Jump to content

തലയാക്കുളം ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലയാക്കുളം_ഭഗവതി_ക്ഷേത്രം
തലയാക്കുളം ക്ഷേത്രം- കിഴക്കേവശത്തെ ആൽമരം

തൃശ്ശൂർ ജില്ലയിലെ‍ എരവത്തൂർ ഗ്രാമത്തിലെ ഒരു അമ്പലമാണ് തലയാക്കുളം ഭഗവതി ക്ഷേത്രം. തലയാക്കുളം ഭഗവതി അമ്മയാണ് ഇവിടുത്തെ പ്രതിഷ്ഠ.

എരവത്തൂർ നായർ സമുദായമാണ് ഈ അമ്പലത്തിലെ മേൽനോട്ടം നടത്തിവരുന്നത്. വർഷംതോറും ഇവിടെ ഉത്സവം നടത്തുന്നതും അമ്പലത്തിലെ മറ്റു വികസന പ്രവൃത്തികളും നടത്തി വരുന്നത് തലയാക്കുളം അമ്പലകമ്മിറ്റിയാണ്. പാലിയം ഗ്രൂപ്പ് ദേവസ്വം വകയാണ് ഈ ക്ഷേത്രം. ഇതിന്റെ ചുറ്റമ്പലത്തിൽ രണ്ട് ശ്രീകോവിലുകളിയായി ഭദ്രകാളിയും ശ്രീദുർഗ്ഗയും തുല്യപ്രാധാന്യത്തോടുകൂടി ആരാധിക്കപ്പെട്ടുവരുന്നു. ഭൈരവൻ, നാഗദേവതകൾ, രക്ഷസ്സ് എന്നിവർ ഉപദേവതകളായി ക്ഷേത്രമതിൽക്കകത്തും, ക്ഷേത്രത്തിന് പുറത്ത് കുളത്തിനരികിൽ ഘണ്ടാകർണ്ണർ, വെളിച്ചപ്പാട്, മേലാംതുരുത്തി എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാട് മുടിയേറ്റും (കുംഭമാസത്തിലെ കാർത്തിക നാളിൽ), കർക്കിടകമാസത്തിലെ കളമെഴുത്തും പാട്ടും ആണ്. ഗുരുതിപുഷ്പാഞ്ജലി വർഷത്തിൽ ഒരിക്കൽ ദേശഗുരുതിനാളിൽ മാത്രം നടത്തുന്നു. ഇവിടുത്തെ മറ്റ് വഴിപാടുകൾ ഗണപതിഹോമം, ഭഗവതിസേവ, എണ്ണ, കരിക്ക്, കുങ്കുമം, മഞ്ഞൾപൊടി അഭിഷേകങ്ങൾ എന്നിവയാണ്.

ഐതിഹ്യം

[തിരുത്തുക]

കുഴൂർ ദേശത്തിന്റെ വടക്ക് കിഴക്കേ മൂലയിലായി സ്ഥിതി ചെയ്യുന്ന ഈ ഭഗവതിക്ഷേത്രത്തിന് ആയിരം വർഷത്തിന്റെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1987-88 കാലത്ത് ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യപ്രശ്നങ്ങളിൽ കണ്ടത് ഭഗവതിയെ ഭദ്രകാളിയായും പിന്നീട് ദുർഗ്ഗയായും വീണ്ടും ഭദ്രകാളിയായും ആരാധിച്ചു വരുന്നതായും ആരാധനസ്വഭാവത്തിൽ വന്ന വ്യത്യാസം മൂലം ഭദ്രകാളീചൈതന്യത്തിന് പുഷ്ടി വരുകയും കാലം കഴിയവേ ദുർഗ്ഗാദേവിക്ക് ഉപദേവതാസ്വഭാവത്തിൽ ആരാധന കൈവരുകയും ചെയ്തു എന്നാണ്. പിന്നീട് പ്രശ്നവിധിപ്രകാരം ദുർഗ്ഗാദേവിക്ക് പ്രത്യേകം ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയുണ്ടായി.

വിശേഷദിവസങ്ങൾ

[തിരുത്തുക]

എല്ലാ വർഷവും മേട മാസത്തിൽ നടത്തി വരുന്ന ഉത്സവം പ്രധാനമാണ്. കൂടാതെ ഇവിടുത്തെ വിശേഷദിവസങ്ങൾ താഴെപ്പറയുന്നവയാണ്.

  • ആണ്ടു വിശേഷം - കുംഭമാസത്തിലെ അശ്വതിനാളിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠാദിനം
  • കാർത്തിക നാളിൽ താലപ്പൊലി, മുടിയേറ്റ്, തുടർന്ന് ദേശഗുരുതി, മകരച്ചൊവ്വ വിശേഷം
  • കർക്കിടകമാസത്തിൽ കളമെഴുത്തും പാട്ടും
  • എല്ലാ മാസവും പൗർണ്ണമി നാളിൽ ഭഗവതീസേവ
  • ഒന്നാം തിയതികളിൽ ഗണപതിഹോമം