Jump to content

തക്കമത്സുക ശവകുടീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജപ്പാനിലെ അസുക്കയിലുള്ള ശില്പകലാവൈശിഷ്ട്യമുള്ള ശവകുടീരമാണ് തക്കമത്സുക ശവകുടീരം. 1972-ൽ നാറ കഷിവാറ പുരാവസ്തു ഗവേഷണ കേന്ദ്രമാണ് ഇതു കണ്ടെത്തിയത്.

തക്കമത്സുക ശവകുടീരത്തിൽ കണ്ടെത്തിയ മ്യൂറൽ ചിത്രകല. വെളുത്ത കടുവയെ ചിത്രീകരിച്ചിരിക്കുന്നു

5 മീറ്റർ ഉയരവും 18 മീറ്റർ വ്യാസവുമുള്ള ഇതിന്റെ ഉള്ളിലായി 2.6 മീറ്റർ നീളവും ഒരു മീറ്റർ വീതിയും 1.1 മീറ്റർ ഉയരവുമുള്ള ഒരു കല്ലറ കാണുന്നു. നാല്പതു വയസ്സുള്ള ഒരു പുരുഷന്റെ മൃതശരീരം ഇതിൽ അടക്കം ചെയ്തിട്ടുള്ളതായി ഇവിടെ നിന്നു ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നുണ്ട്.

തക്കമത്സുക ശവകുടീരത്തിൽ കണ്ടെത്തിയ മ്യൂറൽ ചിത്രകല.

മൃതശരീരത്തോടൊപ്പം പരമ്പരാഗതമായി അടക്കം ചെയ്യാറുള്ള ചൈനീസ് മുന്തിരി, പിച്ചളക്കണ്ണാടി, വെള്ളി ആഭരണങ്ങൾ, മുത്തുകൾ എന്നിവയും ഇവിടെനിന്നു ലഭിക്കുകയുണ്ടായി. കിഴക്കും പടിഞ്ഞാറും ചുവരുകളിൽ അതിമനോഹരമായ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ഓരോ വശത്തും നാല് ആൾരൂപങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അതിൽ സ്ത്രീകളെ വടക്കേയറ്റത്തും പുരുഷന്മാരെ തെക്കേയറ്റത്തുമാണ് വരച്ചിട്ടുള്ളത്. കിഴക്ക് വ്യാളീ രൂപവും പടിഞ്ഞാറ് കടുവയുടെ രൂപവും കാണാം. മുകൾത്തട്ടിന്റെ അടി ഭാഗത്തായി 72 ചുവന്ന പുള്ളികൾ കാണുന്നു. ഇവയിൽ ചിലതിൽ സ്വർണം പതിച്ചിട്ടുണ്ട്. ആൾരൂപങ്ങളുടെ വേഷവിധാനം സൂയി വംശ കാലത്തെ ചൈനയിലേതിനോടും കൊറിയൻ ശൈലിയോടും ബന്ധമുള്ളതാണ്. സ്ത്രീകൾക്ക് ജാക്കറ്റും ഞൊറികളുള്ള പാവാടയുമാണ് വേഷം. പുരുഷന്മാർ അയഞ്ഞ, നീണ്ട കുപ്പായവും ട്രൌസറുമാണ് ധരിച്ചിട്ടുള്ളത്. കുന്തങ്ങൾ, വട്ടവിശറി എന്നിങ്ങനെ ചൈനീസ് ശൈലിയിലുള്ള മറ്റു പലതും ഈ ചിത്രത്തിലുണ്ട്. തക്കേച്ചി എന്ന നാല്പതാമത്തെ ചക്രവർത്തിയുടെ മകന്റെ ശവകുടീരമായിട്ടാണ് ചരിത്രകാരന്മാർ ഇതിനെ കാണുന്നത്. പശ്ചിമേഷ്യയിൽ നിലവിലുണ്ടായിരുന്ന അന്തർദേശീയ കലാശൈലിയുടെ മികച്ച മാതൃകകളിലൊന്നായി കലാലോകം ഇതിനെ അനുസ്മരിക്കുന്നു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്കമത്സുക ശവകുടീരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്കമത്സുക_ശവകുടീരം&oldid=1692100" എന്ന താളിൽനിന്ന് ശേഖരിച്ചത്