തവിടൻ കത്രികക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dusky Crag Martin
DuskyCargMartin PrasadBR.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Hirundinidae
ജനുസ്സ്: Ptyonoprogne
വർഗ്ഗം: P. concolor
ശാസ്ത്രീയ നാമം
Ptyonoprogne concolor
(Sykes, 1832)
Ptyonoprogne concolor map.png
      Approximate range
പര്യായങ്ങൾ

Hirundo concolor
Cotyle concolor

പസ്സേറിഫോമിസ് പക്ഷിഗോത്രത്തിലെ ഹിരുണ്ടി നിഡെ കുടുംബത്തിൽപ്പെടുന്ന പക്ഷിയാണ് തവിടൻ കത്രികക്കിളി. ഈ പക്ഷിയുടെ ശാസ്ത്രനാമം ഹിരുണ്ടോ കൺകളർ എന്നാണ്. ഈ പക്ഷിയുടെ കടും തവിട്ടുനിറം അഥവാ കാപ്പിപ്പൊടി നിറമാണ് തവിടൻ കത്രികക്കിളി എന്ന പേരിനു നിദാനം. ശരപ്പക്ഷികളോട് വളരെയേറെ സാദൃശ്യമുള്ള ഈ പക്ഷികൾ മീവൽപ്പക്ഷികൾ എന്ന പേരിലും അറിയപ്പെടുന്നു. ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽ തവിടൻ കത്രികക്കിളികളെ കണ്ടുവരുന്നു. ബൈബിളിലും ഇംഗ്ലീഷ് സാഹിത്യഗ്രന്ഥങ്ങളിലും മീവൽപ്പക്ഷികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ശിശിരകാലത്ത് ഇവ ആഫ്രി ക്കയിലേക്ക് ദേശാടനം നടത്തുന്നു.

ശരീരഘടന[തിരുത്തുക]

ഇവയുടെ കാലുകൾ കുറുകിയതും ശോഷിച്ചതുമാണ്. ചിറകുകൾ നീളം കൂടിയതും കൂർത്തതുമാണ്. പരന്നു കുറുകിയ വാലിനറ്റം അല്പമൊരു കൊത അഥവാ വെട്ട് ഉള്ളതുമായിരിക്കും. വാലിലെ മിക്ക തൂവലുകളുടേയും അഗ്രത്തിനടുത്തായി ഓരോ വെള്ള പൊട്ട് തെളിഞ്ഞുകാണാം. വയറിനടിഭാഗത്തിന് മങ്ങിയ നിറമാണ്. ചിറകുകളെ പിന്നിലേക്കു തള്ളി, അടച്ചും തുറന്നുമാണ് ഇവ പറക്കുന്നത്.

താമസം[തിരുത്തുക]

തവിടൻ കത്രികക്കിളികൾ കൂട്ടം ചേർന്നാണ് ജീവിക്കുന്നത്. പുൽപ്പറമ്പുകൾക്കും വയലുകൾക്കും മീതെ പറന്ന് ഇവ ഇരതേടുന്നു. പറക്കാൻ വളരെ സമർഥരായ ഈ പക്ഷികൾ പറക്കുന്ന പ്രാണികളെ മിന്നൽപ്പിണർ പോലെ പറന്നുയർന്ന് പിടിച്ചു ഭക്ഷിക്കുക പതിവാണ്. ഭക്ഷണം സമ്പാദിക്കുന്നതിനും കൂടുകെട്ടുന്നതിനും അണക്കെട്ടുകൾക്കടുത്തുള്ള പ്രദേശങ്ങളാണ് ഇവ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. ചെങ്കുത്തായ പാറക്കെട്ടുകൾ, അണക്കെട്ടിന്റെ വശങ്ങൾ, ജലാശയങ്ങൾക്കടുത്തുള്ള കെട്ടിടങ്ങൾ, കെട്ടിടങ്ങളുടെ ഭിത്തിയിൽ നിന്നു തള്ളി നില്ക്കുന്ന പടികൾ, മോന്തായത്തിന്റെ അടിഭാഗം മുതലായ ഇടങ്ങളിൽ ഇവ കൂടുകെട്ടുന്നു. അമ്പലങ്ങളുടെ മതിലുകളിൽ പിടിപ്പിക്കാറുള്ള കല്ലുവിളക്കുകളോട് കൂടുകൾക്ക് സാദൃശ്യമുണ്ട്.

പ്രജനനം[തിരുത്തുക]

പുല്ലും തൂവലുകളും മറ്റും കൊണ്ട് മെത്തയുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുക. ജനുവരി - മാർച്ച് മാസങ്ങളിലും ജൂലൈ-സെപ്റ്റംബർ മാസങ്ങളിലുമാണ് ഇവ മുട്ടയിടുന്നത്. ഓരോ തവണയും മൂന്നോ നാലോ മുട്ടകളിടും. വെളുത്ത മുട്ടകളിൽ മഞ്ഞ, ചുവപ്പു കലർന്ന തവിട്ട് എന്നീ നിറങ്ങളിലുള്ള പൊട്ടുകളുണ്ടായിരിക്കും. മുട്ടകൾ 17.6 മില്ലിമീറ്റർ വരെ നീളവും 12.8 മില്ലിമീറ്റർ വരെ വ്യാസവുമുള്ളവയായിരിക്കും.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തവിടൻ കത്രികക്കിളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തവിടൻ_കത്രികക്കിളി&oldid=1968935" എന്ന താളിൽനിന്നു ശേഖരിച്ചത്