തരിയോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തരിയോട് എന്ന പേരിലുള്ള മലയാളഡോക്യുമെന്ററിയെക്കുറിച്ചറിയാൻ ദയവായി തരിയോട് (വിവക്ഷകൾ) കാണുക.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ തരിയോട്. കല്പ്പറ്റയിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ ഗ്രാമം.

പ്രത്യേകതകൾ[തിരുത്തുക]

പ്രകൃതിരമണീയമായ നിബിഡ വനങ്ങളാൽ സമ്പന്നമായ ബാണാസുര മലയടിവാരത്ത്, സമുദ്രനിരപ്പിൽ നിന്ന് 780 മീ. ഉയരത്തിലാണ് തരിയോട് സ്ഥിതി ചെയ്യുന്നത്. മലയിടിച്ചിലിന്റെ ഫലമായി രൂപംകൊണ്ട കർലാട് തടാകം ഇവിടത്തെ മുഖ്യ ശുദ്ധജല സ്രോതസ്സായി വർത്തിക്കുന്നു. കുരുമുളകും കാപ്പിയും സമൃദ്ധമായി വിളയുന്ന ഈ പ്രദേശത്ത് തെങ്ങ്, റബ്ബർ, വാഴ, നെല്ല്, കവുങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടിയ തോതിൽ മഴ കിട്ടുന്ന ഒരു പ്രദേശമാണ് തരിയോട്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ലക്കിടിക്ക് സമീപമാണ് ഈ പ്രദേശം.

പുരാതനകാലം മുതൽ കാട്ടുനായ്ക്കർ, പണിയർ, കാടർ, കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് തരിയോട്. മലബാർ, ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായതോടെ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചു. 1940-നു ശേഷവും വൻതോതിലുള്ള കുടിയേറ്റം ഉണ്ടായി. രണ്ടാം ലോകയുദ്ധത്തെ തുടർന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് തിരുവിതാംകൂർ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങൾ തരിയോട്ടെത്തി. കുടിയേറ്റം ശക്തിപ്പെട്ടതോടെ കൃഷിഭൂമിക്കുവേണ്ടി വൻതോതിൽ ഇവിടത്തെ വനങ്ങൾ വെട്ടിത്തെളിക്കപ്പെട്ടു. ഈ പ്രദേശത്തെ ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഇതു കാരണമായി.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തരിയോട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തരിയോട്&oldid=3334381" എന്ന താളിൽനിന്ന് ശേഖരിച്ചത്