമ്മിച്ച മറ്റ് നിംഫിയകൾക്കും ഇതുമായി സമാനതകളുണ്ട്. [12] സീലോഹായിലെ രണ്ടാം ദേവാലയകുളത്തിന്റെ സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് തോന്നുന്നില്ല, പക്ഷേ ഇത് ബൈസന്റൈൻ പുനഃനിർമ്മാണത്തിന്റെ മുന്നോടിയായിരിക്കാം.

5-ാം നൂറ്റാണ്ടിൽ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയായ ഏലിയ യൂഡോസിയയുടെ നിർദ്ദേശപ്രകാരം സീലോഹാ തുരങ്കത്തിന്റെ അറ്റത്തായി ഒരു കുളം നിർമ്മിച്ചു. ഹെസക്കിയായുടെ തുരങ്കത്തിലേക്ക് പ്രവേശനകമാനമുള്ള ഈ കുളം ഉയർന്ന കല്ലുമതിലിനാൽ ചുറ്റപ്പെട്ട് ഇന്നും നിലനിൽക്കുന്നു. സീലോഹായിലെ രണ്ടാം ദേവാലയകുളത്തിൽ (താഴത്തെ കുളം) നിന്ന് 70 ഗജം അകലെയായിട്ടാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. രണ്ടാം ദേവാലയകുളം കണ്ടെത്തുന്നതുവരെ, പുതിയ നിയമത്തിലും രണ്ടാം ദേവാലയത്തെക്കുറിച്ചുള്ള സ്രോതസ്സുകളിലും വിവരിച്ചിരിക്കുന്ന കുളം ഇതാണെന്ന് തെറ്റായി കരുതിയിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കണ്ടെത്തൽ[തിരുത്തുക]

രണ്ടാം ദേവാലയകാലഘട്ടത്തിൽ നിന്നുള്ള സീലോഹാ കുളത്തിന്റെ അവശിഷ്ടങ്ങൾ

2004-ലെ ശരത്കാലത്ത്, ഒരു ഓവുചാലിന് വേണ്ടി നടത്തിയ ഉത്ഖനനത്തിന്റെ സമയത്ത് അയർ ഡേവിഡ് ഫൗണ്ടേഷൻ പ്രവർത്തകരാണ് കുളം വീണ്ടും കണ്ടെത്തിയത്. പുരാവസ്തുഗവേഷകരായ എലി ഷുക്രോൺ, ഇസ്രയേൽ നേച്ചർ ആൻഡ് പാർക്സ് അതോരിറ്റിയിലെ ഒറി ഒർബാക് എന്നിവരുടെ അഭ്യർത്ഥനയും നിർദ്ദേശവും മാനിച്ചാണ് ഈ ഉത്ഖനനം നടത്തിയത്. പുരാവസ്തുഗവേഷകരായ എലി ഷുക്രോണും റോണി റീച്ചും (ഇസ്രയേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന) കല്ല് പടികൾ കണ്ടെത്തി. ഈ പടികൾ രണ്ടാം ദേവാലയകാലഘട്ടത്തിലെ കുളത്തിന്റെ ഭാഗമായിരിക്കാമെന്ന് വ്യക്തമായി. ഉത്ഖനനം ആരംഭിക്കുകയും പ്രാഥമിക ധാരണ സ്ഥിരീകരിക്കുകയും ചെയ്തു; കണ്ടെത്തൽ, 2005 ഓഗസ്റ്റ് 9-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അന്താരാഷ്ട്രതലത്തിൽ മാദ്ധ്യമശ്രദ്ധ നേടുകയും ചെയ്തു. [13] കുളത്തിന് 225 അടി വീതിയുണ്ടെന്നും കുളത്തിന്റെ മൂന്ന് വശങ്ങളെങ്കിലും പടികൾ ഉണ്ടായിരുന്നുവെന്നും ഉത്ഖനനത്തിലൂടെ വ്യക്തമായി. ഈ കുളത്തിന്റെ ഒരു ഭാഗം പരിശോധിക്കപ്പെടാതെ കിടക്കുന്നു. കാരണം, അതിനു മുകളിലുള്ള ഭൂമി അടുത്തുള്ള ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ്, കൂടാതെ കിംഗ്സ് ഗാർഡൻ എന്നറിയപ്പെടുന്ന ഒരു തോട്ടവും അതിലുണ്ട് (നെഹമിയ 3:15 താരതമ്യം ചെയ്യുക). കുളം തികച്ചും ചതുരാകൃതിയിലല്ല, മറിച്ച് ചെറിയതോതിൽ ലംബകമാണ്. അഞ്ച് പടികളുടെ മൂന്ന് കൂട്ടങ്ങളുണ്ട്; രണ്ട് എണ്ണം ഒരു തട്ടിലേക്ക് നയിക്കുന്നു. അടിത്തട്ടിൽ എത്തുന്നതിനുമുമ്പായി, വിവിധ ജലനിരപ്പുകൾ ഉൾക്കൊള്ളുന്നതിനായിട്ടാണ് പടികൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന അഭിപ്രായമുണ്ട്. കുളം കല്ല് പതിച്ചതാണ്. എന്നാൽ അതിനടിയിൽ, കുളത്തിന്റെ മുമ്പുണ്ടായിരുന്ന ഒരു പതിപ്പ് കേവലം പ്ലാസ്റ്ററിട്ടതായിരുന്നുവെന്ന് (വെള്ളം നിലനിർത്താൻ സഹായിക്കുന്നതിന്) സൂചിപ്പിക്കുന്ന തെളിവുകളുണ്ട്. അലക്സാണ്ടർ യെന്നായൂസിന്റെ ഭരണകാലത്തെ നാണയങ്ങൾ കുളത്തിന്റെ പ്ലാസ്റ്റർ പാളിയിൽ ഉൾച്ചേർത്തിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുവഴി കുളം (പുനഃ)നിർമ്മിച്ചതിന്റെ കൃത്യവും സുരക്ഷിതവുമായ ഏറ്റവും പഴക്കമുള്ള തിയ്യതി ലഭിക്കുന്നു.

1880-കളിൽ സീലോഹാ കുളത്തിന് ചുറ്റും ഖനനം നടത്തിയ പുരാവസ്തുഗവേഷകർ, കുളത്തിന്റെ പടിഞ്ഞാറുഭാഗത്ത് പാറവെട്ടിയുണ്ടാക്കിയ 34 പടികളുള്ള ഒരു കോവണിപ്പടി ഉണ്ടായിരുന്നുവെന്ന് കുറിക്കുകയുണ്ടായി. ഇത് സീലോഹാ കുളത്തിന്റെ മുൻഭാഗത്തുള്ള ഒരു തളം വരെ എത്തിയിരുന്നു. [14] പടികളുടെ വീതി മുകൾഭാഗത്ത് 27 അടി മുതൽ താഴെ 22 അടി വരെ വ്യത്യാസപ്പെട്ടുകാണുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Josephus, The Jewish War 6.6.3 (6.351; 6.7.2. (6.363)
  2. Arie Itzhaki (1980). Rubenstein, Chaim (ed.). Israel Guide - Jerusalem (in ഹീബ്രു). Vol. 10. Jerusalem: Keter Publishing House, in affiliation with the Israel Ministry of Defence. p. 165. OCLC 745203905.
  3. The City of David; revisiting early excavations; English translations of reports by Raymond Weill and L-H. Vincent/ notes and comments by Ronny Reich; edited by Hershel Shanks. Pages 197-227.
  4. John 9
  5. James L. Resseguie, Narrative Criticism of the New Testament: An Introduction (Grand Rapids, MI: Baker Academic, 2005), 149.
  6. John 9:6-11
  7. James H. Charlesworth, quoted in Los Angeles Times, article: Biblical Pool Uncovered in Jerusalem, 9th August 2005
  8. Yoel Elitzur (2008). "The Siloam Pool — 'Solomon's Pool' — was a swimming pool". Palestine Exploration Quarterly. 140 (1): 17–25. doi:10.1179/003103208x269114.
  9. Dave Winter, Israel handbook, (1999) p 180
  10. André Grabar, Martyrium, (1946), volume 1, page 193
  11. E. Wiegand, The Theodosian Monastery, (1929), volume 11, page 50-72
  12. for example, see this view Archived 2018-11-03 at the Wayback Machine.
  13. Archaeologists identify traces of 'miracle' pool. Siloam Pool was where Jesus was said to cure blind, AP, Dec. 23, 2004
  14. "Eleventh Report of the Excavations at Jerusalem". Quarterly statement - Palestine Exploration Fund. 29: 11, 13. 1897.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീലോഹായിലെ_കുളം&oldid=3647543" എന്ന താളിൽനിന്ന് ശേഖരിച്ചത്