തണ്ടായ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയകാലത്ത് തീയ്യസമുദായ പ്രമാണിമാർക്ക് രാജാക്കന്മാർ കല്പിച്ചുകൊടുത്തിരുന്ന പ്രത്യേക പദവിയാണ് തണ്ടായ്മ.[1] തണ്ടായ്മസ്ഥാനം ലഭിച്ചിട്ടുള്ള വ്യക്തി തണ്ടാർ അഥവാ തണ്ടാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

തണ്ടായ്മസ്ഥാനത്തിന്റെ ഉത്പത്തിയെപ്പറ്റി വടക്കൻപാട്ടുകളിൽ പരാമർശിച്ചു കാണുന്നുണ്ട്. ചേരമാൻ പെരുമാളാണ് ഇത് ഏർപ്പെടുത്തിയത് എന്നാണ് വലിയ ആരോമൽച്ചേകവരുടെ പാട്ടിൽ വർണിച്ചു കാണുന്നത്. പകൽ വിളക്കും പാവാടയും നല്കി വെടി- വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയായിരുന്നു തണ്ടായ്മസ്ഥാനം നല്കപ്പെട്ടിരുന്നതെന്നും വടക്കൻപാട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. പഴയ പാട്ടുകളിൽ ഇത്തരം പരാമർശങ്ങളുണ്ട്.

തിരുവിതാംകൂറിലും കൊച്ചിയിലും കോഴിക്കോട്ടും ഈ ആചാരപദവി നല്കപ്പെട്ടിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇവയിൽ, തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാർ നേരിട്ടായിരുന്നു തണ്ടായ്മസ്ഥാനം നല്കിയിരുന്നത്. കോഴിക്കോട്ടാകട്ടെ, സാമൂ തിരിക്കോവിലകത്തെ മൂത്ത തമ്പുരാട്ടിയിലായിരുന്നു ഈ സ്ഥാനം കല്പിച്ചുകൊടുക്കാനുള്ള അവകാശം നിക്ഷിപ്തമായിരുന്നത്.

ചെറുകിട ജന്മിസമ്പ്രദായം ആവിർഭവിച്ചുതുടങ്ങിയ 18-ാം ശ.-ത്തിലായിരിക്കണം തണ്ടായ്മസ്ഥാനം നല്കൽ ആരംഭിച്ചത് എന്നാണ് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിക്കാണുന്നത്. പില്കാലത്ത് ഈ സമ്പ്രദായം ഇല്ലാതായെങ്കിലും പല സമുദായാംഗങ്ങളും തീയ്യരേയും ചോവനേയും സമുദായ പ്രമാണിമാരെ 'തണ്ടാർ' എന്ന് ആദരപൂർവം വിളിച്ചു പോന്നിരുന്നു.

'തണ്ടാർ' സ്ഥാനം പോലെ 'പണിക്കർ' എന്ന മറ്റൊരു സ്ഥാനംകൂടി തീയ്യർ സമുദായപ്രമാണിമാർക്ക് കല്പിച്ചു കൊടുത്തിരുന്നു.

'രാജ്യഭരണത്തിൽ ഇവർക്കു പങ്കുണ്ടായിരുന്നില്ലെങ്കിലും സമുദായഭരണത്തിൽ ഇവർ ഏകാധിപതികൾ ആയിരുന്നു' എന്നാണ് തണ്ടായ്മ സ്ഥാനം ലഭിച്ചവരെപ്പറ്റി കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ഗ്രന്ഥത്തിൽ (പി.കെ. ഗോപാലകൃഷ്ണൻ) പറയുന്നത്. എന്നാൽ എഡ്ഗാർ തേഴ്സ്റ്റൺ മറ്റൊരു വസ്തുതകൂടി സൂചിപ്പിച്ചിട്ടുണ്ട്. 'സ്വന്തം ജാതിയിൽ മാത്രമല്ല, മറ്റു ജാതിക്കാരിലും പ്രമാണിയാണ് തണ്ടാർ' എന്നാണ് അദ്ദേഹത്തിന്റെ പരാമർശം.

ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥത്തിൽ പി.കെ. ബാലകൃഷ്ണൻ സൂചിപ്പിച്ചിരിക്കുന്നത്, 'നാടുവാഴിക്ക് 64 പുത്തൻ ആണ്ടുകാഴ്ച കൊടുത്താണ് തണ്ടാർസ്ഥാനം നേടിയിരുന്നത്' എന്നാണ്. എന്തായാലും, സ്വസമുദായത്തിന്റേയും അന്യ സമുദായങ്ങളുടേയും ആദരവ് നേടിയവരായിരുന്നു ഈ സ്ഥാനക്കാർ എന്നു ബോധ്യമാകുന്നു.

തണ്ടായ്മസ്ഥാനം ലഭിച്ചവർക്കുള്ള അവകാശങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അവയിൽ 'താലികെട്ടുകല്യാണ ത്തിന് പെണ്ണൊന്നിന് പന്ത്രണ്ടു പുത്തൻ, സ്ഥാനാവകാശത്തിന് നാല് പുത്തൻ പുരച്ചേർച്ചയ്ക്ക് മണവാട്ടീമണവാളന്മാർക്കു പന്ത്രണ്ട് പുത്തൻ'-എന്നിങ്ങനെ പല അവകാശങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

ജനനം മുതൽ മരണം വരെയുള്ള ജീവിതസന്ദർഭങ്ങളിലെ സവിശേഷ അനുഷ്ഠാനങ്ങൾക്കെല്ലാം തണ്ടായ്മസ്ഥാനത്തിനുടമയായവരുടെ അനുമതിയും ആശിസ്സും വാങ്ങണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ജാതിഭ്രഷ്ട് കല്പിക്കുന്നതിനും ജാതിഭ്രഷ്ട് ഇല്ലാതാക്കുന്നതിനുമുള്ള അവകാശവും തണ്ടായ്മസ്ഥാനക്കാർക്കു ലഭിച്ചിരുന്നു. സ്വസമുദായത്തിലെ വഴക്കുകളും തർക്കങ്ങളും തീർക്കുന്നതിനുള്ള അവകാശവും തണ്ടാർമാർക്കുതന്നെയായിരുന്നു. അതിനായി ഓരോ മുറി (കര)യിലും ഓരോ 'തണ്ടാർ' സ്ഥാനക്കാരനെ നിയോഗിച്ചിരുന്നു എന്നതിനും തെളിവുകളുണ്ട്.

കൊച്ചീരാജ്യത്തിലെ തണ്ടായ്മസ്ഥാനികൾക്കു കൊടുത്തിരുന്ന തീട്ടൂരങ്ങൾക്ക് മാതൃകയായി കൊച്ചീരാജ്യചരിത്രത്തിൽ പദ്മനാഭമേനോൻ ഒരു 'തണ്ടായ്മത്തീട്ടൂര'ത്തിന്റെ പകർപ്പ് നല്കിയിട്ടുണ്ട്. അതിൽനിന്നുള്ള ഏതാനും ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു:

'....തണ്ടായ്മ സ്ഥാനത്തിനുള്ള അവകാശങ്ങളും

പറ്റി അനുഭവവിച്ചുകൊള്ളത്തക്കവണ്ണവും

നിയ്യ് രണ്ടു കൈക്കു വീരചങ്ങലയും വിരുതും

തോട്ടിക്കടുക്കനും പൊന്നിൻ കാവുവാളും

പൊന്നെഴുത്താണിയും പീച്ചാങ്കത്തിയും

പൊന്നുകെട്ടിയ വടിയും പുലിത്തോൽപ്പരി

ചയും നെടിയ കുടയും ചങ്ങലവെട്ടയും കുത്തു

വിളക്കും ദീവട്ടിപ്പന്തക്കുഴയും ആലവട്ടവും

പട്ടുകുടയും കൊണ്ടു നടക്കയും...'

പ്രത്യേക ആടയാഭരണങ്ങളണിയുന്നതിനും മഞ്ചൽ, കുതിര വണ്ടി എന്നിവ ഉപയോഗിക്കുന്നതിനും വെള്ളവസ്ത്രവും തലപ്പാവും അണിയുന്നതിനുമുള്ള അവകാശങ്ങളും തണ്ടായ്മസ്ഥാനികൾക്കു ലഭിച്ചിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

തണ്ടിൽ അഥവാ പല്ലക്കിൽ കയറുന്നതിനുള്ള അവകാശം നല്കുന്നതിനെയും 'തണ്ടായ്മ' എന്നു വിശേഷിപ്പിച്ചിരുന്നതായി കാണുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തണ്ടായ്മ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. Herman Gundert. Kerala Sahitya Malayalam English Dictionary. google books.
"https://ml.wikipedia.org/w/index.php?title=തണ്ടായ്മ&oldid=3898181" എന്ന താളിൽനിന്ന് ശേഖരിച്ചത്