ഡോൿടർ ജെക്കിലിന്റെയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Author റോബർട്ട് ലൂയിസ് സ്റ്റീവൻസൺ
Original title The Strange Case of Dr Jekyll and Mr Hyde
Country United Kingdom
Language English
Genre Novel
Published 5 January, 1886
Publisher Longmans, Green & Co.
ISBN 978-0-553-21277-8

പ്രസിദ്ധ സ്കോട്ടിഷ് എഴുത്തുകാരനായ റോബർട്ട് ലൂയിസ് സ്റ്റീവൻസൺ എഴുതിയ ശ്രദ്ധേയമായ നോവലുകളിൽ ഒന്നാണ് ഡോക്ടർ ജെക്കിലിന്റെയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ. നന്മയും തിന്മയും തമ്മിലെ ആന്തരിക പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ കഥ വളരെ ജനശ്രദ്ധ ആകർഷിച്ചു. 1886 - ലാണ് ഈ കൃതി എഴുതപ്പെട്ടത്. ഈ കഥയെ ആസ്പദമാക്കി അനേകം നാടകങ്ങളും ചലച്ചിത്രവും നിര്മിച്ചിട്ടുണ്ട് [1].

പശ്ചാത്തലം[തിരുത്തുക]

ജോൺ ഗബ്രിയേൽ അട്ടേഴ്സൺ എന്ന വ്യക്തി ക്രൂരനായ മി. ഹൈഡും തന്റെ സുഹൃത്തായ ഡോൿടർ ജെക്കിലും തമ്മിലെ ബന്ധം അൻവേഷിക്കുന്നു. ഹൈഡ് ജെക്കിലിനെ ഭീഷണിപ്പെടുത്തുകയാണെന്ന് ഭയപ്പെടുന്ന അട്ടേഴ്സൺ ഒടുവിൽ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നു.

കഥ[തിരുത്തുക]

വക്കീലായ മി. ഗബ്രിയേൽ ജോൺ അട്ടേഴ്സണും സുഹൃത്ത് മി. എൻഫീൽഡും നടന്നുപോകുമ്പോൾ എൻഫീൽഡ് ഒരു സംഭവം പറയുന്നു. ക്രൂരനായ എഡ്‌വേഡ്‌ ഹൈഡ് എന്ന ഒരു വ്യക്തി ഒരു ചെറിയ പെണ്കുട്ടിയെ ചവിട്ടിമറിച്ച് കടന്നുപോയി. ആളുകൾ പ്രശ്നമുണ്ടാക്കിയപ്പോൾ അയാൾ അതിനു പരിഹാരമായി ഒരു മാന്യനായ വ്യക്തി ഒപ്പിട്ട ചെക്കുമായി വന്നു. കഥ കേട്ട അട്ടേഴ്സൺ ഈ മാന്യനായ വ്യക്തിയെ തനിക്കറിയും എന്ന് മനസ്സിലാക്കി. മുൻപ് അദ്ദേഹത്തിന്റെ സുഹൃത്തായ ഡോ. ജെക്കിൽ തന്റെ വിൽപത്രത്തിൽ തന്റെ എല്ലാ സ്വത്തിന്റെയും അടുത്ത അവകാശിയായി ഒരു ഹൈഡിന്റെ പേരാണ് കൊടുത്തത് എന്ന് അട്ടേഴ്സൺ ഓർമ്മിക്കുന്നു. ഇതേപ്പറ്റി കൂടുതൽ അറിയാൻ ആട്ടേഴ്സൺ ജെക്കിലിനെയും ഇരുവരുടെയും സുഹൃത്തായ ഡോ.ഹെൻറി ലാന്യനെയും സന്ദർശിക്കുന്നു. ലാന്യൻ ജെക്കിലിന്റെ ‘അശാസ്ത്രീയമായ’ ഗവേഷണങ്ങൾ കാരണം ജെക്കിലുമായി മുൻപ് ഉടക്കിയിരുന്നു. അതിനി ശേഷം അവർ തമ്മിൽ അധികം കണ്ടിട്ടില്ല. അട്ടേഴ്സൺ ഹൈഡ് പോകാറുള്ള ഒരു കെട്ടിടത്തിൽ ചെന്ന് നോക്കി. ആ കെട്ടിടം ജെക്കിലിന്റെ വീടിന്റെ പിന്നിലുള്ള ലബോറട്ടറി ആണെന്ന് മനസ്സിലാക്കുന്നു. അവിടെ വച്ച് ഹൈഡിനെ കണ്ടുമുട്ടുന്ന അട്ടേഴ്സൺ ഹൈഡിൽ നിന്നും അയാളുടെ മേൽവിലാസം ചോദിച്ചുവാങ്ങുന്നു. ശേഷം വീണ്ടും ജെക്കിലിനെ സന്ദർശിക്കുന്ന അട്ടേഴ്‌സണോട് ജെക്കിൽ ഹൈഡിനെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്ന് പറയുന്നു. ഒരു വർഷത്തേക്ക് ഹൈഡിനെപ്പറ്റി വാർത്തകളൊന്നും ഉണ്ടാകുന്നില്ല. എന്നാൽ ഒരു ദിവസം പാർലമെന്റ് അംഗമായ സർ. ഡാൻവേർസ് കാറ്യു എന്ന വൃദ്ധനെ മർദിക്കപ്പെട്ട് വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. കൊലയാളി എന്നു കരുതപ്പെടുന്ന ഹൈഡിനെ അന്വേഷിച്ചെങ്കിലും കണ്ടെത്തുന്നില്ല. ജെക്കിലാകട്ടെ, ഹൈഡുമായുള്ള തന്റെ എല്ലാ ഇടപാടുകളും അവസാനിപ്പിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ട് ഹൈഡ് തനിക്കെഴുതിയ കത്ത് അട്ടേഴ്സണെ കാണിച്ചുകൊടുക്കുന്നു. പിന്നീട് അട്ടേഴ്സണിന്റെ ക്ലർക് ഹൈഡിന്റെ കയ്പ്പട ജെക്കിലിന്റേതുമായി സാദൃശ്യമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്നു. മാസങ്ങൾക്കു ശേഷം ജെക്കിലിന്റെ പെരുമാറ്റം പെട്ടെന്നു മാറുന്നു. ആരെയും കാണുകയോ സംസാരിക്കുകയോ ചെയ്യാതെയാകുന്നു. അത് കൂടാതെ ആരോഗ്യസ്‌ഥിതി അപ്രതീക്ഷിതമായി വഷളായ ഡോ. ലാന്യൻ അട്ടേഴ്സണെ കാണാൻ വിളിക്കുന്നു. ജെക്കിലിന്റെ മരണമോ തിരോധനമോ സംഭവിച്ച ശേഷമേ വായിക്കാവൂ എന്ന് എഴുതിച്ചേർത്ത ഒരെഴുത്തു കൊടുത്ത ശേഷം ലാന്യൻ മരിക്കുന്നു. മറ്റൊരു ദിവസം അട്ടേഴ്സണും എൻഫീൽഡും നടക്കുമ്പോൾ ജെക്കിലിനെ ലബോറട്ടറിയുടെ ജനലിലൂടെ കാണുന്നു. ഒരു സംഭാഷണം തുടങ്ങുന്നതിനു മുൻപേ ജെക്കിലിന്റെ മുഖത്ത് പെട്ടെന്ന് ഒരു ഭീതി പ്രത്യക്ഷപ്പെടുകയും ജനൽ വലിച്ചടയ്ക്കുകയും ചെയുന്നു. അല്പസമയത്തിനകം ജെക്കിലിന്റെ ബട്ലർ മി. പൂലെ അട്ടഴ്സന്റെ അടുത്ത് ഓടിവന്ന് ജെക്കിൽ കുറേ ആഴ്ചകളായി ലബോറട്ടറിയിൽ തന്നെയാണെന്ന് അറിയിക്കുന്നു. ഇരുവരും ലബോറട്ടറിയിലേക്ക്ചെല്ലുന്നു.അവിടെനിന്നും കേട്ട ശബ്ദം ജെക്കിലിന്റെതല്ല എന്ന് പരിചാരകർ അറിയിക്കുന്നു. മറുപടി ലഭിക്കാത്തതിനാൽ വാതിൽ ബലമായി തകർത്ത് അകത്തുകയറുമ്പോൾ ജെകിലിന്റെ വസ്ത്രം ധരിച്ച ഹൈഡിന്റെ മൃതദേഹം കാണുന്നു. ആത്മഹത്യചെയ്യപ്പെട്ട നിലയിലെ ആ ശരീരത്തിന്റെ സമീപം ഒരു കത്ത് കാണുന്നു. ഒപ്പം സ്വത്ത് മുഴുവൻ അറ്റേഴ്സണിന്റെ പേരിലാക്കിയ പുതിയ വില്പത്രവും. വീട്ടിലെത്തിയ അട്ടേഴ്സൺ ആദ്യം ലാന്യന്റെ കത്തു വായിക്കുന്നു. ഒരു ലായിനി കുടിച്ച് ഹൈഡ് ജെക്കിലായ കാഴ്ചയാണ് ലാന്യന്റെ അവസ്ഥക്ക് കാരണമായത് എന്ന് മനസ്സിലാക്കുന്നു. ജെക്കിലിന്റെ കത്തിൽ താൻ ഹൈഡായ കഥയാണ്. മനുഷ്യനിലെ തിന്മയെ വേർതിരിക്കാൻ സാധിക്കുന്ന (മരുന്ന്) കണ്ടെത്തുന്ന ജെക്കിൽ ഇതു കുടിച്ചുകൊണ്ട് ഹൈഡായി മാറുന്നു. മരുന്ന് വഴി വീണ്ടും ജെക്കിൽ ആകുന്നു. ഈ ഇരട്ടവ്യക്തിത്വം ആദ്യം ആസ്വദിച്ചെങ്കിലും പിന്നീട് ജെക്കിൽ ആയി മാറാൻ മരുന്ന് കൂടുതൽ ഉപയോഗിക്കേണ്ട സ്ഥിതിയായി. പിന്നെ മരുന്ന് കുടിക്കാതെ തന്നെ ഹൈഡായി മാറാൻ തുടങ്ങി. മരുന്നിനാവശ്യമായ ചേരുവകളിലൊന്നിൽ കലർപ്പുണ്ടായിരുന്നു. അത് തീർന്നു പോയ ശേഷം പുതിയത് ഉപയോഗിച്ച് മരുന്ന് ഉണ്ടാക്കാൻ ജെക്കിലിനു കഴിയാതെയായി. ഇനി ഹൈഡ് ആയാൽ പിന്നെ ജെക്കിലാകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ജെക്കിൽ ജീവനൊടുക്കുന്നു. ‘സന്തോഷമെന്തെന്നറിയാത്ത ഹെൻറി ജെക്കിലിന്റെ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു’ എന്ന വാക്കുകളോടെ കഥ തീരുന്നു.

പ്രമേയങ്ങൾ[തിരുത്തുക]

മനുഷ്യ സ്വഭാവ ദ്വിത്വം[തിരുത്തുക]

      ജെക്കിലിന്റെ അഭിപ്രായത്തിൽ മനുഷ്യൻ രണ്ടാണ്[2]. മരുന്നിന്റെ സഹായത്തോടെ തന്റെ തിന്മയുടെ രൂപം പുറത്തു കൊണ്ടുവരുന്ന ജെക്കിൽ പിന്നീട് സ്വന്തം ശരീരത്തിന്റെ ആധിപത്യത്തിനായി ഹൈഡെന്ന തിന്മയുടെ രൂപവുമായി ഏറ്റുമുട്ടുകയാണ്. അക്രമവും ക്രൂരതയും ആസ്വദിക്കുന്ന ഹൈഡ് സാവധാനം ജെക്കിലിനെ കീഴ്പെടുത്തുന്നു. ഹൈഡായി മാറാനുള്ള പ്രലോഭനം പലപ്പോഴും ജെക്കിലിനെ കീഴ്പെടുത്തുന്നു. ക്രമേണ ഹൈഡിൽ നിന്നും തിരിച്ചു വരുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറുന്നു. തിന്മ ആവർത്തിക്കുന്തോറും ശക്തമായി വരുന്ന തിന്മയുടെ രൂപമായാണ് ഹൈഡിനെ കാണിക്കുന്നത്. തിന്മയെ വേർതിരിക്കുന്നതിനു പകരം നന്മയെ വേർതിരിക്കാനായിരുന്നു ശ്രമിച്ചിരുന്നതെങ്കിൽ എത്ര വ്യത്യസ്തമാകുമായിരുന്നു എന്ന് ജെക്കിൽ ചിന്ദിക്കുന്നുണ്ട്.

ഇരട്ടമുഖം[തിരുത്തുക]

      സമൂഹത്തിന്റെ മുൻപിൽ മാന്യനായി കാണപ്പെടുകയും മറവിൽ ക്രൂരകൃത്യങ്ങൾ ചെയ്യുകയും ചെയ്യുന്ന ഒരു മനുഷ്യമുഖവുമായി ജെക്കിലിനെയും ഹൈഡിനെയും പ്രതിനിധീകരിക്കാറുണ്ട്. ജെക്കിൽ ക്രൂരനല്ലെങ്കിലും ഹൈഡിന്റെ പ്രവൃത്തികൾക്ക് കാരണക്കാരനാണ്. ഹൈഡായി മാറാനുള്ള കഴിവ് കുറച്ചൊക്കെ ജെക്കിൽ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിൽ ആദരണീയനായതിനാൽ ജെക്കിൽ തന്നെയാണ് ഹൈഡ് എന്ന സത്യം ജെക്കിൽ വെളിപ്പെടുത്തും വരെ ആരും മനസ്സിലാക്കുന്നില്ല.
      വളരെ പെട്ടെന്ന് നല്ലതും മോശവുമായി സ്വഭാവം മാറുന്ന ആളുകളെ ഉദ്ദേശിച്ച് 'ജെക്കിലും ഹൈഡും' എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്.[3]

അവലംബങ്ങൾ[തിരുത്തുക]

 1. "Derivative Works - Robert Louis Stevenson". Robert Louis Stevenson. 
 2. "Jekyll and Hyde Themes; sparknotes.com". 
 3. "Jekyll and Hyde definition | Dictionary.com". Dictionary.reference.com. ശേഖരിച്ചത് 28 May 2009.