ഡേഞ്ചറസ് ഡ്രഗ്സ് ആക്റ്റ് (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അപകടകരമായ ഔഷധങ്ങൾ, മയക്കുമരുന്നുകൾ എന്നിവയുടെ ഉത്പാദനവും വിപണനവും തടയുന്നതിനുവേണ്ടിയുള്ള നിയമം. ഇപ്പോൾ ഈ നിയമം അറിയപ്പെടുന്നത് 'ദ് നാർക്കോട്ടിക്ക് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്റ്റ്-1985' എന്ന പേരിലാണ്[1]. മയക്കുമരുന്നുകളുടേയും വിനാശകരമായ ഔഷധങ്ങളുടേയും ലോകവ്യാപകമായ കള്ളക്കടത്ത് തടയുന്നതിനുവേണ്ടി ലീഗ് ഓഫ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ 1923-ൽ നടന്ന ജനീവ കൺവെൻഷനാണ് ഈ നിയമത്തിന്റെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. 1930-ൽ ബ്രിട്ടിഷ് ഗവൺമെന്റ് ഇന്ത്യയിൽ ഈ നിയമം നടപ്പിലാക്കി. കറുപ്പ്, കൊക്കെയ്ൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ അനധികൃതമായ ഉത്പാദനവും ഉപയോഗവും തടയുന്നതിനുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. മയക്കുമരുന്നുകൾ കൈവശം വയ്ക്കുക, കള്ളക്കടത്ത് നടത്തുക, വില്പന നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാനുള്ള കർക്കശമായ വ്യവസ്ഥകൾ ഈ നിയമത്തിൽ നിർവചിച്ചിട്ടുണ്ട്.

ഡേഞ്ചറസ് ഡ്രഗ്സ് ആക്റ്റനുസരിച്ച് ചരസ്സ് അഥവാ ഹാഷീഷ്, ഹിറോയിൻ, ബ്രൗൺഷുഗർ, കൊക്കെയ്ൻ എന്നിവ ഉത്പാദിപ്പി ക്കുന്ന ചെടികൾ കൃഷി ചെയ്യുന്നതിന് കേന്ദ്രഗവൺമെന്റിന്റെ അനുമതി ആവശ്യമാണ്. ഈ ചെടികൾ അനധികൃതമായി കൃഷി ചെയ്യുന്നതും കയറ്റിറക്കുമതി ചെയ്യുന്നതും നിയമവിരുദ്ധമാണ്.

മയക്കുമരുന്നുകളുടെ കള്ളക്കടത്തും ദുരുപയോഗവും ആഗോളതലത്തിൽ വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. സർക്കാർ നിയമങ്ങളേയും പൊലീസ് സംവിധാനത്തേയും വെല്ലുവിളിക്കാൻ പോന്നത്ര ശക്തമാണ് മയക്കുമരുന്നു കള്ളക്കടത്തിന്റെ ആഗോള ശൃംഖല. ഏതെങ്കിലുമൊരു രാജ്യത്തിനു മാത്രമായി ഇതു നിയന്ത്രിക്കുക അസാധ്യമാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ മയക്കുമരുന്നു വിരുദ്ധ നിയമങ്ങൾ പരിഷ്കരിക്കുകയുണ്ടായി. ഇന്ത്യാഗവൺമെന്റ് മൂലനിയമമായ ഡേഞ്ചറസ് ഡ്രഗ്സ് ആക്റ്റ് കാലോചിതമായി പരിഷ്കരിക്കുകയും 1985-ൽ പുതിയ രണ്ടു നിയമങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. 'ദ നാർ ക്കോട്ടിക്ക് സബ്സ്റ്റൻസ് ആക്റ്റ്', 'സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്റ്റ്' എന്നിവയാണ് ഈ നിയമങ്ങൾ. 'ദ് നാർക്കോട്ടിക്ക് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്റ്റ്-1985' എന്നറിയപ്പെടുന്നത് ഈ നിയമങ്ങളാണ്. മൂലനിയമമനുസരിച്ച് മയക്കുമരുന്നു കള്ളക്കടത്തിലേർപ്പെടുന്നവർക്ക് നല്കാവുന്ന പരമാവധി തടവുശിക്ഷ മൂന്നു വർഷമാണ്. മയക്കുമരുന്നു പിടികൂടാനുള്ള അധികാരം പ്രത്യേക വകുപ്പുകളിലും ഉദ്യോഗസ്ഥന്മാരിലുമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് പലപ്പോഴും കള്ളക്കടത്തുകാർ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനിടയാക്കി. മാത്രമല്ല, മറ്റു രാജ്യങ്ങളുടെ മയക്കുമരുന്നു കള്ളക്കടത്തു വിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും മൂലനിയമം തടസ്സമായിരുന്നു. ഈ ന്യൂനതകൾ പരിഹരിക്കുന്നതിനും മയക്കുമരുന്നു കള്ളക്കടത്തിനെതിരായ നിയമയുദ്ധം കൂടുതൽ കാര്യക്ഷമവും കർക്കശവുമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമത്തിനു രൂപംനല്കിയത്.

ചെടികളിൽ നിന്നുത്പാദിപ്പിക്കുന്നതു കൂടാതെ രാസവസ്തു ക്കളിൽ നിന്നുണ്ടാക്കുന്ന മയക്കുമരുന്നുകൾ അടുത്തകാലത്ത് വ്യാപകമായിട്ടുണ്ട്. 'സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ്'എന്നാണ് ഇത്തരം മരുന്നുകൾ അറിയപ്പെടുന്നത്. പരിഷ്കരിച്ച നിയമമനുസരിച്ച് മയക്കുമരുന്നു കള്ളക്കടത്ത് തടയുന്നതിന് കൂടുതൽ സ്ഥാപനങ്ങൾക്ക് അധികാരം നല്കിയിട്ടുണ്ട്. നാർക്കോട്ടിക്ക് വിഭാഗത്തെ കൂടാതെ, പോലീസ്, എക്സൈസ്, കസ്റ്റംസ് എന്നീ വിഭാഗങ്ങൾക്ക് മയക്കുമരുന്നുകൾ പിടികൂടാനും കണ്ടുകെട്ടാനും അധികാരമുണ്ട്. പുതിയനിയമമനുസരിച്ച് കറുപ്പു ചെടി കൃഷി ചെയ്യുന്നതും കടത്തുന്നതും 10 മുതൽ 20 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുറ്റം ആവർത്തിച്ചാൽ 15 മുതൽ 30 വർഷം വരെ കഠിന തടവിനു വിധിക്കാനും ഈ നിയമം അനുശാസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-28.