തളയൻ മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തളയൻ മത്സ്യം
Zu cristatus2.jpg
തളയൻ മത്സ്യം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Trachipteridae
Genera

Desmodema
Trachipterus
Zu

ട്രൈക്കിയുറിഡേ മത്സ്യ കുടുംബത്തിൽപ്പെടുന്ന ഏക ഇനം മത്സ്യമാണ് തളയൻ മത്സ്യം. പാമ്പിനെപോലെ നീളമുള്ള ഈ മത്സ്യം പാമ്പാട എന്നാണ് വ്യാപകമായി അറിയപ്പെടുന്നത്

പാമ്പാട അഥവാ തളയൻ മത്സ്യത്തിന്റെ ശരീരം പരന്ന് നീളം കൂടിയതാണ്. തലയുടെ ഭാഗത്തുനിന്ന് ശരീരം വീതി കുറഞ്ഞു കുറഞ്ഞു വന്ന് വാൽ ഭാഗം വെറുമൊരു മുനപോലെയായിത്തീരുന്നു. തളയന് ഒരു പൃഷ്ടപത്രം മാത്രമേയുള്ളൂ. ഈ പത്രം ശകുല വിധാനത്തിനുനേരേ മുകളിൽ നിന്ന് ആരംഭിച്ച് വാൽഭാഗം വരെയെത്തുന്നു. ഇക്കാരണത്താലാകാം ഇവയ്ക്ക് പ്രത്യേകം പുഛപത്രം കാണപ്പെടാത്തത്. ഭുജപത്രങ്ങൾ വളരെ ചെറുതായിരിക്കും.

പാമ്പാട മത്സ്യങ്ങൾക്ക് ശരീരത്തിൽ ചെതുമ്പലുകളില്ല. ശരീരം നിറയെ തിളങ്ങുന്ന പൊടി വിതറിയതുപോലെ തോന്നും. ദേഹത്തിന്റെ മധ്യഭാഗത്തിനും താഴെയായിട്ടാണ് പാർശ്വരേഖ കാണപ്പെടുന്നത്. ഈ മത്സ്യത്തിന് നല്ല മൂർച്ചയുള്ള പല്ലുകളാണുള്ളത്. ഈ പല്ലുകളുപയോഗിച്ച് മത്സ്യബന്ധനവലകൾപോലും ഇവയ്ക്ക് പൊട്ടിക്കാനാകും.

തളയൻ മത്സ്യത്തിന്റെ തലഭാഗം

കടൽത്തീരത്തോടടുത്തു ജീവിക്കുന്ന തളയൻ മത്സ്യങ്ങൾ സാധാരണ പറ്റങ്ങളായാണ് സഞ്ചരിക്കാറുള്ളത്. രണ്ടിനം തളയൻ മത്സ്യങ്ങളുണ്ട്. വെള്ളിത്തളയനും കാശിത്തളയനും. വെള്ളിത്തളയന് വെളുത്തനിറമാണ്; ചിറകുകൾക്ക് മഞ്ഞയും വെളുപ്പും. കാശിത്തളയന് ഇളം നിറത്തിലുള്ള ശരീരത്തിൽ കറുപ്പുനിറമുള്ള പൊട്ടുകൾ കാണപ്പെടുന്നു. ഇതിന്റെ ചിറകുകൾക്ക് ഇളം മഞ്ഞനിറമായിരിക്കും. ഇവയ്ക്ക് 45 - 48 സെന്റിമീറ്റർ വരെ നീളമുണ്ടാകാറുണ്ട്. പുറംകടലിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

മത്സ്യങ്ങളിൽ വച്ച് ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതലുള്ളത് വെള്ളിത്തളയനാണ്. 100 ഗ്രാം മത്സ്യത്തിന് 13.88 മില്ലിഗ്രാം വരെ ഇരുമ്പിന്റെ അംശവും 3.25 ഗ്രാം കൊഴുപ്പും ഉണ്ടെന്ന് കണക്കാക്ക പ്പെടുന്നു. നെത്തൽ, മുള്ളൻ, ചെമ്മീൻ തുടങ്ങിയവയെ ഇവ ഇരയാക്കുന്നു. ചെറുകൂട്ടങ്ങളായി സഞ്ചരിക്കുന്ന ഇത്തരം മത്സ്യങ്ങളെ തളയൻ മത്സ്യങ്ങൾ പിന്തുടരാറുണ്ട്. ജൂലായ് മാസം മുതൽ ചെറുമത്സ്യങ്ങൾ തീരത്തിനടുത്തെത്തുമ്പോഴേക്കും തളയനും അവിടെയെത്തുന്നു. ജൂലൈ - ഒക്ടോബർ മാസങ്ങളിൽ ലഭ്യമാകുന്ന ഇന്ത്യയിലെ മത്സ്യസമ്പത്തിന്റെ അഞ്ച് ശതമാനവും തളയൻ മത്സ്യങ്ങളാണ്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തളയൻ മത്സ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തളയൻ_മത്സ്യം&oldid=3705810" എന്ന താളിൽനിന്ന് ശേഖരിച്ചത്