തത്ത്വശാസ്ത്ര അപഗ്രഥനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സങ്കീർണമായ പദാർഥത്തെയോ സ്ഥിതിയെയോ വിഭിന്നവും ലളിതവുമായ ഘടകങ്ങളായോ വസ്തുതകളായോ വിഭജനം ചെയ്യുന്ന പ്രക്രിയയെ തത്ത്വശാസ്ത്ര അപഗ്രഥനം എന്നു പറയുന്നു. ഇതു തത്ത്വശാസ്ത്രത്തിൽ ഒരു രീതിയായും സിദ്ധാന്തമായും രൂപംകൊണ്ടിട്ടുണ്ട്.

യാഥാർഥ്യം കണ്ടെത്താനുള്ള മാർഗം[തിരുത്തുക]

തത്ത്വശാസ്ത്രത്തിൽ, യാഥാർഥ്യം കണ്ടെത്താൻ അവലംബിക്കുന്ന പല മാർഗങ്ങളിൽ ഒന്നാണ് അപഗ്രഥനം. ഭാരതീയ ദർശനങ്ങളിൽ പണ്ടുമുതലേ അപഗ്രഥനരീതിക്ക് സ്ഥാനമുണ്ടായിരുന്നു. എന്നാൽ പാശ്ചാത്യതത്ത്വശാസ്ത്രത്തിൽ സോക്രട്ടീസിനു മുമ്പുള്ള ദർശനങ്ങളിൽ ഇതിനെ ഒരു അംഗീകൃത സമ്പ്രദായമായി കണക്കാക്കിയിരുന്നില്ല. എങ്കിലും പരോക്ഷമായി അപഗ്രഥനരീതി അതിലും ഉപയോഗിക്കപ്പെട്ടിരുന്നു. അനുഭവവാദത്തിന്റെയും (Empiricism)[1] ആശയവാദ (Idealism)[2] ത്തിന്റെയും രീതികളിൽനിന്നു വ്യത്യസ്തമായി അപഗ്രഥനരീതി അടുത്തകാലത്തു സത്യാന്വേഷണത്തിനുള്ള പ്രധാനോപാധിയായി ഉപയോഗിച്ചത് ബർട്രാൻഡ് റസ്സൽ ആണ്. ജി.ഇ. മൂർ, ലുദ്വിഗ് വിറ്റ്ഗെൻ സ്റ്റൈൻ, സി.ഡി. ബ്രോഡ്, ഗിൽബർട്ട്റൈൽ, ജോൺ വിസ്ഡം, സൂസൻ സ്റ്റെബിങ്, റൂഡോൾഫ് കാർണാപ്, എ.ജെ. എയർ തുടങ്ങിയ ദാർശനികരും പിന്നീട് ഈ രീതി ഉപയോഗപ്പെടുത്തി.

തത്ത്വശാസ്ത്രഞ്ജരുടെ വാദമുഖങ്ങൾ[തിരുത്തുക]

മനസ്സും ദ്രവ്യവും സാമാന്യങ്ങളും വിശേഷങ്ങളും (Universals and Particulars)[3] അടങ്ങിയ ഒരു സങ്കീർണ പ്രതിഭാസമാണ് യാഥാർഥ്യം എന്നതായിരുന്നു റസ്സലിന്റെ ദ്വന്ദ്വവാദം. ജി.ഇ. മൂറിനെ സംബന്ധിച്ചിടത്തോളം അപഗ്രഥനം ഒരുതരം നിർവചനമാണ്. സംപ്രത്യയങ്ങളു (concepts) ടെയോ തർക്കവാക്യങ്ങളു (propositions) ടെയോ നിർവചനമാണിത്. സി.ഡി. ബ്രോഡ്, ലുദ്വിഗ് വിറ്റ്ഗെൻസ്റ്റൈൻ, സൂസൻ സ്റ്റെബിങ്, ജോൺ വിസ്ഡം, ഗിൽബർട്ട്റൈൽ തുടങ്ങിയവർ റസ്സലിന്റെയും മൂറിന്റെയും അപഗ്രഥനസിദ്ധാന്തത്തിന് ചില പരിഷ്കാരങ്ങൾ വരുത്തി. വിറ്റ്ഗൻസ്റ്റൈനിന്റെ ട്രാക്ടാടസ് ലോജിക്കോ ഫിലസോഫിക്സ് ഇരുപതാം ശ.-ത്തിലെ അപഗ്രഥനാത്മകതത്ത്വചിന്തയെപ്പറ്റിയുള്ള ക്ളാസിക് ആയി കണക്കാക്കപ്പെടുന്നു.

വ്യാകരണപരമായി തെറ്റായ തർക്കവാക്യങ്ങളെ ശരിയായ തർക്കവാക്യങ്ങളിലേക്കു പരിവർത്തനം ചെയ്യുക എന്നത് തത്ത്വശാസ്ത്രത്തിന്റെ ചുമതലയാണെന്നവാദം 20-ആം നൂറ്റാണ്ടിന്റെ പ്രാരംഭദശയിൽ അപഗ്രഥനദർശനത്തിന്റെ പ്രധാന ആശയമായിരുന്നു. ദ്രവ്യപരം, രൂപപരം, ദർശനപരം എന്ന് മൂന്നായി അപഗ്രഥനത്തെ ജോൺ വിസ്ഡം തരംതിരിച്ചിരിക്കുന്നു. തത്ത്വദർശനത്തിന്റെ ചുമതല ചില പദപ്രയോഗങ്ങളെ അപഗ്രഥിക്കുകയാണെന്ന് ഗിൽബർട്ട്റൈൽ സിദ്ധാന്തിക്കുന്നു. കാർണാപ്, എയർ തുടങ്ങിയ ലോജിക്കൽ പോസിറ്റിവിസ്റ്റുകളുടെ അഭിപ്രായത്തിൽ അപഗ്രഥനം തികച്ചും ഭാഷാപരമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-06-16. Retrieved 2011-09-19.
  2. http://www.newadvent.org/cathen/07634a.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-12. Retrieved 2011-09-19.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപഗ്രഥനം-തത്ത്വശാസ്ത്രത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.