Jump to content

സുകുമാർ അഴീക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡോ. സുകുമാർ അഴീക്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ.സുകുമാർ അഴീക്കോട്
തൊഴിൽപ്രഭാഷകൻ, ഗ്രന്ഥകാരൻ,
സാഹിത്യവിമർശകൻ
ദേശീയതഭാരതീയൻ
ശ്രദ്ധേയമായ രചന(കൾ)
  • മലയാള സാഹിത്യവിമർശനം
  • മലയാള സാഹിത്യപഠനങ്ങൾ
  • തത്ത്വമസി
  • ആശാന്റെ സീതാകാവ്യം
  • രമണനും മലയാളകവിതയും
  • ജി.ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു
പങ്കാളിഅവിവാഹിതൻ

 Literature കവാടം

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012[2] ). സഞ്ചരിക്കുന്ന മനസാക്ഷിയായും പ്രഭാഷണ കലയുടെ കുലപതിയായും ഇദ്ദേഹം അറിയപ്പെട്ടു.പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ |അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ്സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

സുകുമാർ അഴീക്കോട് (1993-ൽ)

സെന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി. ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന്‌ കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. അച്ഛൻ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സ്കൂൾ , ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1941-ൽ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തി.[1] 1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.[3] കണ്ണൂരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു.[4] തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ്ങ് കോളേജിൽ നിന്നു[3] അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ അഴീക്കോട് 1948ൽ കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[5] മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952-ൽ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു. 1981-ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ്‌ ജോസഫ്സ്ദേവഗിരി കോളെജിൽ മലയാളം ലൿചററായരുന്നു.[3] ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു.[1] പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്‌നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസർ, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനൽ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന [എസ്.കെ. പൊറ്റക്കാട്|എസ്. കെ. പൊറ്റെക്കാട്ടിനോട്പ രാജയപ്പെട്ടു. മരണപെടുമ്പോൾ 85 വയസായിരുന്നു.

ഗാന്ധിദർശനം

[തിരുത്തുക]

ഇരുപതാമത്തെ വയസ്സിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഓർമ്മിക്കുന്നു. ജോലിയന്വേഷിച്ച് ഡൽഹിയിൽ പോയ അദ്ദേഹം , തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഗാന്ധിയെ സേവാഗ്രാമിൽ ചെന്ന് കണ്ടത്.[6] പ്രസംഗ കലയിലൂടെ സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സുകുമാർ അഴികോട് ഫൌണ്ടേഷൻ 2010 മെയ്‌ 29 നു ആരംഭിച്ചു. സുകുമാർ അഴികോട് ഫൌണ്ടേഷൻ പ്രസംഗ പരിശീലന കളരി ആയ TOP Academy ഏറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.[അവലംബം ആവശ്യമാണ്]

പ്രസംഗങ്ങൾ

[തിരുത്തുക]

പ്രഭാഷണ കലയിലെ ഇതിഹാസമാണ് അഴീക്കോട്. മറ്റു പ്രഭാഷകർക്കില്ലാത്ത ഒരു പ്രത്യേക ജീവ ശക്തി ഇദ്ദേഹത്തിൻ്റെ ശരീരത്തിലും ഭാഷയിലുമുണ്ടായിരുന്നു. [[File:Sukumar azhikode2.JPG|thumb|left|കൊല്ലം പ്രസ്സ് ക്ലബിലെ പ്രഭാഷണത്തനിടെ അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളിൽ തൽപരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാർജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം,തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.

കേരളത്തിന്റെ നാനാഭാഗങ്ങളിൽ അഴീക്കോട് പ്രസംഗിച്ചിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്. വൈക്കം മുഹമ്മദ് ബഷീർ "സാഗരഗർജ്ജന"മെന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[7]

ഔദ്യോഗികജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്റെ മുഖ്യ ആവിഷ്കാരമാർഗ്ഗം. സാഹിത്യത്തെക്കാൾ രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം നിശിതമായ വിമർശനങ്ങൾ കൊണ്ട് ആകർഷകമാക്കുവാൻ ശ്രമിച്ചു. അതിനാൽ പലപ്പോഴും മുൻനിലപാടുകളിൽ നിന്ന് അവസരവാദപരമായി കൂറുമാറ്റം നടത്തുന്നയാൾ എന്ന നിലയിൽ കണക്കാക്കപ്പെടുന്നതിനു കാരണമായിട്ടുണ്ട്. ഗാന്ധിയനായ താൻ കോൺഗ്രസ്സുകാരനായി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോൺഗ്രസ്സ് മരിച്ചുപോയെന്നും ഇദ്ദേഹം പ്രസംഗിച്ചത് ഇതിന് ഉദാഹരണമാണ്. ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ എതിരാളികൾ അവസരവാദത്തിന്റെ അപ്പസ്തോലനായും വിശേഷിപ്പിച്ചു.

സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ

[തിരുത്തുക]

സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതൽ 1996 വരെ നാഷണണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപനായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്ത് അധ്യക്ഷനുമായിരുന്നു.

സാഹിത്യരംഗത്തെ സംഭാവനകൾ

[തിരുത്തുക]

പതിനെട്ടാം വയസ്സിലാണ് അഴീക്കോടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു.കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ആശാന്റെ സീതാകാവ്യം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്.1956-ൽ പ്രസിദ്ധീകരിക്കപ്പെട്ട രമണനും മലയാള കവിതയും എന്ന കൃതിയിലൂടെ മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴ അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തിന് വിധേയമാകുന്നുണ്ട്. കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി. പുരോഗമന സാഹിത്യത്തോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിർപ്പ് പുരോഗമനസാഹിത്യവും മറ്റും എന്ന കൃതിയിൽ പ്രകടമാക്കപ്പെടുന്നുണ്ട്. അനുകരണാത്മകതയിൽ മാത്രം പിടിച്ചു നിൽക്കുന്നതാണ് ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ എന്ന വിമർശനവുമായി 1963-ൽ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയും മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്. 1984-ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. ഔപനിഷദിക ദർശനങ്ങളുടെ ഉൾപ്പൊരുൾതേടുന്ന ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[5]

പ്രധാന കൃതികളുടെ പട്ടിക

[തിരുത്തുക]
  1. ആശാന്റെ സീതാകാവ്യം - 1954
  2. രമണനും മലയാളകവിതയും - 1956
  3. പുരോഗമനസാഹിത്യവും മറ്റും - 1957
  4. മഹാത്മാവിന്റെ മാർഗ്ഗം - 1959
  5. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു - 1963
  6. മഹാകവി ഉള്ളൂർ - 1979
  7. വായനയുടെ സ്വർഗ്ഗത്തിൽ - 1980
  8. മലയാള സാഹിത്യവിമർശനം - 1981
  9. ചരിത്രം സമന്വയമോ സംഘട്ടനമോ? - 1983
  10. തത്ത്വമസി - 1984
  11. മലയാള സാഹിത്യപഠനങ്ങൾ - 1986
  12. വിശ്വസാഹിത്യ പഠനങ്ങൾ - 1986
  13. തത്ത്വവും മനുഷ്യനും - 1986
  14. ഖണ്ഡനവും മണ്ഡനവും - 1986
  15. എന്തിനു ഭാരതാംബേ - 1989
  16. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ എഡിറ്റർ: പി.വി. മുരുകൻ - 1993
  17. ഗുരുവിന്റെ ദുഃഖം - 1993
  18. അഴീക്കോടിന്റെ ഫലിതങ്ങൾ - 1995
  19. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ - 1995
  20. ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ -1997
  21. പാതകൾ കാഴ്ചകൾ - 1997
  22. നവയാത്രകൾ - 1998
  23. ഭാരതീയത - 1999
  24. പുതുപുഷ്പങ്ങൾ - 1999
  25. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ - എഡിറ്റർ: ബാലചന്ദ്രൻ വടക്കേടത്ത് - 1999
  26. ദർശനം സമൂഹം വ്യക്തി - 1999
  27. പ്രിയപ്പെട്ട അഴീക്കോടിനു് - 2001
  28. ഇന്ത്യയുടെ വിപരീത മുഖങ്ങൾ - 2003
  29. എന്തൊരു നാട് - 2005
  30. അഴീക്കോടിന്റെ ലേഖനങ്ങൾ - 2006
  31. നട്ടെല്ല് എന്ന ഗുണം - 2006[8]
  32. അഴീക്കോടിന്റെ ആത്മകഥ[9]

വിവർത്തനങ്ങൾ

[തിരുത്തുക]
  1. ഒരു കൂട്ടം പഴയ കത്തുകൾ - 1964[9]
  2. ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ - 1967 [9]
  3. ജയദേവൻ 1980 [9]

പുരസ്കാരങ്ങൾ

[തിരുത്തുക]

കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ അഴീക്കോടിന് ലഭിച്ചിട്ടുണ്ട്.[4] 2007 ജനുവരിയിൽ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നൽകിയ പുരസ്കാരം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് 1992-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നൽകി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു.

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1985 മലയാള സാഹിത്യ വിമർശനം[5]
  • മാതൃഭൂമി പുരസ്കാരം - 2011[5]
  • വയലാർ അവാർഡ് - 1989[5]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[5]
  • രാജാജി അവാർഡ്[5]
  • സുവർണ്ണ കൈരളി അവാർഡ് [5]
  • പുത്തേഴൻ അവാർഡ്[5]
  • എഴുത്തച്ഛൻ പുരസ്കാരം - 2004[5]
  • സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് അവാർഡ്
സുകുമാർ അഴീക്കോട് സ്മാരകം, കണ്ണൂർ പയ്യാമ്പലം

നിര്യാണം

[തിരുത്തുക]

അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് രാവിലെ ആറരയോടെ തൃശ്ശൂരിലെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[2][3] ജീവിതകാലം മുഴുവൻ അദ്ദേഹം അവിവാഹിതനായിരുന്നു. മൃതദേഹം പിറ്റേ ദിവസം ജന്മനാടായ കണ്ണൂരിലെ പയ്യാമ്പലം കടപ്പുറം ശ്മശാനത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇ.കെ. നായനാർ തുടങ്ങിയവരുടെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് സംസ്കരിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഡോ.സുകുമാർ അഴീക്കോട് (1993). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 1. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 "Sukumar Azhikode passes away". The Hindu. Retrieved 24 ജനുവരി 2012.
  3. 3.0 3.1 3.2 3.3 "സുകുമാർ അഴീക്കോട് അന്തരിച്ചു". Retrieved 24 ജനുവരി 2012.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "അഴീക്കോട് അന്തരിച്ചു". ദേശാഭിമാനി. Retrieved 24 ജനുവരി 2012.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 "അഴീക്കോട് മാഷ് ഓർമ്മയായി". മാതൃഭൂമി. Archived from the original on 2012-01-24. Retrieved 24 ജനുവരി 2012.
  6. അഴീക്കോടിന്റെ ആത്മകഥ ; സുകുമാർ അഴീക്കോട്;ഡി.സി.ബുക്ക്സ്;അദ്ധ്യായം ഒന്ന്
  7. "ഓർമ്മകളിൽ അലയടിക്കുന്ന സാഗരഗർജനം". ദേശാഭിമാനി. Retrieved 24 ജനുവരി 2012.
  8. "സുകുമാർ അഴീക്കോട് അന്തരിച്ചു- സംസ്കാരം നാളെ". മലയാള മനോരമ. Archived from the original on 2012-01-27. Retrieved 24 ജനുവരി 2012.
  9. 9.0 9.1 9.2 9.3 "അഴീക്കോടിന്റെ പ്രധാനകൃതികൾ". മനോരമ ഓൺലൈൻ. Archived from the original on 2012-01-28. Retrieved 25 ജനുവരി 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുകുമാർ_അഴീക്കോട്&oldid=3966326" എന്ന താളിൽനിന്ന് ശേഖരിച്ചത്