ഡൈറോഫൈലേറിയാസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൈറോഫൈലേറിയാസിസ്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

പ്രധാനമായും നായകളെ ബാധിക്കുന്ന ഒരു രോഗമാണ് ഡൈറോഫൈലേറിയാസിസ്. ഡൈറോ ഫൈലേറിയ ഇമ്മൈറ്റിസ് വിരകളാണ് രോഗ ഹേതു. അപൂർവമായി പൂച്ചകളേയും ഈ രോഗം ബാധിക്കാറുണ്ട്.

രോഗബാധയുണ്ടാകുന്ന രീതി[തിരുത്തുക]

പെൺവിരകൾ ഏകദേശം 27 സെന്റിമീറ്ററും ആൺവിരകൾ 17 സെന്റിമീറ്ററും നീളമുള്ളവയായിരിക്കും. പൂർണവളർച്ചയെത്തിയ വിരകൾ പ്രധാനമായും ജന്തുക്കളുടെ ഹൃദയത്തിന്റെ വലത്തേ അറയിലും ശ്വാസകോശത്തിലേക്കുള്ള രക്തധമനിയിലുമാണ് കാണപ്പെടുന്നത്. ഇവിടെനിന്ന് രക്തപരിസഞ്ചരണം വഴി മൈക്രോഫൈലേറിയകൾ രക്തത്തിലൂടെ ഒഴുകുന്നു. കൊതുകുകൾ ഈ രക്തം കുടിക്കുമ്പോൾ മൈക്രോഫൈലേറിയകൾ കൊതുകുകളിലേക്കു പ്രവേശിക്കുന്നു. ഇവ കൊതുകുകളുടെ ശരീരത്തിൽവച്ച് രോഗം ഉണ്ടാക്കാൻ ശേഷിയുള്ള ലാർവകളായി പരിണമിക്കുന്നു. കൊതുകുകൾ വീണ്ടും രക്തം കുടിക്കുമ്പോൾ ഈ ലാർവ നായകളുടെ തൊലിയ്ക്കടിയിൽ നിക്ഷേപിക്കപ്പെടുന്നു. തൊലിയ്ക്കടിയിൽ വച്ച് ഇവ വളരുകയും 2-4 മാസം കൊണ്ട് ഇവ ജന്തുവിന്റെ ഹൃദയത്തിന്റെ വലത്തേ അറകളിലെത്തിച്ചേരുകയും ചെയ്യുന്നു. അടുത്ത 2-3 മാസം കൊണ്ട് ഇവ പൂർണവളർച്ച പ്രാപിക്കുന്നു. അതായത് രോഗം പരത്താൻ ശേഷിയുള്ള കൊതുകിന്റെ കടിയേറ്റ് ഏകദേശം 6-7 മാസം കഴിയുമ്പോൾ മാത്രമേ നായയുടെ രക്തത്തിൽ മൈക്രോഫൈലേറിയകളെ കാണാൻ സാധിക്കുകയുള്ളൂ.

രോഗലക്ഷണങ്ങൾ[തിരുത്തുക]

രോഗംബാധിച്ച നായകളുടെ ശരീരം മെലിയുകയും വ്യായാമം ചെയ്യുമ്പോൾ പെട്ടെന്ന് തളർന്നു പോവുകയും ചെയ്യുന്നു. പനിയും ചുമയും ശ്വാസംമുട്ടലും ഉദരവീക്കവുമാണ് നായകളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ.

ചികിത്സ[തിരുത്തുക]

രോഗലക്ഷണങ്ങളിൽ നിന്നുതന്നെ രോഗനിർണയം നടത്താനാകുമെങ്കിലും രക്ത പരിശോധനയിൽ മൈക്രോഫൈലേറിയകളെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണ് ഏറെ ഫലപ്രദം.

പൂർണവളർച്ചയെത്തിയ വിരകളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ രക്തത്തിൽ കാണപ്പെടുന്ന മൈക്രോഫൈലേറിയകളെയും നശിപ്പിക്കേണ്ടതുണ്ട്. തൈയാസെറ്റാർസ്മൈഡ് എന്ന ഔഷധമാണ് വിരകളെ നശിപ്പിക്കാനായി സാധാരണ ഉപയോഗപ്പെടുത്തുന്നത്. ഈ ഔഷധം നൽകിയശേഷം 4-6 ആഴ്ച ക്കാലത്തേക്ക് അധികം വ്യായാമം ചെയ്യാൻ ജന്തുവിനെ അനുവദിക്കരുത്. മൈക്രോഫൈലേറിയയ്ക്കെതിരേ ഡൈതൈയാസനിൻ അയഡൈഡ് എന്ന ഔഷധമാണ് സാധാരണ ഉപയോഗിച്ചു വരുന്നത്. ഐവർമെക്ടിൻ, മിൽബെമൈസിൻ, ലെവാമിസോൾ എന്നിവയും ഔഷധമായി നല്കാറുണ്ട്.

രോഗപ്രതിരോധം[തിരുത്തുക]

രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ നായകൾക്ക് രോഗം ബാധിക്കാതിരിക്കാനായി പ്രതിരോധ ഔഷധങ്ങൾ നൽകേണ്ടതാണ്. ഡൈഈതൈൽ കാർബമൈസിൻ, ഐവർമെക്ടിൻ, മിൽബെമൈസിൻ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന പ്രതിരോധ ഔഷധങ്ങൾ. രക്തത്തിൽ മൈക്രോഫൈലേറിയകൾ കാണപ്പെടുന്നില്ല എന്ന് രക്തപരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ പ്രതിരോധ ഔഷധങ്ങൾ നല്കാവൂ.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൈറോഫൈലേറിയാസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡൈറോഫൈലേറിയാസിസ്&oldid=2845003" എന്ന താളിൽനിന്ന് ശേഖരിച്ചത്