Jump to content

തടവുശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുറ്റവാളികളേയും ശത്രുക്കളേയും തടവിൽ പാർപ്പിച്ച് ശിക്ഷ നല്കുന്ന സമ്പ്രദായത്തെ തടവുശിക്ഷ എന്നു പറയുന്നു. ഇത് പുരാതനകാലം മുതൽക്കേ നിലവിലുള്ളതാണ്. രാജാക്കന്മാർ തടവുകാരെ കാരാഗൃഹങ്ങളിൽ പാർപ്പിച്ചു വന്നു. വസുദേവരേയും ദേവകിയേയും കംസൻ തടവിൽ പാർപ്പിച്ചിരുന്നതായി പുരാണങ്ങൾ പറയുന്നു. പുരാണപുരുഷനായ ശ്രീകൃഷ്ണൻ ജനിച്ചത് തടവറയിലാണെന്നാണ് കഥ. വാട്ടർലൂ, ട്രഫാൽ ഗർ യുദ്ധങ്ങളിൽ പരാജയപ്പെട്ട നെപ്പോളിയനെ ബ്രിട്ടീഷുകാർ തടവുകാരനാക്കി. ലോകയുദ്ധങ്ങളിൽ അനേകംപേർ തടവിൽ കിടന്ന് യാതന അനുഭവിച്ചു. ഹിറ്റ്ലറുടെ തടവറകളിൽ യഹൂദർ തടവുകാരാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അനേകംപേർ ജയിലറകളിൽ പീഡനമനുഭവിച്ചു.

സ്റ്റേറ്റിന്റെ ചുമതലകൾ

[തിരുത്തുക]

നിയമപരിപാലനവും നീതിനിർവഹണവും സ്റ്റേറ്റിന്റെ പ്രധാന ചുമതലകളാണ്. അതിനുള്ള ഏജൻസികളാണ് പൊലീസ്, കോടതി, ജയിൽ എന്നിവ.സ്റ്റേറ്റിന്റെ സുഗമമായ പ്രവർത്തനത്തിനും പൊതു ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടി സ്റ്റേറ്റ് കാലാകാലങ്ങളിൽ നിയമങ്ങൾ നിര്മിക്കാറുണ്ട്.ഇത്തരം നിയമങ്ങൾ അനുസരിക്കാത്തവരെയാണ് കുറ്റവാളികളായി കണക്കാക്കുന്നത്. കുറ്റവാളികളെന്നു തെളിയുന്നവരെ കോടതി പല വിധത്തിലുള്ള ശിക്ഷകൾക്കു വിധേയരാക്കുന്നു. അപ്രകാരം നല്കുന്ന ഒരു ശിക്ഷയാണ് തടവുശിക്ഷ. ഓരോ രാജ്യവും അതതു രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചാണ് തടവുശിക്ഷ നടപ്പിലാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 53-ം വകുപ്പിൽ വിവിധ ശിക്ഷകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ളതിൽ തടവുശിക്ഷയും ഉൾപ്പെടുന്നു.

കോടതികൾ

[തിരുത്തുക]

സിവിൽ-ക്രിമിനൽ കോടതികൾ, ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാർ, സ്പെഷ്യൽ കോടതികൾ തുടങ്ങിയവയ്ക്കും പാർലമെന്റിലേയും അസംബ്ലിയിലേയും സ്പീക്കർമാർക്കും തടവുശിക്ഷ വിധിക്കുവാൻ അധികാരമുണ്ട്. തടവുശിക്ഷ വിവിധ രീതികളിലുണ്ട്. ജീവപര്യന്തതടവ്, കഠിനതടവ്, സാധാരണ തടവ് (ലഘു തടവ്), സിവിൽ തടവ് എന്നിവയാണവ. ഓരോ കുറ്റത്തിന്റേയും സ്വഭാവം, ഗൗരവം, പ്രതിയുടെ പ്രായം, പ്രതിയുടെ മുൻ കുറ്റങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ശിക്ഷ നല്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 53 മുതൽ 75 വരെയുള്ള വകുപ്പുകളിൽ ചിലതിലാണ് തടവുശിക്ഷയേക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ളത്. തടവുശിക്ഷ എങ്ങനെ അനുഭവിക്കണമെന്നും എത്രകാലം അനുഭവിക്കണമെന്നും ഒന്നിലധികം ശിക്ഷകൾ അനുഭവിക്കേണ്ട രീതിയും കോടതി വിധിയിൽ പ്രത്യേകം പ്രസ്താവിക്കും.

ജീവപര്യന്തം തടവെന്നാൽ മരണം വരെയുള്ള ശിക്ഷയാണെന്ന് സുപ്രീംകോടതി (ഇപ്പോൾ) വ്യക്തമാക്കിയിട്ടുണ്ട്. കോടതികൾ കുറ്റവാളികളെ ശിക്ഷിക്കുമ്പോൾ കഠിന തടവാണോ സാധാരണ തടവാണോ എന്ന് പ്രത്യേകം പറയാറുണ്ട്. അങ്ങനെയുളള ശിക്ഷയിൽ ഏതെങ്കിലും ഭാഗം ഏകാന്തതടവായി വ്യവസ്ഥ ചെയ്യുവാനും കോടതിക്ക് അധികാരമുണ്ട്. കഠിനതടവുശിക്ഷ ലഭിക്കുന്നവർ ജയിലിൽ കഴിയുമ്പോൾ ജോലിചെയ്യേണ്ടത് നിർബന്ധമാണ്. തടവുശിക്ഷ ഭാഗികമായി അനുഭവിക്കാനും ബാക്കി പിഴ അടയ്ക്കുവാനും കോടതി വിധിക്കാറുണ്ട്. പിഴ അടയ്ക്കാതിരുന്നാലും തടവുശിക്ഷ അനുഭവിക്കണം. അങ്ങനെയുള്ള തടവുശിക്ഷ അനുഭവിക്കുമ്പോൾ പിഴ അടച്ചാൽ തടവുശിക്ഷ തീരും.

നേരിട്ട് തടവുശിക്ഷ ലഭിക്കാത്തവർക്കും തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്ന സന്ദർഭങ്ങളാണ് പിഴ അടയ്ക്കാതിരിക്കുക, നല്ലനടപ്പു ജാമ്യ ഉത്തരവുകൾ പാലിക്കാതിരിക്കുക, നികുതികൾ അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾ. നിയമസഭകൾ, പാർലമെന്റ് എന്നിവയുടെ അവകാശങ്ങൾ പാലിക്കാതിരുന്നാലും അവയോട് അനാദരവ് കാണിച്ചാലും സഭാധ്യക്ഷന്മാർ തടവുശിക്ഷ വിധിക്കാറുണ്ട്. എന്നാൽ നിയമസഭകളിലേയും പാർലമെന്റിലേയും അംഗങ്ങളെ ജയിലിൽ തടവുകാരായി പ്രവേശിപ്പിക്കുമ്പോൾ സഭാധ്യക്ഷന്മാരെ വിവരം അറിയിക്കേണ്ട ചുമതല ജയിൽ അധികൃതർക്കുണ്ട്.

തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ, കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട്. ഇപ്പോൾ സർവസാധാരണമായി ജയിൽ എന്ന പേരിലാണ് തടവുകാരെ പാർപ്പിക്കുന്ന സ്ഥലം അറി യപ്പെടുന്നത്. സബ് ജയിൽ, സ്പെഷ്യൽ സബ്ജയിൽ, ജില്ലാ ജയിൽ, സെൻട്രൽ ജയിൽ, ബാല-ബാലികാ മന്ദിരങ്ങൾ, ദുർഗുണ പരിഹാര പാഠശാലകൾ എന്നിവയാണ് ഇപ്പോഴുള്ള ജയിലുകൾ.തടയുക എന്നതാണ്തടവറയുടെ ലക്ഷ്യം. നിയമം ലംഘിക്കുന്നവരെ തടഞ്ഞു നിർത്തുക എന്ന കർമ്മത്തിലൂടെ അവ വ്യക്ത്തികളെ പശ്ചാത്താപം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ജയിലുകളുടെ ഭരണം, തടവുകാരുടെ സംരക്ഷണം എന്നീ കാര്യങ്ങളുടെ ചുമതലയുള്ള വകുപ്പാണ് ജയിൽ വകുപ്പ്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാർ ജയിലിൽ തടവുകാരുടെ ക്ഷേമം ഉറപ്പാക്കുക, അവരെ കുറ്റവാസനയിൽ നിന്നു വിമുക്തരാക്കി നല്ലവരാക്കിത്തീർക്കുക എന്നിവയും ഇന്ന് ജയിൽ വകുപ്പ് പ്രത്യേക ശ്രദ്ധ നല്കുന്ന സംഗതികളാണ്.

ജയിൽ രജിസ്റ്റർ

[തിരുത്തുക]

തടവുശിക്ഷ വിധിക്കുന്നവരെ ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ അവരുടെ ശരിയായ വിവരങ്ങൾ അടങ്ങുന്ന ഒരു രജിസ്റ്റർ തയ്യാറാക്കാറുണ്ട്. സ്ത്രീ, പുരുഷ, ബാല, ബാലികാ തടവുകാർക്കെല്ലാം പ്രത്യേകം പ്രത്യേകം തടവറകളാണുള്ളത്. സ്ഥിരം കുറ്റവാളികളേയും ലൈംഗിക കുറ്റത്തിലേർപ്പെടുന്ന സ്ത്രീ തടവുകാരേയും മറ്റു തടവുകാരിൽ നിന്ന് മാറ്റി പാർപ്പിക്കുന്നു. പതിനേഴ് വയസ്സു മുതൽ 21 വയസ്സുവരെ പ്രായമുള്ള യുവ, ബാല, ബാലികാ തടവു കാർക്ക് പ്രത്യേകം ദുർഗുണ പരിഹാര പാഠശാലകളുണ്ട് (Borstal school). സ്ത്രീ തടവുകാരെ വനിതാ ജയിലിൽ പാർപ്പിക്കുന്നു. തടവുശിക്ഷ അനുഭവിക്കുമ്പോൾ മര്യാദ, ചട്ടങ്ങൾ പാലിക്കൽ, മാന്യത എന്നിവ പുലർത്തുന്ന തടവുകാരെ തുറന്ന ജയിലുകളിൽ പാർപ്പിക്കാറുണ്ട്. സമൂഹത്തിൽ ഉന്നത നിലയിലുള്ളവർക്ക് കേസുകളുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ തടവുശിക്ഷ അനുഭവിക്കുമ്പോൾ സ്പെഷ്യൽ ക്ലാസ് പരിഗണന അനുവദിക്കുന്നു. ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് തൊഴിൽ പരിശീലനത്തിനുള്ള സൗകര്യവും തൊഴിലിന് വേതനവും ലഭിക്കുന്നു. കൃഷി, മരപ്പണി, നെയ്ത്ത്, തയ്യൽ മുതലായ തൊഴിലുകളിൽ ജയിലിൽ പരിശീലനം നല്കുന്നു.

ലോകരാജ്യങ്ങളിലെ ജനസംഖ്യാനുപാതമായ തടവുകാരുടെ എണ്ണം

ജയിൽ നിയമങ്ങൾ

[തിരുത്തുക]

തടവുശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്നവർക്ക് ബന്ധുക്കൾ, അഭിഭാഷകർ തുടങ്ങിയവരെ കാണുന്നതിനും അവരുമായി എഴുത്തുകുത്ത് നടത്തുന്നതിനും സൌകര്യമുണ്ട്. ജയിലിൽ കൂടിക്കാഴ്ച നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കും. ജയിലിൽ കഴിയുന്ന അവസരത്തിൽ കേസുക ളിന്മേൽ അപ്പീൽ കൊടുക്കുവാനും മറ്റും ജയിലധികൃതർ സഹായം ചെയ്യുന്നു. തടവുകാർക്ക് ആഹാരം, വസ്ത്രം, ആരോഗ്യരക്ഷ, കായിക വിനോദങ്ങൾ, പ്രാഥമിക വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സൗകര്യം ജയിലിൽ സൗജന്യമായി ഒരുക്കുന്നു.

കുറ്റവാളികളെ തെറ്റുതിരുത്തി നല്ല വഴിയിലേക്ക് തിരിച്ചു വിടാനും മനഃപരിവർത്തനത്തിലൂടെ അവരെ സമൂഹത്തിന് പ്രയോജനമുള്ളവരാക്കിത്തീർക്കാനുമാണ് ആധുനിക ഗവൺമെന്റുകളും ജയിലധികൃതരും ശ്രമിക്കുന്നത്. അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്നതും അവരോട് പകയോടും പ്രതികാരബുദ്ധിയോടും പെരുമാറാൻ ശ്രമിക്കുന്നതും നല്ലതല്ലെന്നാണ് സാമൂഹ്യപ്രവർത്ത കരുടേയും മനഃശാസ്ത്രജ്ഞന്മാരുടേയും അഭിപ്രായം. നല്ല നടപ്പിന്, ജയിലിലെ ശിക്ഷാ കാലാവധിയിൽ ഇളവു ലഭിക്കും. തടവിൽ കഴിയുന്ന കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റം,ജയിൽ ചട്ടങ്ങൾ അനുസരിക്കുവാനുള്ള മനോഭാവം എന്നിവ കണക്കാക്കിയാണ് അവർക്ക് ശിക്ഷയിൽ ഇളവും തുറന്ന ജയിലിലേക്കുള്ള പ്രവേശനവും നല്കുന്നത്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തടവുശിക്ഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തടവുശിക്ഷ&oldid=2482019" എന്ന താളിൽനിന്ന് ശേഖരിച്ചത്