തച്ചുടയകൈമൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ആത്മീയ,ഭരണകാര്യ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാനപ്പേരാണ് തച്ചുടയകൈമൾ.തിരുവിതാംകൂർ രാജാവിന്റെ പ്രതിനിധിയായി തച്ചുടയകൈമൾ ഭരണം പതിറ്റാണ്ടുകളോളം നടത്തിവന്നിരുന്നു കൂടൽമാണിക്യ ക്ഷേത്രത്തിന്റെ അവകാശാധികാരങ്ങൾ കൈയാളിയിരുന്ന ഈ രാജപ്രതിനിധി അബ്രാഹ്മണനായ നായരാണ്.ക്ഷേത്രത്തിന്റെ `തച്ചുകൾ' (പണികൾ) കൈമളുടെ നേതൃത്വത്തിലാവണമെന്നാണ്‌ വ്യവസ്ഥ.[1]ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ അവരോധിക്കപ്പെടുന്ന പുരുഷനെ തച്ചുടയകൈമൾ എന്നും,തളിപ്പറമ്പുക്ഷേത്രത്തിലേത് ഊരരശ്ശുകൈമൾ എന്നും അറിയപ്പെട്ടു.കൂടൽമാണിക്യം ക്ഷേത്രത്തിലെ തച്ചുടയനെ കായംകുളം രാജാവ് കൊല്ലവർഷം 517 മുതൽ അവരോധിച്ചിരുന്നു എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ കൊല്ലവർഷം 925ൽ തിരുവിതാംകൂറിന്റെ അധിനിവേശത്തെത്തുടർന്ന് ഈ അവകാശം തിരുവിതാംകൂറിനു സിദ്ധിക്കുകയാണുണ്ടായത്. തച്ചുടയകൈമൾമാരുടെ ഭരണം 1971 ൽ ദേവസ്വം ആക്ട്‌ നിലവിൽ വരുന്നതുവരേയും തുടർന്നു. [2]. [3] കേരളത്തിന്റെ ആത്മീയ സാംസ്ക്കാരിക ചരിത്രത്തിൽ ഏറ്റവും പ്രധാനവും ഭരണപരവുമായ ചടങ്ങായിരുന്നു തച്ചുടയകൈമളുടെ അവരോധം.

കല്പന[തിരുത്തുക]

തിരുവിതാംകൂർ രാജാവിന്റെ കല്പനയെത്തുടർന്നാണ് അവരോധത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക.ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനുമതി തേടുമായിരുന്നു എന്നും പറയപ്പെടുന്നു.

''നിന്നെ ഇരിങ്ങാലക്കുട തച്ചുടയനായിട്ട് അവരോധിച്ചു.യോഗത്തോടുകൂടെപ്പോയി ക്ഷേത്രം നാം വിചാരിക്കുന്നവണ്ണം മര്യാദ നടത്തുക'' ഇപ്രകാരമുള്ള കല്പനയാണ് രാജാവ് പുറപ്പെടുവിക്കുക.

തച്ചുടയകൈമളുടെ അവരോധം[തിരുത്തുക]

രാജകല്പ്നയ്ക്കു ശേഷം നിരവധി വൈദിക കർമ്മങ്ങൾക്കു ശേഷമാണ് തച്ചുടയകൈമളെ ഈ സ്ഥാനത്തേയ്ക്ക് അവരോധിക്കുക.ജാതകാവരോധം എന്ന ചടങ്ങിനു മുഖ്യകാർമ്മികത്വം വഹിക്കുന്നത് ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആണ്.ഈ ചടങ്ങിൽ എല്ലാ സ്ഥാനികളും മറ്റു പ്രഭുക്കന്മാരും സന്നിഹിതരായിരിക്കണമെന്നു വ്യവസ്ഥയുണ്ട്. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന കൈമളെ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള തൃപ്പയ്യക്ഷേത്രത്തിൽ എത്തിക്കുന്നു.ഈ അവസരത്തിൽ കൊച്ചിരാജാവു സന്നിഹിതനായിരിയ്ക്കും. ദളവ ഉൾപ്പെടെയുള്ളവർ അവരോധിക്കപ്പെടുന്നയാളിനെ തൊഴുന്നു. പിന്നീട് ആനപ്പുറത്ത് കൈമളെ ഇരുത്തി ഇരിങ്ങാലക്കുട ക്ഷേത്രത്തിലേയ്ക്കു കൊണ്ടുപോകുന്നു.ക്ഷേത്രത്തിൽ വീണ്ടും വൈദികചടങ്ങുകളാരംഭിക്കുകയും കലശത്തിനുശേഷം,തറ്റുടുപ്പിച്ച്,കുത്തുവിളക്കു മുമ്പിലും പിറകിലുമായി പിടിച്ച് ക്ഷേത്രനടകടക്കുന്നു.പിന്നീട് കൊളോം മൂത്തത് എന്ന സ്ഥാനിയുടെ കയ്യിൽ നിന്നും എടങ്ങഴിയും താക്കോലും വാങ്ങി ഉച്ചപ്പൂജയ്ക്കുള്ള അരി അളന്നു നൽകുന്ന ചടങ്ങാണ് . തുടർന്ന് മണിയടിച്ച് സോപാനത്തിൽ കയറി വീരാളിപ്പട്ട് സമർപ്പിച്ച് പ്രസാദം വാങ്ങി താമസസ്ഥലമായ കൊട്ടിളായ്ക്കൽ മാളികയിലേയ്ക്ക് അംഗരക്ഷകരോടൊപ്പം യാത്രയാകുന്നു. നിരവധി ആൾക്കാർ ഈ സമയം തച്ചുടയകൈമളെ അനുഗമിക്കും.

ബ്രഹ്മചര്യം[തിരുത്തുക]

അവരോധിതനാകുന്ന തച്ചുടയകൈമൾ കർശനമായും ബ്രഹ്മചര്യം പാലിച്ചിരിയ്ക്കണമെന്നു വ്യവസ്ഥയുണ്ട്.എന്നാൽ വിവാഹിതരായ കൈമൾമാരും സ്ഥാനം വഹിച്ചിട്ടുണ്ട്.റസിഡന്റിനു ഇതു സംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.[4]

517,614,903,983,1057,1093 കൊല്ലവർഷങ്ങളിൽ തച്ചുടയകൈമളുടെ വാഴിക്കൽ നടക്കുകയുണ്ടായി.കൊ.വ 983ൽ പുത്തൻവീട്ടിൽ രാമക്കുറുപ്പിനെയാണ് തച്ചുടയനായി അവരോധിച്ചത്.[5] ആറാമത്തെ തച്ചുടയകൈമൾ ആയിരുന്നു ഭാസ്കരക്കുറുപ്പ്.[1]

അവലംബം[തിരുത്തുക]

  1. http://maniyetath.blogspot.in/2015/06/blog-post.html
  2. http://maniyetath.blogspot.in/2015/06/blog-post.html
  3. പേജ്.832,833 പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം-കേരള സാഹിത്യ അക്കാദമി 2000 മാർച്ച്
  4. പേജ്.838. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം-കേരള സാഹിത്യ അക്കാദമി 2000 മാർച്ച്
  5. പേജ്.839,940-പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം-കേരള സാഹിത്യ അക്കാദമി. 2000 മാർച്ച്
"https://ml.wikipedia.org/w/index.php?title=തച്ചുടയകൈമൾ&oldid=2870590" എന്ന താളിൽനിന്ന് ശേഖരിച്ചത്