തലശ്ശേരി ആർട്സ് സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു സാസ്കാരികകേന്ദ്രമാണ് തലശ്ശേരി ആർട്സ് സൊസൈറ്റി. നഗരത്തിന്റെ കടലോരഭാഗത്തെ പഴയ പാണ്ടികശാലകളിൽ ഒന്ന് രൂപമാറ്റം വരുത്തി ചിത്രശാലയും സംവാദവേദിയും ഒരുക്കിയാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്.

സുഷമ ബിന്ദു തലശ്ശേരി ആർട്സ് സൊസൈറ്റിയിൽ കവിത വായിക്കുന്നു.

പ്രവർത്തമേഖലകൾ[തിരുത്തുക]

വാരാന്തങ്ങളിൽ ചലച്ചിത്രപ്രദർശനങ്ങൾ, എല്ലാ മാസത്തിലും മീറ്റ് ദ പോയറ്റ് എന്ന പരിപാടിയിൽ കവികൾ നടത്തുന്ന കവിതാവതരണം, ചിത്ര-ശില്പപ്രദർശനങ്ങൾ, സംവാദങ്ങൾ, സംഗീതാവതരണം എന്നിവയാണ് സൊസൈറ്റിയുടെ മുഖ്യപ്രവർത്തനങ്ങൾ.

മീറ്റ് ദ പോയറ്റ്[തിരുത്തുക]

സച്ചിദാനന്ദൻ, കെ. ജി. ശങ്കരപിള്ള, ടി. പി. രാജീവൻ, പി.പി. രാമചന്ദ്രൻ, പി. രാമൻ, സിവിക് ചന്ദ്രൻ, എസ്. കലേഷ്, സിന്ധു കെ. വി. മുതൽ പുതിയ തലമുറയിലെ നിരവധി കവികൾ വരെ സ്വന്തം രചനകൾ അവതരിപ്പിക്കുയും ശ്രോതാക്കളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. കാവ്യാവതരണപരിപാടി തത്സമയം ഫേസ്‌ബുക്ക് ലൈവായി പ്രസരണം ചെയ്യുന്നതിനാൽ ലോകമെമ്പാടും നിരവധി കവിതാസ്വാദകർ മീറ്റ് ദ പോയറ്റ് പരിപാടിയുടെ സ്ഥിരം കാഴ്ചക്കാരായി. ഒരു മാസത്തിൽ ഒന്നിലേറെ കവിതാവതരണങ്ങൾ ഉണ്ടാവാറുണ്ട്. നിരൂപകനും നാടകകൃത്തും കവിതാവിവർത്തകനുമായ എൻ. ശശിധരൻ സ്വയം വിവർത്തനം ചെയ്തതും മറ്റുള്ളവർ വിവർത്തനം ചെയ്തതുമായ കവിതകൾ ഉൾപ്പെടുത്തി ലോകകവിത എന്ന കവിതാപരിപാടി നടത്തിയിട്ടുണ്ട്. കവിതയ്ക്കായി കേരളത്തിലുള്ള ഒരിടം എന്ന് കെ.ജി.ശങ്കരപിള്ള മാതൃഭൂമി നടത്തുന്ന ക സാഹിത്യോത്സവത്തിൽ തലശ്ശേരി ആർട്സ് സൊസൈറ്റിയെ വിശേഷിപ്പിച്ചിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]

സ്ഥിരം ചിത്രശേഖരം ഉള്ള ഒരു ചിത്രശാല സൊസൈറ്റിയുടെ ഹാളിൽ പ്രവർത്തിക്കുന്നു. മുത്തുക്കോയ, ഭാഗ്യനാഥ് എന്നിങ്ങനെയുള്ള മുതിർന്ന ചിത്രകാരന്മാരും ചിത്രകലയിലെ പുതിയ തലമുറയിലെ പലരും ഇവിടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

സംഘാടനം[തിരുത്തുക]

ഔപചാരികമായ സംഘടനാരൂപമോ ഭാരവാഹികളോ ഇല്ല എന്നതാണ് തലശ്ശേരി ആർട്സ് സൊസൈറ്റിയുടെ അസാധാരണത്വം. എഴുപതുകളുടെ പകുതി മുതൽ സാസ്കാരികരംഗത്ത് പ്രവർത്തിക്കുന്ന കാർട്ടൂണിസ്റ്റായ പതഞ്ജലി, ഫിലിം സൊസൈറ്റി സംഘാടകനായ പി. പ്രേംനാഥ്, ചിത്രകാരനായ ശശികുമാർ, സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അഗസ്റ്റിൻ ഫെർനാണ്ടസ് എന്നിവരാണ് സൊസൈറ്റിയുടെ സംഘാടകർ. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സംഘാടകർക്ക് തുല്യമായ പരിഗണന നല്കുക എന്നതാണ് സൊസൈറ്റിയുടെ നയം.

അവലംബം[തിരുത്തുക]

http://www.puzha.com/blog/thalassery-art-society-2/

http://newwaynews.in/2018/12/20/tlasery-arts-socity/ Archived 2020-02-22 at the Wayback Machine.

https://www.mathrubhumi.com/kannur/kazhcha/kannur-kazhcha-1.3667374 Archived 2020-02-22 at the Wayback Machine.