ഡോക്ടർ എസ്.എം.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എസ്. എം. എസിലൂടെ ഒരു പ്രദേശത്തെ ആശുപത്രികളെ കുറിച്ചും അവിടങ്ങളിൽ ലഭ്യമായ സൗകര്യങ്ങളെ കുറിച്ചും അടിയന്തരഘട്ടത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഇ- ഗവേർണൻസ് സംവിധാനത്തിന്റെ പേരാണ് ഡോക്ടർ എസ്. എം. എസ് (Dr SMS). കേരള സ്റ്റേറ്റ് യൂണിറ്റ് ഓഫ് ഇൻഫർമാറ്റിക്സ്, സംസ്ഥാന ഐ. റ്റി. മിഷൻ, കേരളസംസ്ഥാന ആരോഗ്യവകുപ്പ് എന്നിവ സഹകരിച്ചാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. 2008 മെയ് 8 ന് ആണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.[1] പ്രവർത്തനസജ്ജമായ സംവിധാനം 2008 നവംബർ 7 ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്തൻ ഉദ്ഘാടനം ചെയ്തു.[2] ഈ സംരംഭം 2008-09 വർഷത്തെ ദേശീയ ഇ- ഗവേർണൻസ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.[3]

പ്രവർത്തനം[തിരുത്തുക]

പിൻകോഡ് ഉപയോഗിച്ചാണ് ഓരോ പ്രദേശത്തെയും ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. പിൻകോഡിനോടൊപ്പം പ്രതീക്ഷിക്കുന്ന സൗകര്യങ്ങളും ചേർത്ത് 9446-460600 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയയ്ക്കുകയാണ് വേണ്ടത്.[4]

രോഗവിവരങ്ങൾക്കനുസൃതമായ ഏതെങ്കിലും പ്രത്യേക സൗകര്യങ്ങൾ ലഭ്യമായ, പ്രദേശത്തെ ആശുപത്രികൾ ഏതൊക്കെയെന്ന് അറിയുന്നതിന് ഹെൽത് (സ്പെയ്സ്) പിൻകോഡ് (സ്പെയ്സ്) പ്രതീക്ഷിക്കുന്ന സൗകര്യം [Health_Pincode_Facility] എന്ന രീതിയിലാണ് എസ്.എം.എസ്. അയക്കേണ്ടത്. ഏതാണ്ട് 30 സെക്കന്റിനകം മറുപടി ലഭിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. രോഗിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പേരും ഫോൺ നമ്പറുകളും അടക്കമുള്ള മറുപടിയാണ് ലഭിക്കുക.

പ്രത്യേക ആശുപത്രിയെ കുറിച്ചുള്ള വിവരങ്ങളാണ് വേണ്ടതെങ്കിൽ ഹെൽത് (സ്പെയ്സ്) ആശുപത്രിയുടെ പേര് [Health_Hospital] എന്ന രീതി ഉപയോഗിയ്ക്കുക. അവിടത്തെ ഫോൺ നമ്പറും ചികിത്സാവിവരങ്ങളും എസ്. എം. എസിലൂടെ ലഭിയ്ക്കും. ഏതെങ്കിലും പ്രത്യേക വിഭാഗം ഉണ്ടോയെന്നാണ് അറിയേണ്ടതെങ്കിൽ ഹെൽത് (സ്പെയ്സ്) ആശുപത്രിയുടെ പേര് (സ്പെയ്സ്) പ്രതീക്ഷിക്കുന്ന സൗകര്യം [Health_Hospital_Facility] എന്ന രീതി ഉപയോഗിയ്ക്കുക. ഫോൺ നമ്പറും പ്രത്യേക വിഭാഗം ഉണ്ടോയെന്നുള്ള വിവരവും ലഭിയ്ക്കും.

ഈ സംവിധാനം ആശുപത്രികളെ കൂടാതെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, രക്തബാങ്കുകൾ, പരിശോധനാകേന്ദ്രങ്ങൾ, ശസ്ത്രക്രിയാസൗകര്യങ്ങൾ, വെന്റിലേറ്ററുകൾ എന്നീ സൗകര്യങ്ങളെ കുറിച്ചും വിവരങ്ങൾ തരുന്നു.[5]

വ്യാപ്തി[തിരുത്തുക]

നിലവിൽ കോഴിക്കോട് ജില്ലയിൽ മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ 69 ആശുപത്രികളെ കുറിച്ചുള്ള വിശദവിവരങ്ങളാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഇത്. സംസ്ഥാനം മുഴുവൻ ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ‍, തൃശൂർ‍, എറണാകുളം ജില്ലകളിൽ ഉടനെ ആരംഭിക്കാൻ പദ്ധതിയുണ്ട്. അതിനുള്ള ഡാറ്റാ എൻട്രി പ്രവർത്തനം നടന്നുവരുന്നു.[6]

ഡോക്ടർ എസ്.എം.എസിന്റെ രണ്ടും മൂന്നും ഘട്ടങ്ങളായ ഇ-മെയിൽ, ഹെൽത് പോർട്ടൽ എന്നിവ വികസിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു. ഇതിൽ ഡോക്ടർമാരുടെ പേര്, പ്രധാനപ്പെട്ട ആശുപത്രികളുടെ പേര് എന്നിവ ഒരുക്കും.

അവലംബം[തിരുത്തുക]

  1. ഡോക്ടർ എസ്.എം.എസ് : ഔദ്യോഗിക ജാലിക
  2. വെബ് ഇന്ത്യ 123.കോം[പ്രവർത്തിക്കാത്ത കണ്ണി]
  3. ഡി എൻ എ ഇന്ത്യ. കോം
  4. ഡോക്ടർ എസ്.എം.എസ് : ഔദ്യോഗിക ജാലിക
  5. ഡി എൻ എ ഇന്ത്യ. കോം
  6. ആരോഗ്യപത്മം, പുറം 71, ജനുവരി 2009 ലക്കം.
"https://ml.wikipedia.org/w/index.php?title=ഡോക്ടർ_എസ്.എം.എസ്.&oldid=3920174" എന്ന താളിൽനിന്ന് ശേഖരിച്ചത്