ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെമോക്രാറ്റിക് പാർട്ടി
ചെയർപേഴ്സൺതോമസ് പാരെസ് (MD)
സെനറ്റ് ലീഡർചാൾസ് ഷൂമ (ബാലം നേതാവ്) (NY)
ഡിക്ക് ഡെർബിൻ (അസിസ്റ്റന്റ് ബാലം നേതാവ്) (IL)
ഹൗസ് ലീഡർനാൻസി പെലോസി (ബാലം നേതാവ്) (CA)
സ്റ്റെനി ഹോയേ (അസിസ്റ്റന്റ് ബാലം നേതാവ്) (MD)
ഗവർണേഴ്സ് അസോസിയേഷൻ ചെയർമാൻസൂസന്ന മാർട്ടിനെസ് (NM)
രൂപീകരിക്കപ്പെട്ടത്1828 (ആധുനികമായ)
1792 (ചരിത്രപരമായ)
മുഖ്യകാര്യാലയം430 South Capital Street SE,
വാഷിങ്ടൺ, ഡി.സി., 20003
വിദ്യാർത്ഥി സംഘടനഅമേരിക്ക കോളേജ് ഡെമോക്രാറ്റുകളും
യുവജന സംഘടനഅമേരിക്ക യംഗ് ഡെമോക്രാറ്റ്
പ്രത്യയശാസ്‌ത്രംസോഷ്യൽ നിയോലിബറലിസം
ആധുനിക നിയോലിബറലിസം
ആന്തരിക കക്ഷികളിലേക്ക്:
 • പ്രോഗ്രസീവ് പ്രസ്ഥാനം
 • സോഷ്യൽ ജനാധിപത്യം
 • രാഷ്ട്രീയ മധ്യത്തിൽ
 • Third Way
രാഷ്ട്രീയ പക്ഷംമധ്യത്തിൽ ലേക്ക് മധ്യത്തിൽ-ഇടത്തെ
അന്താരാഷ്‌ട്ര അഫിലിയേഷൻNone
നിറം(ങ്ങൾ)നീല
സെനറ്റ് അംഗങ്ങൾ
46 / 100
പ്രതിനിധിസഭയിൽ ആലയത്തിലും അംഗങ്ങൾ
194 / 435
ഗവര്നര്സ്
16 / 50
സംസ്ഥാന അപ്പർ വീടുകളിൽ അംഗങ്ങൾ
804 / 1,972
സംസ്ഥാന ലോവർ വീടുകളിൽ അംഗങ്ങൾ
2,339 / 5,411
വെബ്സൈറ്റ്
www.democrats.org

ഡെമോക്രാറ്റിക് പാർട്ടി അമേരിക്കൻ ഐക്യനാടുകളിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളിൽ ഒന്നാണ്. ഇപ്പോഴത്തെ അമേരിക്കൻ കോൺഗ്രസിന്റെ (115-‌ാമത് കോൺഗ്രസ്) സെനറ്റിൽ ഭൂരിപക്ഷ പാർട്ടിയുമാണ് ഡെമോക്രാറ്റിക് പാർട്ടി. എന്നാൽ കോൺഗ്രസിന്റെ ജനപ്രതിനിധി സഭയിലും സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനത്തിലും സംസ്ഥാനങ്ങളിലെ പ്രതിനിധി സഭകളിലും പാർട്ടി ന്യൂനപക്ഷമാണ്.

1830കളിലാണ് “ഡെമോക്രാറ്റിക് പാർട്ടി” എന്ന പേര് പ്രയോഗത്തിൽ വന്നു തുടങ്ങിയതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തോമസ് ജെഫേഴ്സൺ സ്ഥാപിച്ച ഡെമോക്രാറ്റിക്-റിപബ്ലിക്കൻ പാർട്ടിയുടെ പിന്തുടർച്ചയാണ് തങ്ങളെന്ന് ഡെമോക്രാറ്റുകൾ അവകാശപ്പെടുന്നു. 1896-ൽ വില്യം ജെന്നിങ്സ് ബ്രയാൻ നേതൃസ്ഥാനത്തെത്തിയതു മുതൽ സാമ്പത്തിക കാര്യങ്ങളിലും മറ്റും റിപബ്ലിക്കൻ പാർട്ടിയുടേതിനേക്കാൾ ഇടതുപക്ഷ നിലപാടാണ് ഡെമോക്രാറ്റുകൾ സ്വീകരിക്കുന്നത്. ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ നേതൃകാലത്താണ് പാർട്ടി മുറുകെപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദം, തൊഴിൽ‌വർഗ്ഗാഭിമുഖ്യം തുടങ്ങിയ നിലപാടുകൾ സ്വാംശീകരിക്കപ്പെട്ടത്. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ അനുരണനങ്ങളും പാർട്ടി നയങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വിയറ്റ്നാം യുദ്ധകാലം മുതൽ വിദേശ സൈനിക ഇടപെടലുകളുടെ കാര്യത്തിൽ പാർട്ടി രണ്ടു തട്ടിലാണ്. ബിൽ ക്ലിന്റൺ നേതൃത്വത്തിലെത്തിയ 1990കൾ മുതലിങ്ങോട്ട് രാഷ്ട്രീയ തത്ത്വസംഹിതകളിൽ കടും‌പിടുത്തം കാട്ടാത്ത മധ്യവർത്തി നയമാണ് പാർട്ടി പൊതുവേ പിന്തുടരുന്നത്.

സംഘടനാ സംവിധാനം[തിരുത്തുക]

ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ സമിതി (ഡി.എൻ.സി.)യാണ് പാർട്ടിയുടെ പ്രചാരണകാര്യങ്ങൾ നിയന്ത്രിക്കുന്ന പരമോന്നത സമിതി. പാർട്ടിയുടെ ആശയാടിത്തറ രൂപപ്പെടുത്തുന്നതും ഡി.എൻ.സി.യാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുപ്രധാനമായ ഡെമോക്രാറ്റിക് ദേശീയ സമ്മേളനത്തിന്റെ മേൽ‌നോട്ടം, തിരഞ്ഞെടുപ്പിനുള്ള ധനശേഖരണം, പ്രചാരണ തന്ത്രങ്ങൾക്കു രൂപംനൽകൽ എന്നിവയും ദേശീയ സമിതിയുടെ ചുമതലകളാണ്. ഓരോ സംസ്ഥാനത്തെയും പാർട്ടി സമിതിയുടെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും, തിരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറു പ്രതിനിധികളും, പോഷക സംഘടനകളുടെ പ്രതിനിധികളും ചേർന്നാണ് ഡെമോക്രാറ്റിക് ദേശീയ സമിതിക്ക് രൂപം നൽകുന്നത്. അംഗങ്ങൾ ചേർന്ന് നാലുവർഷത്തേക്ക് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നു. പാർട്ടിയുടെ പ്രതിനിധി അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ സാധാരണഗതിയിൽ അദ്ദേഹം നിർദ്ദേശിക്കുന്നയാളെയാണ് അധ്യക്ഷനായി തിരഞ്ഞെടുക്കാറ്.

ദേശീയ സമിതി കൂടാതെ പ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന നിയമനിർമ്മാണ സഭകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മേൽനോട്ടം വഹിക്കാനും വ്യത്യസ്ത സമിതികളുണ്ട്. യുവാക്കൾക്കായി യംഗ് ഡെമോക്രാറ്റ്സ് ഓഫ് അമേരികഡെമോക്രാറ്റ്സ് എന്നിങ്ങനെ രണ്ടു പോഷകസംഘടനകൾ പാർട്ടിക്കുണ്ട്.

ആശയ സംഹിതകളും ശക്തികേന്ദ്രങ്ങളും[തിരുത്തുക]

1890കൾ മുതൽ ഡെമോക്രാറ്റിക് പാർട്ടി ലിബറൽ നിലപാടുകളോടാണ് ആഭിമുഖ്യം പുലർത്തുന്നത്. കർഷകർ, തൊഴിലാളികൾ, തൊഴിലാളി സംഘടനകൾ, മത-വംശീയ ന്യൂനപക്ഷങ്ങൾ എന്നിവരോട് ആഭിമുഖ്യം പുലർത്തുന്ന പാർട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരാണ്. 1930കൾ മുതൽ സാധുജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾക്കുവേണ്ടി പാർട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ തൊഴിൽ സംഘടനകളായിരുന്നു പാർട്ടി നയങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നത്. 1960കളിൽ ശക്തിപ്പെട്ട ആഫ്രിക്കൻ-അമേരിക്കൻ വിഭാഗവും 1970കൾക്കു ശേഷം സജീവമായ പരിസ്ഥിതി വാദികളും പാർട്ടിയുടെ ആശയ സംഹിതകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സർക്കാർ ഇടപെടലുകൾക്കു സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് സമീപ ദശകങ്ങളിൽ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ. അടിയന്തര ഘട്ടങ്ങളിൽ ഉയർന്ന വരുമാനക്കാരിൽ നിന്നും കൂടുതൽ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സർക്കാരിന്റെ ധർമ്മമാണെന്നും പാർട്ടി പൊതുവേ വിശ്വസിക്കുന്നു.

പഴയ കോൺഫെഡറസിയിൽ അംഗങ്ങളായിരുന്ന തെക്കൻ സംസ്ഥാനങ്ങളായിരുന്നു ഒരുകാലത്ത് ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങൾ. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും പിന്നീട് റിപബ്ലിക്കന്മാരുടെ നിയന്ത്രണത്തിലായി. നിലവിൽ വടക്കു കിഴക്ക്, കാലിഫോർണിയ ഉൾപ്പെടുന്ന പസഫിക് തീരം, ഗ്രേറ്റ് ലേക്ക്സ് പ്രദേശങ്ങൾ, മധ്യ-പശ്ചിമ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് പാർട്ടിയുടെ അടിത്തറ ശക്തമായിട്ടുള്ളത്. സമീപകാലത്ത് വിർജീനിയ, അർക്കൻസാസ്, ഫ്ലോറിഡ എന്നീ തെക്കൻ സംസ്ഥാനങ്ങളിലും, കൊളറാഡോ, മൊണ്ടാന എന്നീ സംസ്ഥാനങ്ങളിലും പാർട്ടി നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്ക് നഗരം, ലൊസ് ഏഞ്ചലസ്, ഷിക്കാഗോ, ഫിലാഡെൽഫിയ, ഡിട്രോയിറ്റ്, സാൻ ഫ്രാൻസിസ്കോ, ഡാലസ്, ബോസ്റ്റൺ തുടങ്ങിയ മഹാനഗരങ്ങൾ ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തിദുർഗ്ഗങ്ങളാണെന്നു പറയാം.

അവലംബം[തിരുത്തുക]