തവിട്ടുകൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവിട്ടുകൊക്ക്
Gorschkius melanolothus P1303824.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Pelecaniformes
കുടുംബം: Ardeidae
ജനുസ്സ്: Gorsachius
വർഗ്ഗം: ''G. melanolophus''
ശാസ്ത്രീയ നാമം
Gorsachius melanolophus
Raffles, 1822

സിക്കോണി ഫോമിസ് പക്ഷിഗോത്രത്തിലെ ആർഡെയ്‌ഡേ കുടുംബത്തിൽ‌പ്പെടുന്നു ഒരിനം പക്ഷിയാണ് തവിട്ടുകൊക്ക് (Gorsachius melanolophus/Malayan Night Heron). ശാസ്ത്രീയനാമം Gorsachius melanolophus എന്നാണ്. കാട്ടുകൊക്ക്[1] [2][3][4] എന്നും വി‌ളിക്കാറുണ്ട്. ഇംഗ്ലീഷിൽ Malayan Night Heron എന്നാണ് വിളിക്കുന്നത്. ഏഷ്യയുടെ കിഴ്ക്ക്, തെക്ക്, തെക്കു കിഴക്ക് ഭാഗങ്ങളിൽ കാണുന്നു. ഭാരതം, ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിൽ പ്രജനനം ചെയ്യാറുണ്ട്. കുളക്കൊക്കിനേക്കാൾ അല്പം വലിപ്പം കൂടിയതും പാതിരാക്കൊക്കിനോട് ഏറെ സാദൃശ്യമുള്ളതുമായ പക്ഷിയാണിത്.

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

ഇൻ‌ഡോ-മലയൻ ഇനമായ തവിട്ടുകൊക്കുകൾ നിത്യഹരിതവനപ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ അപൂർവ്വമായി 750 മീറ്റർ വരെ ഉയരമുള്ള കുന്നിൻ പ്രദേശങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. നിത്യഹരിതവനപ്രദേശങ്ങളിലെ അരുവികളുടെ കരകളും ചതുപ്പു പ്രദേശങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം. ഒറ്റയ്ക്കോ ഇണകളായോ ഇവ സഞ്ചരിക്കുന്നു.

ശ്രീലങ്കയിൽ ദേശാടനക്കിളികളായിട്ടാണ് ഇത്തരം പക്ഷികളെത്തുന്നത്. ഇന്ത്യയിൽ മഴ കൂടുതലുള്ള തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മ്യാൻ‌മാർ‍, മലേഷ്യ, ഇൻ‌ഡോ ചൈന, തെക്കൻ ചൈന മുതൽ ഫോർ‌മോസ വരെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും തവിട്ടുകൊക്കുകളെ കാണാൻ കഴിയും.

ശരീരഘടന[തിരുത്തുക]

തവിട്ടുകൊക്കുകളുടെ തലയ്ക്കും ഉച്ചിക്കും ചാരം കലർന്ന കറുപ്പുനിറമായിരിക്കും. 51 സെ. മീറ്റർ വലിപ്പം. പുറത്തിന് കടും തവിട്ടുനിറമാണെങ്കിലും അവിടവിടെയായി വളഞ്ഞ കറുത്തപുള്ളികൾ കാണപ്പെടുന്നു. ഇക്കാരണത്താലാണ് ഇവയ്ക്ക് 'ടൈഗർ ബിറ്റേൺ‍' എന്നു പേരു ലഭിച്ചത്. കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളുടെ അഗ്രം വെളുത്തതാണ്. താടിക്കും തൊണ്ടയ്ക്കും വെളുപ്പു നിറമാണ്. കഴുത്തിന്റെ മുൻ‌ഭാഗത്തും മാറിടത്തിലുമുള്ള ചെമ്പിച്ച തൂവലുകൾ കറുത്ത വരകളോടുകൂടിയതാണ്. അടിഭാഗത്ത് വെളുപ്പു നിറമോ കറുപ്പിൽ പുള്ളികളോടുകൂടിയതോ ആയിരിക്കും..[5]

ജീവിതരീതി[തിരുത്തുക]

രാത്രികാലങ്ങളിൽ നിത്യഹരിതവനങ്ങളിലെ ചതുപ്പുപ്രദേശങ്ങളിലും തണുപ്പുള്ള കുളക്കരകളിലുമാണ് ഇവ സാധാരണ ഇര തേടുന്നത്. പൊതുവേ നാണം കുണുങ്ങികളായ ഇത്തരം പക്ഷികൾ ശാന്തപ്രകൃതരാണ്. പ്രത്യേകിച്ച് ശബ്ദങ്ങളൊന്നും തന്നെ പുറപ്പെടുവിക്കാത്ത ഇവ അധികസമയവും സ്വസ്ഥമായി മരച്ചില്ലകളിൽത്തന്നെ കഴിച്ചുകൂട്ടുന്നു. തവളകൾ‍, പ്രാണികൾ‍, തുടങ്ങിയവയെ ഇവ ഇരയാക്കുന്നു.

ഭക്ഷണം[തിരുത്തുക]

മത്സ്യം, തവള, പല്ലി, കീടങ്ങൾ

പ്രജനനം[തിരുത്തുക]

തവിട്ടുകൊക്കുകളുടെ പ്രജനനകാലം മേയ് അവസാനം മുതൽ ജൂലൈ ആദ്യം വരെയാണ്. ഒരു പ്രജനനകാലത്ത് മൂന്നു മുതൽ അഞ്ചുവരെ മുട്ടകളിടുന്നു. മുട്ടകൾക്ക് അല്പം തിളക്കമുള്ള വെളുപ്പു നിറമായിരിക്കും. വനാന്തര ഭാഗത്തുള്ള മരങ്ങളുടെ വണ്ണം കുറഞ്ഞ മേൽച്ചില്ലകളിലാണ് ഇവ കൂടുകെട്ടാറുള്ളത്. മേൽച്ചില്ലകൾ ശാഖകളായി രണ്ടായി പിരിയുന്ന ഭാഗത്ത് ചെറിയ ചില്ലകൾ പാകി ഒരു തട്ടുപോലെ കൂട് നിർമ്മിക്കുന്നു. കൂടിന് കുളക്കോഴിയുടെ കൂടിനോടു സാദൃശ്യമുണ്ടാവും.

വംശനാശഭീഷണി[തിരുത്തുക]

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) പുറത്തിറക്കിയ റെഡ് ലിസ്റ്റ് അനുസരിച്ച്, വംശനാശത്തെക്കുറിച്ച് ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികളുടെ കൂട്ടത്തിലാണ് തവിട്ടുകൊക്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. [6]

കൂടുകെട്ടൽ[തിരുത്തുക]

മഴക്കാലത്ത് മേയ് മുതൽ ഒക്ടോബർ വരെ

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 489. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  5. Birds of periyar, R. sugathan- Kerala Forest & wild Life Department
  6. BirdLife International (2008). "Gorsachius melanolophus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 4 February 2009.  Database entry includes justification for why this species is of least concern.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തവിട്ടുകൊക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തവിട്ടുകൊക്ക്&oldid=2608345" എന്ന താളിൽനിന്നു ശേഖരിച്ചത്