Jump to content

തത്തപ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തത്തപ്പനി
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

ഒരു ജന്തുജന്യ രോഗമാണ് തത്തപ്പനി അഥവാ സിറ്റാക്കോസിസ്. ക്ലമൈഡിയോഫില സിറ്റാക്കി എന്ന ബാക്ടീരിയം മനുഷ്യരിലും, പക്ഷികളിലും ഉണ്ടാകുന്ന രോഗമാണിത്. ന്യൂമോണിയയായി തുടങ്ങി, പല അവയവങ്ങൾക്കും കേടുപാടു വരുത്താനും, മരണം വരെ ഉണ്ടാകാനും സാധ്യതയുള്ള അസുഖമാണ് സിറ്റാക്കോസിസ്. മറ്റ് പക്ഷികളെക്കലും തത്തകളിലാണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്.

തത്ത, പ്രാവ്, കോഴി, താറാവ് തുടങ്ങിയ പക്ഷികളിൽ നിന്നാണ് ഈ രോഗം മനുഷ്യനിലേക്കു പകരുന്നത്. ക്ലമിഡിയ സിറ്റാക്കി[1] (Chlamydia Psittaci) എന്ന സൂക്ഷ്മാണുവാണ് രോഗ ഹേതു. രോഗമുള്ള പക്ഷികളുടെ വിസർജ്യങ്ങളിൽ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് രോഗാണു സംക്രമണം നടക്കുന്നത്. കോഴിക്കർഷകരിലും പക്ഷികളെ വളർത്തുന്ന കടകളിൽ ജോലി ചെയ്യുന്നവരിലുമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. തത്തകളെ വളർത്തുന്ന മിക്കവർക്കും ചെറിയ തോതിൽ ഈ അപകടസാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ

[തിരുത്തുക]

രോഗാണു ശരീരത്തിൽ പ്രവേശിച്ച് 10-14 ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന ഇൻകുബേഷൻ പിരീഡ് കഴിഞ്ഞതിനു ശേഷം രോഗലക്ഷണങ്ങൾ പ്രകടമാകും. അപ്രാരൂപിക ന്യൂമോണിയയാണ് ആദ്യം പ്രകടമാകുക. ടൈഫോയ്ഡ് പനിയെ അനുസ്മരിപ്പിക്കുന്ന രോഗലക്ഷണങ്ങളായ : ചൂടേറിയ പനി, സന്ധിവേദന, തൂറ്റൽ, കൺജക്ടൈവൈറ്റിസ് എന്നിവ ഉണ്ടാകാം. റോസ് നിറമുള്ള കുത്തുകൾ ശരീരത്തിൽ കാണപ്പെടാം, ഇവയെ ഹോർഡർ പുള്ളികൾ എന്നു വിളിക്കുന്നു. കൂടാതെ പ്ലീഹവീക്കവും, തലവേദനയും ഉണ്ടാകാം. എക്സ്-റേയിൽ ശ്വാസകോശ ഫീൽഡിൽ വെള്ളകലർന്ന പാടുകൾ കാണപ്പെടും. രക്തത്തിൽ പ്ലേറ്റ്ലെറ്റുകളും, ശ്വേതരക്താണുക്കളും കുറയുകയും, കരൾ എൻസൈമുകൾ കൂടുകയും ചെയ്യും.

ഈ അസുഖം മൂലം എന്റോകാർഡൈറ്റിസ്, കരൾവീക്കം, ഹൃദയപേശിവീക്കം, കെരറ്റോകൺജക്ടൈവൈറ്റിസ് എന്നിവ ഉണ്ടാകാം. പല രോഗികൾക്കും അടിയന്തര ചികിത്സയും, കൃത്രിമ ശ്വാസോച്ഛ്വാസവും നൽകേണ്ടിവന്നേക്കാം.

രോഗം ബാധിക്കുന്ന പക്ഷികൾ അവശരായി കൂനിക്കൂടി നില്ക്കുന്നതു കാണാം. പനി, അസഹ്യമായ തലവേദന, ചുമ എന്നിവയാണ് മനുഷ്യരിൽ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. സന്ധിവേദന, തൊണ്ടവീക്കം, മൂക്കിൽനിന്ന് രക്തം വരിക, ക്ഷീണം, വിഷാദം എന്നീ ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഗുരുതരാവസ്ഥയിൽ ശ്വാസതടസ്സമനുഭവപ്പെടുന്നു.

രോഗ നിവാരണത്തിന് ടെട്രാസൈക്ലിനാണ് സാധാരണയായി നിർദ്ദേശിക്കാറുള്ളത്. യഥാസമയം ചികിത്സ ലഭിക്കാതെ വന്നാൽ രോഗം ശമിക്കുന്നതിന് ആഴ്ചകളും മാസങ്ങളും വേണ്ടിവരും. രോഗം നിർണയിക്കപ്പെടാതെയും യഥാവിധി ചികിത്സ ലഭിക്കാതെയും വരുന്ന ചില സന്ദർഭങ്ങളിൽ രോഗം മാരകമാകാറുണ്ട്.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തത്തപ്പനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തത്തപ്പനി&oldid=3633544" എന്ന താളിൽനിന്ന് ശേഖരിച്ചത്