Jump to content

ഡിലിജാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിലിജാൻ

Դիլիջան
From top left: Haghartsin Monastery • Lake Parz UWC Dilijan • Sharambeyan street of old Dilijan Downtown Dilijan • Dilijan skyline Panoramic view of Dilijan
From top left:
Haghartsin Monastery • Lake Parz
UWC Dilijan • Sharambeyan street of old Dilijan
Downtown Dilijan • Dilijan skyline
Panoramic view of Dilijan
Official seal of ഡിലിജാൻ
Seal
ഡിലിജാൻ is located in Armenia
ഡിലിജാൻ
ഡിലിജാൻ
Coordinates: 40°44′27″N 44°51′47″E / 40.74083°N 44.86306°E / 40.74083; 44.86306
Country Armenia
ProvinceTavush
ഭരണസമ്പ്രദായം
 • MayorArmen Santrosyan
വിസ്തീർണ്ണം
 • ആകെ13 ച.കി.മീ.(5 ച മൈ)
ഉയരം
1,500 മീ(4,900 അടി)
ജനസംഖ്യ
 • ആകെ17,712
 • ജനസാന്ദ്രത1,400/ച.കി.മീ.(3,500/ച മൈ)
സമയമേഖലUTC+4 (AMT)
വെബ്സൈറ്റ്Official website
ഡിലിജാൻ at GEOnet Names Server

ഡിലിജാൻ (അർമേനിയൻ: Դիլիջան) അർമേനിയയിലെ താവുഷ് പ്രവിശ്യയിലെ ഒരു സ്പാ പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. ഡിലിജാൻ ദേശീയോദ്യാനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം അർമേനിയയിലെ ഏറ്റവും പ്രധാനപ്പെട്ട റിസോർട്ടുകളിൽ ഒന്നാണ്. നിരവധി അർമേനിയൻ കലാകാരന്മാർ, സംഗീതസംവിധായകർ, ചലച്ചിത്ര നിർമ്മാതാക്കൾ എന്നിവരുടെ കേന്ദ്രമാണ് ഈ വനപ്രദേശം ചില പരമ്പരാഗത അർമേനിയൻ വാസ്തുവിദ്യയുടെ സവിശേഷതകൾ നിലനിൽക്കുന്ന പ്രദേശമാണ്. നാട്ടുകാർ പലപ്പോഴും ഈ പ്രദേശത്തെ അർമേനിയൻ സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ ലിറ്റിൽ സ്വിറ്റ്സർലൻഡ് എന്നു വിളിക്കുന്നു.

നഗരമധ്യത്തിലെ ഷരംബെയാൻ തെരുവ്, കരകൗശല വിദഗ്ധരുടെ വർക്ക്ഷോപ്പുകൾ, ഒരു ഗാലറി, ഒരു മ്യൂസിയം എന്നിവയാൽ നിറഞ്ഞതും ഡിലിജാൻ പഴയ പട്ടണത്തിന്റെ ഹൃദയഭാഗമായി സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നതാണ്. കാൽനടയാത്ര, മൗണ്ടൻ ബൈക്കിംഗ്, പിക്നിക്കിംഗ് എന്നിവ ഈ മേഖലയിലെ പ്രശസ്തമായ വിനോദ പ്രവർത്തനങ്ങളാണ്. 2011 ലെ സെൻസസ് പ്രകാരം, ഡിലിജൻ പട്ടണത്തിലെ ജനസംഖ്യ 17,712 ആയിരുന്നു. നിലവിൽ അർമേനിയയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗര വാസസ്ഥലമാണ് ഡിലിജൻ.[2]

ചരിത്രം

[തിരുത്തുക]

ആദ്യ, മധ്യകാല ചരിത്രങ്ങൾ

[തിരുത്തുക]

ചരിത്രപരമായി, ഹോവ്ക് എന്നറിയപ്പെട്ടിരുന്ന ആധുനിക ഡിലിജാൻ പ്രദേശം ചരിത്രപ്രസിദ്ധമായ ഗ്രേറ്റർ അർമേനിയയുടെ 15-ആമത്തെ പ്രവിശ്യയായിരുന്ന അയ്രാറാത്തിലെ വരാഷ്നുനിക് കന്റോണിന്റെ ഭാഗമായിരുന്നു.

1870-കളിൽ ഇവിടെ നടത്തിയ ഖനനത്തിൽ, വെങ്കലയുഗത്തിന്റെ അവസാനത്തിലേയും ആദ്യകാല ഇരുമ്പ് യുഗത്തിലേയും (ബിസി 2000 അവസാനത്തിനും 1000 ന്റെ തുടക്കത്തിനും ഇടയിൽ) വിലപ്പെട്ട നിരവധി വസ്തുക്കൾ കണ്ടെത്തി. കുഴിച്ചെടുത്ത ശേഖരങ്ങളിൽ ചിലത് മോസ്കോ, സെന്റ് പീറ്റേഴ്‌സ്ബർഗ്, ടിബിലിസി, ബാക്കു, യെരേവൻ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലേക്ക് മാറ്റുകയും ബാക്കി ഡിലിജാൻ ജിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തു.

മധ്യകാലഘട്ടത്തിൽ, ഡിലിജാൻ ഭൂഭാഗം ഹോവ്ക് എന്നറിയപ്പെട്ടിരുന്നു. അർസാസിഡ് രാജാക്കന്മാർക്ക് തങ്ങളുടെ  വേട്ടയാടൽ സാമർത്ഥ്യം പ്രകടിപ്പിക്കാനുള്ള ഒരു പ്രിയപ്പെട്ട വനവും വേനൽക്കാല റിസോർട്ടുമായിരുന്നു അക്കാലത്ത് ഹോവ്ക്. ആധുനിക ഡിലിജാൻ പ്രദേശത്തിനടുത്ത് 13 ആം നൂറ്റാണ്ടിൽ ബുജൂർ ദിലി എന്ന വാസസ്ഥലം സ്ഥാപിക്കപ്പെട്ടു. 10-ഉം 13-ഉം നൂറ്റാണ്ടുകൾക്കിടയിൽ ഹഗാർട്സിൻ, ഗോഷവാങ്ക് ആശ്രമങ്ങൾ നിർമ്മിക്കപ്പെട്ടു. ആശ്രമ സമുച്ചയങ്ങൾ അതിവേഗം വികസിക്കുകയും സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. മധ്യകാലഘട്ടത്തിൽ വികസിച്ച അർമേനിയൻ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഹഗാർട്സിൻ. ജുക്താക് വാങ്ക് മൊണാസ്ട്രി, മാറ്റോസാവാങ്ക് മൊണാസ്ട്രി എന്നിവ പോലെയുള്ള മധ്യകാലഘട്ടത്തിലെ മറ്റ് പല പ്രധാനപ്പെട്ട മതപരവും വിദ്യാഭ്യാസപരവുമായ കേന്ദ്രങ്ങൾ ഡിലിജാനിൽ നിലനിൽക്കുന്നു.

ആധുനിക ചരിത്രം

[തിരുത്തുക]

1501-02-ൽ, ആധുനിക തവുഷിന്റെ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള മിക്ക കിഴക്കൻ അർമേനിയൻ പ്രദേശങ്ങളും ഷാ ഇസ്മായിൽ ഒന്നാമന്റെ നേതൃത്വത്തിൽ ഇറാനിൽ ഉയർന്നുവന്ന സഫാവിദ് രാജവംശം അതിവേഗം കീഴടക്കി.[3] 1666-ൽ ഫ്രഞ്ച് സഞ്ചാരിയായ ജീൻ ചാർഡിന്റെ കുറിപ്പുകളിൽ ഡിലിജൻ എന്ന പേര് ആദ്യമായി പരാമർശിക്കപ്പെട്ടു.

അയൽരാജ്യമായ ജോർജിയയ്‌ക്കൊപ്പം ആധുനിക ലോറിയുടെയും തവുഷിന്റെയും പ്രദേശങ്ങൾ 1800-01-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1804-13 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തെത്തുടർന്ന് 1813 ഒക്ടോബറിൽ റഷ്യൻ സാമ്രാജ്യവും ഖജർ പേർഷ്യയും തമ്മിൽ ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടിയനുസരിച്ച് ഈ പ്രദേശങ്ങൾ റഷ്യയുടെ ഔദ്യോഗിക മേഖലയായി മാറി.[4] 1801-ൽ നഗരം റഷ്യൻ ഭരണത്തിൻ കീഴിലായതുമുതൽ, ഡിലിജാനിലെ ജനസംഖ്യ പടിപടിയായി ഉയർന്നു. 1868-ൽ ഡിലിജാനിൽ ആദ്യത്തെ പൊതുവിദ്യാഭ്യാസ വിദ്യാലയം ആരംഭിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലും സാംസ്കാരിക വികസനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഇവിടെ പ്രത്യക്ഷപ്പെട്ടു. 1890 കളിൽ നിരവധി നാടക സംഘങ്ങൾ സംഘടിപ്പിക്കപ്പെടുകയും പട്ടണത്തിലെ ആദ്യത്തെ ലൈബ്രറി 1908 ൽ തുറക്കുകയും ചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, ഡിലിജാൻ ഒരു അറിയപ്പെടുന്ന പർവത റിസോർട്ടായി മാറിയതോടെ പട്ടണം ക്രമേണ വളരാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, നിരവധി വിനോദ കേന്ദ്രങ്ങൾ തുറന്ന നഗരത്തിൽ 1900 ൽ റോട്ടോണ്ട എന്നറിയപ്പെടുന്ന പ്രശസ്തമായ ഓപ്പൺ എയർ തിയേറ്റർ നിർമ്മിക്കപ്പെട്ടു. പ്രദേശവാസികൾക്കും സന്ദർശകരായ റഷ്യൻ ബുദ്ധിജീവികൾക്കും ഈ തിയേറ്റർ ഒരു പ്രിയപ്പെട്ട സ്ഥലമായി മാറി.

അക്കാലത്ത്, സവിശേഷമായ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിൽ ഇവിടെ നിരവധി ആധുനിക ഭവനങ്ങൾ നിർമ്മിക്കപ്പെട്ടു. ടിഫ്ലിസിൽ നിന്നും ട്രാൻസ്കാക്കേഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ധനാഢ്യരായ അർമേനിയക്കാർ ഡിലിജാനിൽ തങ്ങളുടെ സ്വന്തം വില്ലകൾ നിർമ്മിക്കാൻ ആരംഭിച്ചു. ത്രികോണ മുഖപ്പോടുകൂടിയ ഓടുപാകിയ  മേൽക്കൂര, വീതിയുള്ള, അലംകൃതമായ ഓറിയൽ ജനാലകൾ, കുമ്മായം തേച്ച ചുവരുകൾ എന്നിവയടങ്ങിയതാണ് ഡിലിജാനിലെ വാസ്തുവിദ്യയുടെ സവിശേഷത. അഖ്സ്‌റ്റേവ് നദീതടത്തിലെ എല്ലാ ഗ്രാമങ്ങളിലും ഈ നിർമ്മാണ ശൈലി അതിവേഗം വ്യാപിച്ചു.

20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ലോഹപ്പണികൾ, പരവതാനി നെയ്ത്ത്, ലളിക കലകൾ, മരക്കൊത്തുപണികൾ, മറ്റ് തരത്തിലുള്ള നാടൻ കരകൗശലങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരമ്പരാഗത കരകൗശലവിദ്യകൾ ഡിലിജാനിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

1918 മെയ് മാസത്തിലെ കരാകിലിസ യുദ്ധത്തിൽ, സൈന്യത്തെ സംഘടിപ്പിക്കുന്നതിൽ  പ്രധാന പങ്ക് വഹിച്ച ഗാരെജിൻ നഷ്‌ഡെ, നിക്കോളായ് ഗോർഗാന്യാൻ എന്നിവരുടെ പന്തുണയോടെ ജനറൽ ടോവ്മാസ് നാസർബെകിയൻ നയിച്ച അർമേനിയൻ സൈനിക ഗ്രൂപ്പുകളുടെ ഒരു പ്രധാന താവളമായിരുന്നു ഡിലിജാൻ.[5] 1918-20-ൽ അർമേനിയയുടെ ഹ്രസ്വമായ സ്വാതന്ത്ര്യത്തെത്തുടർന്ന്, ഡിലിജാൻ പുതുതായി സ്ഥാപിതമായ അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായി. 1930-ൽ, പുതുതായി രൂപീകരിച്ച ഇജെവൻ റയോണിന്റെ ഭാഗമായിരുന്ന ഇത് 1958-ൽ ദിലിജൻ റിപ്പബ്ലിക്കൻ കീഴിലുള്ള പട്ടണമായി മാറി. 1991-ൽ അർമേനിയയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, 1995-ലെ ഭരണപരിഷ്കാരങ്ങൾ പ്രകാരം ഡിലിജൻ പുതുതായി രൂപീകരിക്കപ്പെട്ട താവുഷ് പ്രവിശ്യയുടെ ഭാഗമായി.

അവലംബം

[തിരുത്തുക]
  1. Statistical Committee of Armenia. "The results of the 2011 Population Census of the Republic of Armenia" (PDF).
  2. "Dilijan central school is open". Archived from the original on 2016-07-16. Retrieved 2021-11-11.
  3. Steven R. Ward. Immortal, Updated Edition: A Military History of Iran and Its Armed Forces pp 43. Georgetown University Press, 8 January 2014 ISBN 1626160325
  4. (in Russian)Акты собранные Кавказской Археографической Коммиссиею. Том 1. Тифлис, 1866. С. 436-437. Грузия разделяется на 5 уездов, из коих 3 в Карталинии: Горийский, Лорийский и Душетский, и 2 в Кахетии: Телавский и Сигнахский.
  5. Hovhanissian, Richard G. (1997) The Armenian People from Ancient to Modern Times. New York. St. Martin's Press, 299
"https://ml.wikipedia.org/w/index.php?title=ഡിലിജാൻ&oldid=3797488" എന്ന താളിൽനിന്ന് ശേഖരിച്ചത്