Jump to content

തക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കർണാഭരണമാണ് തക്ക. കേരളസ്ത്രീകൾ അടുത്തകാലം വരെ അണിഞ്ഞിരുന്ന ഒന്നാണിത്. ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി തോളോളം ഇറങ്ങിനില്ക്കത്തവണ്ണം കാതിന്റെ ചോണ വളർത്തിയിരുന്ന കാലത്തായിരുന്നു തക്ക പ്രചാരത്തിലിരുന്നത്. കാതിന്റെ അത്രയും വലിയ ദ്വാരം നിറയത്തക്കവണ്ണമുള്ള രണ്ടു വട്ടങ്ങളും ആ വട്ടങ്ങളെ തമ്മിൽ ഘടിപ്പിക്കുന്ന ഭാഗത്ത് കാതിന്റെ വള്ളി പിടിച്ചു കിടക്കത്തക്കവിധമുള്ള ഒരു ചാലും ഉള്ള ആകൃതിയായിരുന്നു തക്കയുടേത്. പുറത്തുകാണുന്ന വട്ടം ചിത്രപ്പണികളുള്ളതോ ഓലച്ചുരുളിന്റെ ആകൃതിയുള്ളതോ ആയിരിക്കും. സ്വർണം, വെള്ളി, ഈയം എന്നിവകൊണ്ടു നിർമിച്ച തക്കകൾ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം തക്കകൾ ഉണ്ടാക്കിയണിയാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവർ പനയോലച്ചുരുൾ കൊണ്ട് തക്കകൾ ഉണ്ടാക്കി അണിയുന്ന പതിവും ഉണ്ടായിരുന്നു. ഏതാണ്ട് തക്കയ്ക്ക് സമാനമായുള്ള ദന്തനിർമിതമായ ആഭരണങ്ങളും കേരളീയ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. വ്യത്യാസങ്ങളുണ്ടെങ്കിലും അതും തക്ക എന്ന പേരിലാണ് അറിയപ്പെട്ടത്. തടി കൊണ്ടുണ്ടാക്കിയ തക്കകളും ഇവിടെ നിലവിലിരുന്നു. ഇപ്പോൾ മുസ്ലീം വനിതകളുടെ ഇടയിലാണ് തക്ക ഏറെയും പ്രചാരത്തിലുള്ളത്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്ക&oldid=3633504" എന്ന താളിൽനിന്ന് ശേഖരിച്ചത്