ഡിയഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമൻ കൃഷി ദേവതയാണ് ഡിയഡിയ. വിതയ്ക്കും കൊയ്ത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഡിയഡിയയുടെ ശക്തി പ്രകടമാകുന്നത്. വിത്ത് മുളപൊട്ടി ചെടി പൂർണവളർച്ചയെത്തുന്നതു വരെ ഡിയഡിയ പ്രഭാവം ചെലുത്തുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. മേയ് മാസത്തിലാണ് ഡിയഡിയയെ ആരാധിക്കുവാനുള്ള ചടങ്ങുകൾ നടത്തുന്നത്. മധ്യ ഇറ്റലിയിൽ വിളവെടുപ്പ് ആരംഭിക്കുന്നതിനും ഏകദേശം ഒരു മാസം മുമ്പാണ് ഈ ആരാധനാപരിപാടി. ആഘോഷം നടത്തുന്ന കൃത്യമായ ദിവസം എന്നായിരിക്കുമെന്ന് ജനുവരിയിൽ മാത്രമേ അറിയിക്കുകയുള്ളൂ. വിത്തു വിതയ്ക്കൽ കഴിഞ്ഞതിനുശേഷമാണ് ആഘോഷം. പോയ വർഷത്തെ ധാന്യങ്ങളും പുതിയ ധാന്യങ്ങളും ആഘോഷത്തിനുപയോഗിക്കുന്നു.

അർവൽ സഹോദരന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പന്ത്രണ്ട് വ്യക്തികൾ ഡിയഡിയയുടെ ആരാധന നടത്തിയിരുന്നു എന്നാണ് ഐതിഹ്യം. റോമിനു പുറത്ത് ഒരു തോട്ടത്തിൽ ഡിയഡിയയ്ക്ക് ഒരു ആരാധനാലയമുണ്ടായിരുന്നു. അഗസ്റ്റസ് ചക്രവർത്തി ഡിയഡിയ ആരാധനയിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തി. പ്രശസ്ത കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് വ്യക്തികളെ പുരോഹിതരായി നിയമിച്ചു. ചക്രവർത്തിയും പുരോഹിതസമിതിയിലെ ഒരു അംഗമായിരുന്നു. തന്റെ വ്യക്തിത്വത്തിനും നയങ്ങൾക്കും പുരാതന മതവിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനുള്ള ഒരു മാർഗ്ഗമായിട്ടാണ് അഗസ്റ്റ്സ് ഈ ആരാധാനാസമിതിയെ ഉപയോഗിച്ചത്. ചക്രവർത്തിയുടേയും കുടുംബത്തിന്റേയും ക്ഷേമത്തിനായി പുരോഹിതന്മാർ വ്യത്യസ്ത ദൈവങ്ങൾക്ക് പ്രത്യേകം പൂജ നടത്തിയിരുന്നു. ഈ പൂജയെ സംബന്ധിച്ചുള്ള വിവരങ്ങൾ വെണ്ണക്കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ഈ ശിലാരേഖകൾ പുരാതന റോമൻ മതാചാരങ്ങളിലേക്ക് വെളിച്ചം വീശുവാൻ സഹായിക്കുന്നു. 304 വരെ ഈ ആരാധാനാസമ്പ്രദായം നില നിന്നിരുന്നതായി കരുതാവുന്ന തെളിവുകളുണ്ട്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിയഡിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിയഡിയ&oldid=2283056" എന്ന താളിൽനിന്ന് ശേഖരിച്ചത്