ഡിപ്ലൊമൊണാഡിഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡിപ്ലൊമൊണാഡിഡ
Giardia lamblia.jpg
Giardia lamblia
Scientific classification
Domain:
(unranked):
Phylum:
Order:
Diplomonadida

പ്രോട്ടോസോവ ജന്തുഫൈലത്തിലെ സൂമാസ്റ്റിഗോഫോറ (Zoomastigophora) വർഗത്തിൽപ്പെടുന്ന ഒരു ഗോത്രമാണ് ഡിപ്ലോമൊണാഡിഡ. ഡിപ്ലോമൊണാഡിഡകൾ നിറമില്ലാത്ത വലിപ്പം കുറഞ്ഞ ഫ്ലാജെല്ലിത ജീവികളാണ്. ഇവയിൽ സ്വതന്ത്രജീവികളും പരാദങ്ങളും ഉൾപ്പെടുന്നു. ദ്വിപാർശ്വസമമിത രൂപത്തിലുള്ള ശരീരത്തിന് ദ്വികദർപ്പണ പകുതികളുണ്ട്. ഓരോ പകുതിയിലും ഒരു കോശ കേന്ദ്രവും പൂർണതയിലുള്ള ഗതിക കോശാംഗങ്ങളും (kinetic organelle) ഉണ്ടായിരിക്കും. ജീവിയുടെ ഒരു വശത്ത് നീളത്തിൽ ഏറ്റക്കുറച്ചിലുള്ള നാലു ഫ്ലാജെല്ലങ്ങൾ കാണപ്പെടുന്നു. കോശവിഭജന സമയത്ത് രണ്ടു കോശകേന്ദ്രങ്ങളും ഓരോ കീലമായി (spindle) രൂപപ്പെടുന്നു. അതിനാൽ ഓരോ പുത്രികാകോശവും രണ്ടു കോശകേന്ദ്ര സമ്മിശ്രമായിരിക്കും.

ആവാസസ്ഥലം[തിരുത്തുക]

സ്വതന്ത്രമായി ജീവിക്കുന്ന ഡിപ്ലൊമൊണാഡിഡകളിൽ വച്ച് ഏറ്റവും സാധാരണം ട്രെപോമോണാസ് റോട്ടൻസ് (Trepomonas)[1] എന്നയിനമാണ്. ഇവ അഴുക്കുചാലുകളിലെയും ഓടകളിലെയും ഓക്സിജൻ കുറവായതും മാലിന്യം കലർന്നതുമായ ജലത്തിലാണ് സാധാരണ വളരുന്നത്. സമുദ്രജലത്തിലും ഇവ കാണപ്പെടുന്നുണ്ട്. ഇനഭേദമനുസരിച്ച് രണ്ടോ നാലോ നീളം കൂടിയ പാർശ്വ ഫ്ലാജെല്ലങ്ങളും നീളം കുറഞ്ഞ നാലോ ആറോ ഫ്ലാജെല്ലങ്ങളും ഉണ്ടായിരിക്കും. ജീവി സ്വയം അതിന്റെ അക്ഷത്തിൽ കറങ്ങി, പതുക്കെ ശരീരം ഇളക്കി വെള്ളത്തിൽ നീന്തുന്നു. മറ്റു ജന്തുക്കളിൽ, പ്രത്യേകിച്ച് ഉഭയജീവികളിൽ, പരാദങ്ങളായോ സഹജീവികളായോ ഇവ ജീവിക്കുന്നു. സ്വതന്ത്രമായും പരാദമായും ജീവിക്കുന്ന മറ്റൊരിനമാണ് ഹെക്സാമിറ്റ (Hexamitta).[2] സ്പൈറോന്യുക്ലിയസ് (Spironucleus)[3] ജീനസും പരാദജീവിയാണ്. ഇതിന്റെ സർപ്പിലരൂപത്തിലുള്ള കോശകേന്ദ്രക്രമീകരണമാണ് ഈ പേരിന് ആധാരം. ഗിയാർഡിയ (Giardia)യും[4] അതിന്റെ നിരവധി ഇനങ്ങളും കശേരുകികളിലെ പരാദജീവികളാണ്. ഇവ മനുഷ്യരിൽ ഗിയാർഡിയാസിസ് എന്ന രോഗം ഉണ്ടാക്കുന്നു. കഠിനമായ ഈ വയറിളക്കരോഗത്തിന് ഇന്ന് ഫലപ്രദമായ ചികിത്സയുണ്ട്.

അവലംബം[തിരുത്തുക]

  1. http://eol.org/pages/92843/overview Trepomonas - Overview - Encyclopedia of Life
  2. http://www.fishchannel.com/fish-health/freshwater-conditions/hexamita.aspx Hexamita: Fish Hole in the Head Disease
  3. http://www.cichlid-forum.com/articles/spironucleus.php SpironucleusHole In The Head & Head and Lateral Line Disease
  4. http://www.ncbi.nlm.nih.gov/pubmedhealth/PMH0001333/ Giardia; Traveler's diarrhea - giardiasis

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിപ്ളൊമൊണാഡിഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിപ്ലൊമൊണാഡിഡ&oldid=2283046" എന്ന താളിൽനിന്ന് ശേഖരിച്ചത്