Jump to content

ഡ്രൈ ക്ലീനിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനിക അജലധാവനയന്ത്രം

രാസവസ്തുക്കളുപയോഗിച്ച് യന്ത്രസഹായത്താൽ വസ്ത്രം ശുദ്ധിചെയ്യുന്ന രീതിയെ ഡ്രൈ ക്ലീനിങ് അല്ലെങ്കിൽ അജലധാവനം എന്നു വിളിക്കുന്നു. നൈലോൺ, ടെറികോട്ടൺ, ടെറിലിൻ തുടങ്ങിയ കൃത്രിമ തുണിത്തരങ്ങളും, രോമം, പട്ട് എന്നിവയും വൃത്തിയാക്കുന്നതിന് ഡ്രൈക്ളീനിങ് സമ്പ്രദായമാണ് ഏറ്റവും അനുയോജ്യം.

ചരിത്രം[തിരുത്തുക]

1849-ൽ പാരീസിലെ ഒരു തുന്നൽക്കാരനായ ജോളിബലിൻ ആണ് ഡ്രൈക്ളീനിങ് രീതി കണ്ടുപിടിച്ചത്. 19-ആം ശതകത്തിന്റെ ഉത്തരാർധത്തിൽ ഫ്രാൻസിൽ ഒട്ടാകെയും ബ്രിട്ടനിലും (1860) ഈ സമ്പ്രദായം നിലവിൽവന്നു. നിരന്തരമായ ഗവേഷണവും യന്ത്രസാമഗ്രികളുടെ പുരോഗതിയും ഇതിന്റെ വളർച്ചയ്ക്കു സഹായകമായി ഭവിച്ചു. നാഫ്ത (naphtha), ഗ്യാസൊലീൻ (gasoline) മുതലായ ലായകങ്ങളാണ് ആദ്യകാലത്ത് അജലധാവനത്തിനുപയോഗിച്ചിരുന്നത്. എന്നാൽ ഇവ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളായതുകൊണ്ട് മറ്റു രീതികളെ ആശ്രയിക്കേണ്ടിവന്നു. 1925-ൽ പെട്രോളിയത്തിൽനിന്നും ശുദ്ധിചെയ്തെടുക്കുന്ന സ്റ്റൊഡാർഡ് എന്ന ലായകം (stoddard solvent) ഉപയോഗിച്ചുതുടങ്ങി. സുരക്ഷിതലായകം എന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു പെട്രോളിയം ഉത്പന്നവും കണ്ടുപിടിക്കപ്പെട്ടു. അജലധാവനത്തിന് ഉപയുക്തമാക്കിയ മറ്റു ചില രാസവസ്തുക്കളാണ് കാർബൺടെട്രാക്ളോറൈഡ് (carbon tetrachloride), ട്രൈക്ളോറോ എഥിലീൻ (trichloro ethylene), പെർക്ളോറോ എഥിലീൻ (perchloroethylene) എന്നിവ. കാർബൺ ടെട്രാക്ളോറൈഡ് വിഷപദാർഥമായതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ല.

പ്രവർത്തനരീതി[തിരുത്തുക]

അജലധാവനത്തിനുള്ള തുണിത്തരങ്ങൾ വിവിധരീതിയിലുള്ള പ്രവർത്തനങ്ങൾക്കു വിധേയമാക്കേണ്ടതുണ്ട്. കറ കളയുന്നതിനും ശുചിയാക്കുന്നതിനും ഇസ്തിരി ഇടുന്നതിനും എല്ലാം പ്രത്യേക വിഭാഗങ്ങളുണ്ട്. കറ, മറ്റ് അഴുക്കുകൾ, കീറലുകൾ എന്നിവയനുസരിച്ചു വസ്ത്രങ്ങളെ ആദ്യം തിരിഞ്ഞുമാറ്റുന്നു. പിന്നീട് വസ്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള ആഭരണങ്ങൾ, ബട്ടനുകൾ, മറ്റ് അലങ്കാരവസ്തുക്കൾ എന്നിവ വേർപെടുത്തുന്നു. അതിനുശേഷം ഓരോ തുണിക്കും അടയാളം കൊടുക്കുന്നു. നിറം, തരം, വലിപ്പം ഈ അടിസ്ഥാനത്തിൽ അവയെ വീണ്ടും ഇനംതിരിച്ച് ഓരോ ഇനവും പെട്രോളിയംപോലുള്ള ലായകങ്ങൾ നിറച്ച ഡ്രൈക്ളീനിംഗ് യന്ത്രത്തിൽ പ്രത്യേകം ഇടുന്നു. എണ്ണ, ഗ്രീസ് മുതലായ അഴുക്കുകൾ ഈ ലായകത്തിൽ ലയിക്കും. അലേയപദാർഥങ്ങളായ അഴുക്കുകൾ, മണ്ണ്, പൊടി, കരി മുതലായവ ലായകത്തിന്റെ സുശക്തമായ പ്രവർത്തനവും അപമാർജകങ്ങളുടെ (detergents) പ്രവർത്തനവുംകൊണ്ട് ഇളകി വസ്ത്രങ്ങൾ ശുചിയാകുന്നു. ഇങ്ങനെ വെടിപ്പാക്കിയെടുത്ത വസ്ത്രങ്ങളെ വീണ്ടും ലായകത്തിൽ കഴുകി ശുദ്ധമാക്കിയശേഷം അപകേന്ദ്രകശക്തി (centrifugal force) ഉപയോഗിച്ച് അവയിൽ തങ്ങിനില്ക്കുന്ന ലായകാവശിഷ്ടങ്ങളെ പുറത്താക്കുന്നു. പിന്നീട് പ്രത്യേകം നിർമിച്ചിട്ടുള്ള പെട്ടിയിൽവച്ച് ഉണക്കുമ്പോൾ ലായകത്തിന്റെ അവശേഷിച്ചിട്ടുള്ള അംശവും മാറിക്കിട്ടും. ശുദ്ധിചെയ്തെടുത്ത വസ്ത്രങ്ങൾക്ക് ഉറപ്പും കട്ടിയും നല്കുന്നതിന് തെർമോ പ്ളാസ്റ്റിക് റെസിൻ (thermo plastic resin) കലർത്തിയ ലായകത്തിൽ ഇട്ട് വീണ്ടും പ്രവർത്തിപ്പിക്കുന്നു. ഉപയോഗം കഴിഞ്ഞ ലായകം അരിച്ച് വീണ്ടും ഉപയുക്തമാക്കുന്നു.

കറകൾ നീക്കം ചെയ്യാൻ[തിരുത്തുക]

കറകൾ തിരിച്ചറിയുകയും മാറ്റുകയും ചെയ്യുന്നതാണ് ഏറ്റവും സൂക്ഷ്മതവേണ്ട ജോലി. ആഹാര പാനീയങ്ങളിൽ നിന്നും മറ്റും വസ്ത്രങ്ങളിൽ പറ്റിയ കറകൾ യഥായോഗ്യം ആവിയിൽവച്ചോ രാസപദാർഥങ്ങൾ പുരട്ടിയോ ബ്രഷ് ചെയ്തുമാറ്റുന്നു. ഓരോ തരം തുണിക്കും പ്രത്യേകം പ്രത്യേകമായി ഏകദേശം 20 തരം അഭികർമകങ്ങൾ (reagents) ഉള്ളതിൽനിന്നും ആവശ്യമായതു തിരഞ്ഞെടുത്ത് നിർദിഷ്ടസമയം തുണിയിൽ പ്രവർത്തിപ്പിച്ച് കറനീക്കം ചെയ്യുന്നു. അവശ്യം വേണ്ട തുന്നൽപ്പണികളും അജലധാവനത്തോടൊപ്പം ചെയ്തുകൊടുക്കാറുണ്ട്. വസ്ത്രങ്ങൾ മടക്കി പ്രസ്സ് ചെയ്തെടുക്കുന്നതിന് പ്രത്യേകം യന്ത്രങ്ങളുണ്ട്. ലോലമായ വസ്ത്രങ്ങൾ ഇലക്ട്രിക് തേപ്പുപെട്ടി ഉപയോഗിച്ച് ഇസ്തിരിക്കിടുകയാണ് പതിവ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്രൈ ക്ലീനിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡ്രൈ_ക്ലീനിങ്&oldid=2283134" എന്ന താളിൽനിന്ന് ശേഖരിച്ചത്